വിവരണം

കര്‍ണാടകയിലെ പരുത്തി തോട്ടത്തിലെ അപകടകാരിയായ പുഴുവിനെ കുറിച്ചുള്ള പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വാട്‌സാപ്പിലാണ് ഭയപ്പെടുത്തുന്ന ചില ചിത്രങ്ങള്‍ സഹിതം പുഴുവിനെ കുറിച്ചുള്ള സന്ദേശം പ്രധാനമായും പ്രചരിക്കുന്നത്. കര്‍ണാടകയിലെ പരുത്തിത്തോട്ടത്തില്‍ കണ്ടെത്തിയ പുഴുവിന്‍റെ ചിത്രം. കടി കിട്ടിയാല്‍ അഞ്ച് മിനിറ്റിനുള്ളല്‍ മരണം ഉറപ്പാണ്. ഇവ പാമ്പിനേക്കാള്‍ വിഷമുള്ളവയാണ്. എല്ലാവര്‍ക്കും പ്രത്യേകിച്ച് കൃഷിക്കാര്‍ക്ക് ഷെയര്‍ ചെയ്യുക എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. രണ്ട് പേര്‍ ഒരു തോട്ടത്തില്‍ മരിച്ച് കിടക്കുന്ന ചിത്രവും ഇതോടൊപ്പം പുഴുവില്‍ നിന്നും വിഷമേറ്റ് മരിച്ചതാണെന്ന അവകാശവാദത്തോടെയും പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട്-

ഇതാണ് പാമ്പിനെക്കാള്‍ വിഷമുള്ള പുഴുവെന്ന പേരില്‍ പ്രചരിക്കുന്ന പുഴുവിന്‍റെ ചിത്രം-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രചരിക്കുന്നത് പാമ്പിനെക്കാള്‍ വിഷമുള്ള കര്‍ണാടകയില്‍ കണ്ടെത്തിയ പുഴുവിന്‍റെ ചിത്രമാണോ? ചിത്രത്തിലുള്ളവര്‍ പുഴുവിന്‍റെ കടിയേറ്റ് മരിച്ചവരാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പ്രചരണത്ത് കുറിച്ചുള്ള വിശദമായ ഫാക്‌ട് ചെക്ക് ഫാക്‌ട് ക്രെസെന്‍ഡോ ശ്രീലങ്ക തമിഴില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിശദ വിവരങ്ങള്‍ ഇങ്ങനെയാണ്-

തോട്ടത്തില്‍ മരണപ്പെട്ടവരുടെ ചിത്രം യഥാര്‍ത്ഥത്തില്‍ ഇടിമിന്നലേറ്റ് മരണപ്പെട്ടവരുടേതാണ്. മഹാരാഷ്ട്രയിലെ നഹാവെ ഗ്രാമത്തിലാണ് തോട്ടത്തിലെ പണി ചെയ്യുന്നതിനിടയില്‍ അച്ഛനും മകനും മിന്നലേറ്റ് മരണപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ചിത്രങ്ങളാണ് പുഴുവിന്‍റെ കടിയേറ്റ് മരണപ്പെട്ടവര്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്നും തിരച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

അതെ സമയം പാമ്പിന്‍റെ വിഷത്തിലധികം വിഷമുണ്ടെന്ന പേരില്‍ പ്രചരിപ്പിച്ച പുഴുവിന്‍റെ ചിത്രം യഥാര്‍ത്ഥത്തില്‍ നിശാശലഭത്തിന്‍റെ ലാര്‍വയുടെ ചിത്രമാണെന്നതാണ് വസ്തുത. സ്ലഗ് മോത്ത് കാറ്റര്‍പില്ലര്‍ എന്നാണ് ഇതിന്‍റെ പേര്. ഇവയ്ക്ക് സാധാരണ ലാര്‍വ രൂപത്തിലുള്ള പുഴുക്കളില്‍ നിന്നും ഉണ്ടാകുന്ന അലര്‍ജിയെ ഉണ്ടാകുകയുള്ളു എന്നും മരണത്തിന് കാരണമാകുന്ന വിഷമില്ലെന്നും ശ്രീലങ്കയിലെ ശലഭ വിദഗ്ധ കൂട്ടായിമ (ബിസിഎസ്എസ്എല്‍) സ്ഥിരീകരിച്ചിട്ടുണ്ട്.

Lepidoptera കുടുംബത്തില്‍പ്പെട്ട ഇവ നെറ്റില്‍ കാറ്റര്‍പില്ലര്‍ തുടങ്ങിയ വൈവിദ്ധ്യങ്ങളിലും കാണപ്പെടാറുണ്ട്.

നിഗമനം

സാധരണ നാട്ടില്‍ കണ്ടുവരുന്ന നിശാശലഭത്തിന്‍റെ ലാര്‍വയുടെ ചിത്രമാണ് തെറ്റായ സന്ദേശത്തോടെ പ്രചിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇടിമിന്നലേറ്റ് മരണപ്പെട്ട അച്ഛന്‍റെയും മകന്‍റെയും ചിത്രമാണ് പുഴുവിന്‍റെ കടിയേറ്റ് മരണപ്പെട്ടവര്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കന്നതെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:അതിമാരക വിഷമുള്ള പുഴുവിന്‍റെ സാന്നിദ്ധ്യം കര്‍ണാടകയിലെ പരുത്തിത്തോട്ടത്തില്‍ കണ്ടെത്തിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

Fact Check By: Dewin Carlos

Result: Misleading