ബീഹാറില്‍ മന്ത്രിയുടെ വാഹനം ആക്രമിച്ചത് വോട്ട് ചോരി വിവാദവുമായി ബന്ധപ്പെട്ടല്ല, സത്യമറിയൂ…

അന്തര്‍ദേശീയം | International രാഷ്ട്രീയം | Politics

ജനാധിപത്യത്തിന്‍റെ അടിത്തറയായ വോട്ട്  ബിജെപിയുടെ ആസൂത്രിതമായി അട്ടിമറിക്കുകയാണെന്നും അതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പങ്കാളിത്തമുണ്ടെന്നും ആരോപിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ക്യാംപെയിനാണ് വോട്ട് ചോരി

ബീഹാർ ആരോഗ്യമന്ത്രി മംഗൽ പാണ്ഡെയുടെ കാർ വോട്ട് ചോരി വിവാദവുമായി ബന്ധപ്പെട്ട് ജനങ്ങൾ ആക്രമിച്ചുവെന്ന് അവകാശപ്പെട്ട്  ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

അകമ്പടി വാഹനത്തോടൊപ്പം ഒരു കാര്‍ മുന്നോട്ടു നീങ്ങുന്നതും ഒരു വലിയ സംഘം ആളുകള്‍ പിന്നാലെ ഓടുന്നതും അവരെ തടയാന്‍ പോലിസ് ഒപ്പം ഓടുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. 

വോട്ട് ചോരി വിവാദത്തെ തുടര്‍ന്ന് ബീഹാറില്‍ ആരോഗ്യ മന്ത്രിയുടെ കാര്‍ തടയുന്ന ദൃശ്യങ്ങളാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “എന്തായാലും ബിഹാർ ജനതയ്ക്ക് നേരം വെളുത്തു തുടങ്ങി🤔ആസന്നമായ ബീഹാർ തെരെഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ നിന്നും 65 ലക്ഷം വോട്ടർമാരെയാണ് ഒഴിവാക്കിയത്. അതിൽ 80% വോട്ടർമാരും ന്യൂനപക്ഷ വിഭാഗങ്ങൾ. പ്രത്യേകിച്ച് മുസ്ലീം വിഭാഗങ്ങൾ.സംഘപരിവാറിന്റെ ഭരണത്തിൽ, അതിനെ താങ്ങി നിർത്തുന്ന നിതീഷ് കുമാറിന്റെ ഒത്തുകളിയിൽ നേരാംവണ്ണം ഇലക്ഷൻ നടക്കില്ലെന്ന് മനസ്സിലാക്കിയ ബീഹാറിലെ പ്രബുദ്ധത ജനത, ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ട് തെരുവിലിറങ്ങി, വോട്ട് ചോരികളെ നേരിടാനും തുടങ്ങി. അടിയോടടി🤣🤣ബീഹാർ ആരോഗ്യമന്ത്രി മംഗൽ പാണ്ഡയെ ജനങ്ങൾ ശരിക്കും കൈകാര്യം ചെയ്തു. ഓടണ ഓട്ടം കണ്ടാ…🤣🤣 നേരായ മാർഗ്ഗത്തിൽ ഇലക്ഷൻ നടത്തിയാൽ 100 സീറ്റ് തികച്ചു പിടിക്കില്ല രാജ്യത്തെ വ്യാജ ഭരണവർഗ്ഗം🤣🤣🤣 അതുകൊണ്ടാണ് ഈ അട്ടിമറിപ്പണികളൊക്കേയും കാട്ടിക്കൂട്ടന്നത്. ജനം പ്രതികരിച്ചാൽ എത്ര വലിയ നേതാവും അടികൊണ്ട് ഓടും 🤣🤣”

FB postarchived link

എന്നാല്‍ തെറ്റായ പ്രചരണമാണ് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ലൈവ് ഹിന്ദുസ്ഥാന്‍ ഈ സംഭവത്തെ കുറിച്ച് 2025 ആഗസ്റ്റ് 26ന്  സമാന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി നല്‍കിയ റിപ്പോര്‍ട്ട് ലഭിച്ചു. ബീഹാറിലെ പട്നയിലുള്ള അടൽ പാതയിൽ നടന്ന പ്രതിഷേധമാനിത്. സഹോദരീ സഹോദരന്മാർ മരിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പ്രതിഷേധത്തിൽ മന്ത്രി മംഗള്‍ പാണ്ഡെ കുടുങ്ങിപ്പോയതാണ്. 

2025 ആഗസ്റ്റ് 26ലെ ദൈനിക്ക് ഭാസ്കർ റിപ്പോര്‍ട്ട് പ്രകാരം പ്രതിഷേധത്തിൽ മന്ത്രി മംഗൾ പാണ്ഡെയുടെ വാഹനം മാത്രമല്ല. ഗതാഗതക്കുരുക്കിൽ പ്രതിപക്ഷ കക്ഷിയായ ആർജെഡിയുടെ നേതാവ് ലാലു യാദവും കുടുങ്ങിയിരുന്നു. പ്രതിഷേധക്കാർ മന്ത്രി മംഗൾ പാണ്ഡെയുടെ കാറിന് കല്ലെറിഞ്ഞുവെന്നും റിപ്പോർട്ട് പറയുന്നു. 

