വിവരണം

പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ബിജെപി അംഗത്വം സ്വീകരിച്ച പി.സി.ജോര്‍ജ്ജ് നടത്തിയ ഒരു പരാമര്‍ശം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയായി അനില്‍ ആന്‍റണിയെ പ്രഖ്യാപിച്ച ശേഷം പി.സി.ജോര്‍ജ്ജ് പരസ്യമായി തന്‍റെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അനിലിന് പത്തനംതിട്ടയെ കുറിച്ച് അറിയില്ലായെന്നും സഭയുടെയും എൻഎസ്എസിന്‍റെയും പിന്തുണ തനിക്കായിരുന്നു എന്നും പ്രവര്‍ത്തകര്‍ക്ക് താന്‍ മത്സരിക്കണമെന്നായിരുന്നു ആഗ്രഹമെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞിരുന്നു. അതെ സമയം എൻ‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളപ്പള്ളിയുടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനും ഇടപെട്ടാണ് തന്‍റെ സീറ്റ് നഷ്ടപ്പെടുത്തിയെന്ന ആരോപണവും പി.സി.ജോര്‍ജ്ജ് ഉന്നയിച്ചിരുന്നു. ഇതെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പി.സി.ജോര്‍ജ്ജ് ഭാഷയില്‍ മിതത്വം പാലിക്കണമെന്ന താക്കീതുമായി രംഗത്ത് വന്നിരുന്നു. ഇതിനുള്ള പ്രതികരണമെന്ന നിലയില്‍ പി.സി.ജോര്‍ജ്ജ് ന്യൂസ് 18 റിപ്പോര്‍ട്ടറിനോട് സംസാരിക്കുന്ന ഒരു വീഡിയോ എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ആദ്യം അവന്‍ അവനെ നിയന്ത്രിക്കട്ടെ അതിന് ശേഷം അവന്‍റെ അപ്പനെ നിയന്ത്രിക്കട്ടെ എന്നിട്ട് അവന്‍ എന്നെ നിയന്ത്രിക്കാന്‍ വരട്ടെ എന്ന് കെ.സുരേന്ദ്രനെതിരെ പി.സി.ജോര്‍ജ്ജ് പ്രസ്താവന നടത്തിയെന്നാണ് പ്രചരണം. താജ് എരുമേലി എന്ന വ്യക്തിയുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോ കാണാം-

Instagram Video Archived Screen Record

എന്നാല്‍ പി.സി.ജോര്‍ജ്ജ് ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ നടത്തിയ പരാമര്‍ശമാണോ ഇത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

യൂട്യൂബില്‍ പിസി ജോര്‍ജ്ജ്, തുഷര്‍ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ന്യൂസ് 18 കേരള പങ്കുവെച്ച പി.സി.ജോര്‍ജ്ജിന്‍റെ 4.25 മിനിറ്റ് ദൈര്‍ഘ്യമുള്ള അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം കണ്ടെത്താന്‍ കഴിഞ്ഞു. 2024 മാര്‍ച്ച് അഞ്ചിനാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ 3.00 മിനിറ്റ് മുതല്‍ പരിശോധിച്ചതില്‍ നിന്നും പി.സി.ജോര്‍ജ്ജിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഇല്ലാതാക്കിയതില്‍ വെള്ളാപ്പള്ളിയുടെയും അവരുടെയൊക്കെ നീക്കമാണോ തിരച്ചടിയായതെന്നാണ് റിപ്പോര്‍ട്ടറുടെ ചോദ്യം. പിസി ജോര്‍ജ്ജിനെ നിയന്ത്രിക്കണമെന്ന് പറഞ്ഞിരുന്നു എന്ന അടുത്ത ചോദ്യത്തിനുള്ള മറുപടിയാണ് ആദ്യം അവന്‍ അവനെ നിയന്ത്രിക്കട്ടെ (തുഷാര്‍ വെള്ളാപ്പള്ളി) എന്നിട്ട് അവന്‍റെ അപ്പനെ നിയന്ത്രിക്കട്ടെ (വെള്ളാപ്പള്ളി നടേശന്‍) എന്നിട്ട് അവന്‍ എന്നെ നിയന്ത്രിക്കാന്‍ വന്നാല്‍ മതിയെന്നാണ് ജോര്‍ജ്ജിന്‍റെ പ്രതികരണമെന്ന് വ്യക്തമാണ്. പി.സി.ജോര്‍ജ്ജിനെ നിയന്ത്രിക്കണമെന്ന് തുഷര്‍ നടത്തിയ പ്രസ്താവനയെ കുറിച്ച് റിപ്പോര്‍ട്ടര്‍ ലൈവ് നല്‍കിയ വാര്‍ത്തയുടെ പൂര്‍ണ്ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് 18 അഭിമുഖം -

YouTube Video

നിഗമനം

പി.സി.ജോര്‍ജ്ജിനെ നിയന്ത്രിക്കണമെന്ന ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് പി.സി.ജോര്‍ജ്ജ് നല്‍കിയ മറുപടിയാണ് പ്രചരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെയുള്ള പരാമര്‍ശമല്ലാ ഇതെന്ന് അന്വേഷണത്തില്‍ നിന്നും വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കും വിധമുള്ളതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ഈ വീഡിയോയില്‍ പി.സി.ജോര്‍ജിന്‍റെ പരാമര്‍ശം കെ.സുരേന്ദ്രനെതിരെയാണോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: Misleading