പൊതുജനം മര്‍ദ്ദിക്കുമ്പോള്‍ സൈന്യം രക്ഷിക്കുന്നത് നേപ്പാളിലെ ഇപ്പോഴത്തെ പ്രധാനമന്ത്രിയെയല്ല, സത്യമിതാണ്…

അതിക്രമം അന്തര്‍ദേശീയം | International

നേപ്പാളില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനത്തെ തു‌ടര്‍ന്ന് ആരംഭിച്ച ജെന്‍ സീ പ്രക്ഷോഭം തുടരുകയാണ്. രാജ്യത്ത് പലയിടത്തുമുണ്ടായ     ആക്രമണത്തില്‍ നിരവധി യുവാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.  ഈ പശ്ചാത്തലത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രിയെ പൊതുജനങ്ങള്‍ മര്‍ദിക്കുന്നുവെന്ന  വിവരണത്തോടെ ഒരു വീഡിയോ  പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

വയല്‍ പോലെ തോന്നിക്കുന്ന ഒരു പ്രദേശത്ത്‌ സൈനിക യൂണിഫോ ധരിച്ച കുറച്ചു പേര്‍ ഒരാളെ തടഞ്ഞു വച്ചിരിക്കുന്നതും മൈക്കിലൂടെ ഉച്ചത്തില്‍ ഭീഷണി മുഴക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് കാണുന്നത്. പൊതുജനങ്ങളുടെ ക്രൂരമര്‍ദനത്തിനിരയായ നേപ്പാള്‍ പ്രധാനമന്ത്രിയെ സൈന്യം രക്ഷപ്പെടുത്തിയെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള  വിവരണം ഇങ്ങനെ: “നേപ്പാൾ പ്രധാനമന്ത്രിയെ പൊതുജനം മർദ്ദിച്ചു, ഇതിന് ശേഷം ആണ് സൈന്യത്തിന്റെ സഹായത്തോടെ അദ്ദേഹം നേപ്പാളിൽ നിന്നും രക്ഷപ്പെട്ടത്..

സൈന്യമാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത്”

FB postarchived link

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ദൃശ്യങ്ങളിലുള്ളത് നേപ്പാളിന്‍റെ മുന്‍ പ്രധാനമന്ത്രിയാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഇതേ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച  ചില മാധ്യമ വാര്‍ത്തകള്‍ ലഭിച്ചു. 2025 സെപ്തംബര്‍ 9നുള്ള എന്‍ഡിടിവി റിപ്പോര്‍ട്ട് പ്രകാരം നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദൗബയാണ് ആക്രമിക്കപ്പെട്ടത്.

“നേപ്പാളിൽ രണ്ടാം ദിവസവും അക്രമാസക്തമായ അഴിമതി വിരുദ്ധ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ, രാജ്യത്തിന്‍റെ മുൻ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയെയും വിദേശകാര്യ മന്ത്രി അർസു റാണ ദ്യൂബയെയും പ്രതിഷേധക്കാർ ആക്രമിച്ചു.

കാഠ്മണ്ഡുവിലെ ബുഡാനിൽകാന്തയിലുള്ള ദ്യൂബയുടെ വസതിയിൽ പ്രകടനക്കാർ അതിക്രമിച്ചു കയറി. ആക്രമണങ്ങളെത്തുടർന്ന് മുൻ മന്ത്രിയുടെ മുഖത്ത് നിന്ന് രക്തം വാർന്നൊഴുകുന്നത് ദൃശ്യങ്ങളിൽ കാണാം. ദ്യൂബയെയും അർസുവിനെയും രക്ഷപ്പെടുത്താൻ അധികാരികൾ സ്ഥലത്തെത്തുന്നതിനുമുമ്പ്, അവരുടെ വസതി അശുദ്ധമാക്കി.

കാഠ്മണ്ഡുവിലും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധക്കാർ തീവയ്പ്പും നാശനഷ്ടങ്ങളും നടത്തിയതിനെത്തുടർന്ന് ‘ജനറൽ ഇസഡ്’ പ്രതിഷേധക്കാരുടെ നേതൃത്വത്തിൽ നടന്ന പ്രകടനങ്ങൾ വർദ്ധിച്ചു.

രാഷ്ട്രീയ നേതാക്കളുടെയും കാബിനറ്റ് മന്ത്രിമാരുടെയും വീടുകളും ഔദ്യോഗിക കെട്ടിടങ്ങളും രോഷാകുലരായ യുവാക്കൾ കത്തിച്ചു. പാർട്ടി ഓഫീസുകളും പോലീസ് സ്റ്റേഷനുകളും പോലും ഒഴിവാക്കിയിട്ടില്ല.

സോഷ്യൽ മീഡിയയ്ക്ക് രാജ്യവ്യാപകമായി ഏർപ്പെടുത്തിയ നിരോധനത്തെത്തുടർന്ന് ആരംഭിച്ച പ്രതിഷേധങ്ങളിൽ 19 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കടുത്ത പ്രതിഷേധത്തെത്തുടർന്ന് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി വിലക്ക് പിൻവലിക്കുകയും ചൊവ്വാഴ്ച രാജി സമർപ്പിക്കുകയും ചെയ്തു.”

ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട മറ്റു റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. മാതൃഭൂമി ഇംഗ്ലീഷ് സെപ്തംബര്‍ 10ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സമാന ദൃശ്യങ്ങള്‍ കാണാം. 

ആക്രമിക്കപ്പെട്ടത് നേപ്പാള്‍ മുന്‍പ്രധാനമന്ത്രിയാണെന്നും ഇപ്പോഴത്തെ പ്രധാനമന്ത്രി അല്ലെന്നും വ്യക്തമായി. നിലവിലെ പ്രധാനമന്ത്രി ആയിരുന്ന കെ പി ശര്‍മ ഒലിപ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ രാജിവെയ്ക്കുകയുണ്ടായി. പലതവണ നേപ്പാള്‍ പ്രധാനമന്ത്രി ആയിരുന്ന ബഹാദൂര്‍ ദൗബ അവസാനം പ്രധാനമന്ത്രിയായിരുന്നത്  2021-22 കാലത്തായിരുന്നു

രാജിവെച്ച പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയ്ക്കതിരെ ശക്തമായ പ്രതിഷേധങ്ങളുണ്ടെങ്കിലും അദ്ദേഹം ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനായില്ല. അദ്ദേഹത്തിന്‍റെ രാജിയ്ക്ക് പിന്നാലെ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കാര്‍ക്കി അധികാരമേറ്റിട്ടുണ്ട്. ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സ്ഥിരീകരിക്കാനായി.

നിഗമനം 

നേപ്പാളിലെ പ്രധാനമന്ത്രിയെ പൊതുജനം മര്‍ദ്ദിച്ചപ്പോള്‍ സൈന്യം രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളില്‍ കാണുന്നത് മുന്‍ പ്രധാനമന്ത്രി ആയിരുന്ന ബഹാദൂര്‍ ദൗബ ആണ്, നിലവില്‍ രാജിവച്ച പ്രധാമന്ത്രി ശര്‍മ ഒലി അല്ല. ഇപ്പോള്‍ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കാര്‍ക്കി അധികാരമേറ്റിട്ടുണ്ട്.  

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പൊതുജനം മര്‍ദ്ദിക്കുമ്പോള്‍ സൈന്യം രക്ഷിക്കുന്നത് നേപ്പാളിലെ ഇപ്പോഴത്തെ പ്രധാനമന്ത്രിയെയല്ല, സത്യമിതാണ്…

Fact Check By: Vasuki S 

Result: Misleading