“ആഗസ്റ്റ് 15 ന് പട്നയിൽ സഹോദരീ-സഹോദരന്മാർ മരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇന്ദ്രപുരിയിലെ ഗോകുൽ പ്രദേശത്തിന് സമീപം രോഷാകുലരായ പ്രതിഷേധക്കാർ വാഹനങ്ങൾക്ക് തീയിടുകയും അടൽ പാത തടയുകയും വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും അതുവഴി കടന്നുപോകുന്ന ആളുകളോട് മോശമായി പെരുമാറുകയും ചെയ്തു. മാത്രമല്ല, ഗ്ലാസ് കുപ്പികളും കല്ലുകളും പോലീസിന് നേരെ എറിഞ്ഞു. കൂടാതെ രണ്ട് ഡയൽ-112 ബൈക്കുകൾക്കും നിരോധന വകുപ്പിന്റെ ഒരു സ്കോർപിയോയ്ക്കും തീയിട്ടു.

അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസിന് 2-3 റൗണ്ട് ആകാശത്തേക്ക് വെടിവയ്ക്കേണ്ടിവന്നു, അടൽ പാതയിൽ ഏകദേശം രണ്ടര മണിക്കൂർ സംഘർഷാവസ്ഥയുണ്ടായി, തുടർന്ന് ഏകദേശം ഒരു കിലോമീറ്റർ ഗതാഗതം സ്തംഭിച്ചു. പ്രതിഷേധം രൂക്ഷമായപ്പോൾ, മന്ത്രി മംഗൾ പാണ്ഡെയുടെ വിവിഐപി വാഹനം കുടുങ്ങി, നാട്ടുകാർ അദ്ദേഹത്തിന്‍റെ വാഹനത്തിന് നേരെ കല്ലെറിഞ്ഞു. എങ്കിലും പോലീസിന് എങ്ങനെയോ മന്ത്രിയുടെ വാഹനം പുറത്തെടുക്കാൻ കഴിഞ്ഞു. അടൽ പാതയിലെ കുരുക്കിൽ ലാലു യാദവും കുടുങ്ങി.”

2025 ആഗസ്റ്റ് 26ലെ ഇതേ വിഡിയോയിൽ ദി ലാലൻടോപ്പ് സംഭവത്തെ കുറിച്ച് സമാന റിപ്പോര്‍ട്ട് ആണ് നല്‍കിയിട്ടുള്ളത്. 

“2025 ഓഗസ്റ്റ് 15 ന് ഇന്ദ്രപുരി പ്രദേശത്ത് പൂട്ടിയ കാറിൽ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ബീഹാറിലെ പട്നയിലെ അടൽ പാതയിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കൊലപാതകങ്ങളാണെന്ന് ആരോപിച്ച് രോഷാകുലരായ നാട്ടുകാരും ഇരകളുടെ കുടുംബങ്ങളും പോലീസുമായി ഏറ്റുമുട്ടി. അതേസമയം കുട്ടികൾ ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോലീസ് അവകാശപ്പെട്ടു. ജനക്കൂട്ടം പോലീസിന് നേരെ കല്ലെറിഞ്ഞു. വാഹനങ്ങൾക്ക് തീയിട്ടു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് ലാത്തിചാർജ് നടത്തി,”  

കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ പട്ന എസ്പി ഓഫീസുമായി ബന്ധപ്പെട്ടു. അടൽ പാതയിൽ നടന്ന സംഭവം കുട്ടികൾ മരണവുമായി ബന്ധപ്പെട്ടതാണെന്നും വോട്ട് ചോരിയുമായി യാതൊരു  ബന്ധവുമില്ലെന്നും ഓഫീസിൽ നിന്നും ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. 

നിഗമനം 

രണ്ട് കുട്ടികളുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പട്നയിലെ അടൽ പാതയിൽ നടന്ന പ്രതിഷേധത്തിനിടെയിലാണ് ആരോഗ്യമന്ത്രി മംഗൾ പാണ്ഡെയുടെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത് മംഗൽ പാണ്ഡയുടെ കാർ ജനങ്ങൾ ആക്രമിച്ച സംഭവത്തിന് വോട്ട് ചോരി വിവാദവുമായി യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ബീഹാറില്‍ മന്ത്രിയുടെ വാഹനം ആക്രമിച്ചത് വോട്ട് ചോരി വിവാദവുമായി ബന്ധപ്പെട്ടല്ല, സത്യമറിയൂ…

Fact Check By: Vasuki S  

Result: False