
പ്രചരണം
തിരുവനന്തപുരത്തെ നേമം നിയോജക മണ്ഡലം ഇപ്പോൾ ബിജെപിയുടെ കയ്യിൽ ആണുള്ളത്. ബിജെപിയുടെ ഏക എംഎൽഎ ആയ ഒ. രാജഗോപാൽ അവിടെനിന്നുമാണ് വിജയിച്ചത്. അതിനാല്‍ നേമത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകം ശ്രദ്ധ നല്‍കുന്നുണ്ട്.
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് ആരൊക്കെയാവും മത്സരിക്കുക എന്ന് കേരളം ആകാംഷയോടെ ഉറ്റുനോക്കുകയാണ്. നേമത്ത് മൂന്നു രാഷ്ട്രീയപാർട്ടികളും വ്യക്തമായി അവരുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല എന്നാണ് വാർത്ത നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. നേമവുമായി ബന്ധപ്പെട്ട് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. “വെല്ലുവിളി ഏറ്റെടുത്ത്
മുല്ലപ്പള്ളി രാമചന്ദ്രൻ നേമത്തെക്ക്…..
വർഗീയ ശക്തികളെ കേരളത്തിന്റെ മണ്ണിൽ നിന്ന് തൂത്തെറിയാൻ….
കോൺഗ്രസിന്റെ അമരക്കാരൻ ഇതാ വന്നു കഴിഞ്ഞു…” എന്ന വാചകങ്ങള്‍ക്കൊപ്പം മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ചിത്രം നല്‍കിയിട്ടുണ്ട്.

അതായത് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേമത്ത് മത്സരിക്കുന്നു എന്നാണ് പോസ്റ്റിലെ വാര്‍ത്ത. ഇത് കൂടാതെ കോൺഗ്രസിന്‍റെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല കെ സി വേണുഗോപാൽ തുടങ്ങിയ നേതാക്കന്മാരുടെയെല്ലാം പേര് നേമം നിയോജകമണ്ഡലം ചേർന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. ഇത് വെറും വ്യാജപ്രചരണം മാത്രമാണ് എന്ന് കണ്ടെത്തുകയും ചെയ്തു.
വസ്തുത ഇതാണ്
കോൺഗ്രസിന്‍റെ ഔദ്യോഗിക അറിയിപ്പുകളില്‍ ഒന്നും നേമത്ത് ആരാണ് സ്ഥാനാർത്ഥിയായി നിൽക്കുക എന്നതിനെക്കുറിച്ച് വ്യക്തമായ യാതൊരു തീരുമാനങ്ങളും വന്നിട്ടില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസിൽ ഞങ്ങൾ അന്വേഷിച്ചപ്പോൾ നേമം സ്ഥാനാർഥിയെ ഇനിയും നിശ്ചയിക്കാൻ പോകുന്നതേയുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്. കൂടാതെ ഞങ്ങളുടെ പ്രതിനിധി മുല്ലപ്പള്ളി രാമചന്ദ്രനുമായി സംസാരിച്ചു. അദ്ദേഹം അറിയിച്ചത് ഇങ്ങനെയാണ് “ഞാൻ നേമത്ത് മത്സരിക്കുന്നില്ല അക്കാര്യം ഉറപ്പാണ്. സ്ഥാനാർത്ഥിയെ കുറിച്ച് സ്റ്റിയറിങ് കമ്മിറ്റി ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല. ഹൈക്കമാൻഡ് നിർദ്ദേശപ്രകാരമാവും നേമത്തെ സ്ഥാനാർത്ഥിയെ തീരുമാനിക്കുക. സ്ഥാനാർത്ഥിയെ തീരുമാനിക്കുമ്പോൾ ഔദ്യോഗികമായി അത് മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്യുന്നതായിരിക്കും. നേമത്തെ ഞങ്ങളുടെ സ്ഥാനാര്‍ഥിയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന പ്രചരണങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണ്.”
നേമത്തെ സ്ഥാനാർത്ഥിയെ കോൺഗ്രസ് പാർട്ടി തീരുമാനിക്കാൻ പോകുന്നതേയുള്ളൂ എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ നേമത്ത് മത്സരിക്കുന്നില്ല എന്നും ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്. നേമത്ത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുന്നില്ല. നേമത്തെ സ്ഥാനാർത്ഥിയെ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിക്കാൻ പോകുന്നതേയുള്ളൂ. ഈ ലേഖനം പ്രസിദ്ധീകരിച്ച സമയം വരെ നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

Title:മുല്ലപ്പള്ളി രാമചന്ദ്രൻ നേമം മണ്ഡലത്തില്‍ മത്സരിക്കുന്നു എന്ന പ്രചരണം തെറ്റാണ്
Fact Check By: Vasuki SResult: False
