
വിവരണം
അടിമ ഗോപിക്ക് വീണ്ടും അടി കിട്ടി എന്ന അടിക്കുറിപ്പുമായി Arun Pillai എന്ന പ്രൊഫൈലിൽ നിന്നും ഏപ്രിൽ 6 മുതൽ പ്രചരിപ്പിക്കുന്ന പോസ്റ്റിന് 5000 ഷെയറുകളായിക്കഴിഞ്ഞു. മുകേഷിന്‍റെയും സുരേഷ് ഗോപിയുടെയും ചിത്രങ്ങൾക്കൊപ്പം പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരണം ഇതാണ്, ” സുരേഷ് ഗോപിക്ക് കിടിലം മറുപടിയുമായി മുകേഷ്.. എടേ ഗോപീ ഞാൻ ജനങ്ങൾ തെരഞ്ഞെടുത്ത് എംഎൽഎ ആയവനാ. അല്ലാതെ കലാകാരൻ എന്ന ഔദാര്യം പറ്റി പിന്നാമ്പുറത്തുകൂടെ കയറി എംപി ആയവൻ അല്ലെടേ”.
വസ്തുതാ വിശകലനം
സുരേഷ് ഗോപി കഴിഞ്ഞ ദിവസം തൃശൂരിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗം വിവാദമായിരുന്നു.തുടർന്ന് അദ്ദേഹത്തെ അനുകൂലിച്ചതും എതിർത്തും നിരവധി പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ആ വിഭാഗത്തിൽ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്റിൽ പറയുന്ന ആരോപണം സത്യമാണോ, മലയാളത്തിലെ പ്രശസ്ത സിനിമാ നടനും കൊല്ലം എംഎൽഎ യുമായ മുകേഷ് ഇത്തരത്തിൽ പ്രസ്താവന നടത്തിയിരുന്നോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം..
ഞങ്ങൾ ഇത്തരത്തിൽ ഒരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിലും മുഖ്യധാരാ വാർത്ത മാധ്യമങ്ങളിലും എംഎൽഎ മുകേഷിനോട് അടുത്ത വൃത്തങ്ങളിലും അന്വേഷിച്ചു. ആരോപണം സ്ഥിരീകരിക്കുന്ന യാതൊന്നും ലഭ്യമായില്ല. മുകേഷ് സുരേഷ് ഗോപി എന്നിവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഇതേപ്പറ്റി യാതൊരു വിവരങ്ങളുമില്ല. കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ നടനും എംഎൽഎയുമായ മുകേഷിനെ തന്നെ സമീപിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്,

ഇതിൽ നിന്നും ഒരു കാര്യം ഉറപ്പിക്കാം, ഈ പോസ്റ്റ് വ്യാജമാണ്.
നിഗമനം
പോസ്റ്റിൽ നല്കിയിരിക്കുന്നത് വ്യാജമായ വിവരങ്ങളാണ്. സുരേഷ് ഗോപിയെപ്പറ്റി മുകേഷ് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മുകേഷ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. തെരെഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി പ്രസിദ്ധീകരിക്കുന്ന ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക.
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Title:എംഎൽഎ മുകേഷ് സുരേഷ് ഗോപി എംപിക്ക് കിടിലൻ മറുപടി നൽകിയോ..?
Fact Check By: Deepa MResult: False
