അധികാരമേറ്റ ശേഷം ബിജെപി മേയര്‍ വയോജന ചികിത്സയ്ക്കായി 50 കോടി അനുവദിക്കുന്ന ഫയല്‍ ഒപ്പുവച്ചു, സത്യമെന്ത്..?

False രാഷ്ട്രീയം സാമൂഹികം

കേരള ചരിത്രത്തില്‍ ആദ്യമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി നേടി. ബിജെപി നേതാവ് വി.വി. രാജേഷാണ് കോര്‍പ്പറേഷന്‍ മേയറായി ചുമതലയേറ്റത്.  തിരുവനന്തപുരത്തെ വയോജനങ്ങള്‍ക്ക് ചികിത്സയുറപ്പാക്കുന്ന വയോമിത്രം പദ്ധതിയ്ക്കായി തുക അനുവദിച്ച ഫയലാണ് മേയറായ ശേഷം അദ്ദേഹം ആദ്യം ഒപ്പുവെച്ചത്. ഇത് 50.5 കോടി രൂപയാണ് എന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരണമുണ്ട്. 

പ്രചരണം 

“തലസ്ഥാനത്ത് ചികിൽസക്കായി ജനങ്ങൾക്ക് 50.5 കോടി

BJP മേയർ ആദ്യം ഒപ്പിട്ട ഫയൽ

അമ്പരന്ന് കേരളം, തദ്ദേശ ചരിത്രത്തിൽ ആദ്യം” എന്ന വാചകങ്ങളും മേയര്‍ വിവി രാജേഷിന്‍റെ ചിത്രവും അടങ്ങിയ ന്യൂസ് കാര്‍ഡ് ആണ് പ്രചരിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമം പങ്കുവച്ച ന്യൂസ് കാര്‍ഡാണ്  പലരും പ്രചരിപ്പിക്കുന്നത്. 

FB postarchived link

എന്നാല്‍ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വിവി രാജേഷ് ഒപ്പുവെച്ചത് 50 കോടിയുടെതല്ല, 50 ലക്ഷംരൂപയുടെ ഫയലാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഞങ്ങള്‍ വാര്‍ത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഡിസംബര്‍ 26 ന് മാതൃഭൂമി നല്‍കിയ റിപ്പോര്‍ട്ട് ലഭിച്ചു. ഇതില്‍ ആദ്യ ഗഡു 50 ലക്ഷം രൂപ എന്നാണുള്ളത്. 

ഇതോടെ 50 കോടിയെന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി. മാത്രമല്ല, ആകെ കോര്‍പ്പറേഷന്‍ വിഹിതമായി നല്‍കിയ തുകയെന്ന നിലയ്ക്കാണ് 50 ലക്ഷം രൂപയുടെ ഫയല്‍ എന്ന് പരാമര്‍ശിക്കുന്നത്. ഓരോ വാര്‍ഡിനും 50 ലക്ഷം രൂപ വീതം ആയിരുന്നെങ്കില്‍ ആകെ തുകയാണ് പറയേണ്ടിയിരുന്നത്. 


ജനം ടിവിയുടെ യൂട്യൂബ് വീഡിയോയില്‍ 50 ലക്ഷം എന്ന് കാണാം.

കേരള കൌമുദി നല്‍കിയ റിപ്പോര്‍ട്ടിലും 50 ലക്ഷം രൂപ അനുവദിച്ചു എന്നാണുള്ളത്. പ്രസ്തുത ഫയല്‍ കഴിഞ്ഞ കൗണ്‍സില്‍ പാസാക്കിയതാണെന്നും മേയര്‍ വ്യക്തമാക്കുന്നുണ്ട്. അതായത്  പ്രചരിപ്പിക്കുന്നത് പോലെ ബിജെപി അധികാരത്തില്‍ വന്ന ശേഷം നടപ്പാക്കിയ പുതിയ തീരുമാനമല്ല ഇത്.  

വയോമിത്രം പദ്ധതി തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ പദ്ധതിയല്ല എന്നാണ് വ്യക്തമാകുന്നത്. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ പിന്തുണയോടെ തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണിത്. ഇതിനകം പദ്ധതി വിജയകരമായി നടപ്പാക്കിയ പല തദ്ദേശസ്ഥാപനങ്ങളും കേരളത്തിലുണ്ട്. പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ കേരള സാമൂഹ്യസുരക്ഷാ മിഷന്‍ വെബ്സൈറ്റിലുണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങള്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസുമായി ബന്ധപ്പെട്ടു. “സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയിലേക്ക് തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ വിഹിതമായ 50 ലക്ഷം രൂപ മുന്‍‍ കൗണ്‍സിലി‍ല്‍ വകയിരുത്തിയത് പാസാക്കിയ ഫയല്‍ ഒപ്പിടുക മാത്രമാണ് വി വി രാജേഷ് ചെയ്തതെന്നും ഇത് അദ്ദേഹം മേയറായ ശേഷം പുതിയ കൌണ്‍സില്‍ എടുത്ത തീരുമാനമല്ലെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.”

നിഗമനം 

തലസ്ഥാനത്ത് ബിജെപി മേയര്‍ സ്ഥാനമേറ്റ ശേഷം പുതിയ കൌണ്‍സില്‍ തീരുമാന പ്രകാരം വയോജനങ്ങള്‍ക്കുള്ള ചികിത്സ പദ്ധതിക്കായി 50 കോടി അനുവദിച്ചുകൊണ്ട് ആദ്യ ഫയല്‍ ഒപ്പുവച്ചു എന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പിന്‍റെ വയോമിത്രം പദ്ധതിയിലേയ്ക്ക് പഴയ കൌണ്‍സില്‍ വകയിരുത്തിയ 50 ലക്ഷം രൂപ നല്‍കുന്ന ഫയലില്‍ ഒപ്പുവയ്ക്കുക മാത്രമാണ് മേയര്‍ ചെയ്തത്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:അധികാരമേറ്റ ശേഷം ബിജെപി മേയര്‍ വയോജന ചികിത്സയ്ക്കായി 50 കോടി അനുവദിക്കുന്ന ഫയല്‍ ഒപ്പുവച്ചു, സത്യമെന്ത്..?

Fact Check By: Vasuki S 

Result: False

Leave a Reply