
വിവരണം
കാനഡയിൽ ടൊറണ്ടൊ ചുഴലിക്കാറ്റ്അടിച്ചപ്പോള്… എന്ന തലക്കെട്ട് നല്കി ഒരു വീഡിയോ ഇപ്പോള്‍ സമൂഹമധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിതീവ്രമായ ചുഴലിക്കാറ്റിനിടയില്‍ അത് ഷൂട്ട് ചെയ്യുന്ന ഒരു സംഘത്തിന്റെ വീഡിയോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. രാജ്മോഹന്‍ എസ്.നായര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 55ല്‍ അധികം റിയാക്ഷനുകളും 17ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
ഇതാണ് പ്രചരിക്കുന്ന വീഡിയോ-
എന്നാല്‍ ഇതില്‍ കാണുന്നത് കാനഡയില്‍ വീശിയ ചുഴലിക്കാറ്റിന്റെ വീഡിയോ ദൃശ്യങ്ങള്‍ തന്നെയാണോ? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
പ്രചരിക്കുന്ന വീഡിയോയുടെ തുടക്കത്തില്‍ വീഡിയോയുടെ വലത് ഭാഗത്ത് താഴെയായി ‘2KYPN’ എന്ന വാട്ടര്‍മാര്‍ക്ക് കാണാന്‍ സാധിക്കും. ഈ കീ വേര്‍ഡ് ഉപയോഗിച്ച് യൂട്യൂബില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ‘ഇന്റു ദ് സ്റ്റോം’ എന്ന സിനിമയുടെ ട്രെയിലര്‍ കണ്ടെത്താന്‍ സാധിച്ചു. വാര്‍ണര്‍ ബ്രദേഴ്സിന്റെ ഔദ്യോഗിക ചാനലിലാണ് ഈ ട്രെയില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ കാണുന്ന പല രംഗങ്ങളും ഇന്റു ദ് സ്റ്റോം സിനിമയുടെ ട്രെയിലറിലും കാണാന്‍ സാധിക്കും. ബാക്കി സീനുകള്‍ ഇതെ സിനിമയിലെ തന്നെയാണെന്ന് സിനിമയുടെ മുഴുവന്‍ രംഗങ്ങള്‍ കണ്ടതില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചു. ചുഴലിക്കാറ്റ് പ്രമേയമാക്കി 2014ല്‍ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണിതെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. വിഷ്വല്‍ എഫെക്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് സിനിമയിലെ കാറ്റ്.
വീഡിയോയിലെ വട്ടര്മാര്ക്ക്-

യൂട്യൂബ് സെര്‍ച്ച് റിസള്‍ട്ട്-

ഇന്റു ദ് സ്റ്റോം സിനിമയുടെ ട്രെയിലര്‍-
സിനിമയുടെ വിവരങ്ങള്‍-

നിഗമനം
ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ഹോളിവുഡ് സിനിമയായ ഇന്റു ദ് സ്റ്റോമിലെ രംഗങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തെടുത്ത വീഡിയോ മാത്രമാണ് പ്രചരിക്കുന്നത്. കനഡയില്‍ ചുഴലിക്കാറ്റിന്റെ രംഗമെന്നത് വസ്തുത വിരുദ്ധമാണെന്ന് വ്യക്തമയി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
Title:കാനഡയില്‍ ചുഴലിക്കാറ്റ് അടിക്കുന്ന വീഡിയോയാണോ ഇത്? വസ്തുത ഇതാണ്..
Fact Check By: Dewin CarlosResult: False


