കാസർഗോഡ് സംഘ പരിവാർ പ്രവർത്തകൻ മുസ്‌ലിം യുവാക്കളെ പേര് ചോദിച്ച് ആക്രമിച്ചോ..?

സാമൂഹികം

വിവരണം

Thejas News എന്ന മാധ്യമത്തിന്റെ ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  മെയ് 27 മുതൽ ഒരുവാർത്ത പ്രചരിപ്പിച്ചു വരുന്നു. “കേരളത്തിലും പേര് ചോദിച്ച് മര്‍ദനം; സൈനുല്‍ ആബിദ് കൊലക്കേസിലെ പ്രതി അറസ്റ്റില്‍ എന്നതാണ് വാർത്തയുടെ തലക്കെട്ട്.”

archived FB post

“എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന യുവാക്കളെ പേര് ചോദിച്ച് മര്‍ദിച്ച സംഭവത്തില്‍ കൊലക്കേസ് അടക്കം എട്ടു കേസുകളിലെ പ്രതിയെ പോലിസ് അറസ്റ്റു ചെയ്തു. സംഘപരിവാര പ്രവര്‍ത്തകനായ കുഡ്‌ലു വ്യൂവേഴ്‌സ് കോളനിയിലെ തേജു എന്ന അജയ് കുമാര്‍ ഷെട്ടി (23) യെയാണ് കാസര്‍കോട് ടൗണ്‍ എസ്‌ഐ ആനന്ദനും സംഘവും അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കറന്തക്കാട് വച്ചാണ് അജയ്കുമാര്‍ ഷെട്ടിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ 1.10 മണിയോടെയാണ് കറന്തക്കാട് താളിപ്പടുപ്പ് മൈതാനത്തിന് സമീപംവച്ച് കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറത്തെ അഷ്‌റഫിന്റെ മകന്‍ സി എച്ച് ഫായിസ് (23), സുഹൃത്ത് അബ്ദുല്ലയുടെ മകന്‍ അനസ് (21) എന്നിവരെ കാര്‍ തടഞ്ഞ് അക്രമിച്ചത്. ഈ കേസില്‍ അജയ് കുമാറിനൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിയെ പോലിസ് തിരയുകയാണ്. ഗള്‍ഫില്‍ നിന്നും വരുന്ന അനസിന്റെ ബന്ധുവിനെ കൂട്ടിക്കൊണ്ടുവരാനായി മംഗളൂരു വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഇരുവരും. ഇതിനിടെ കാറില്‍ ബ്ലൂടൂത്ത് കണക്ട് ചെയ്യുന്നതിനായി കറന്തക്കാട് താളിപ്പടുപ്പ് ഗ്രൗണ്ടിന് സമീപം കാര്‍ നിര്‍ത്തുകയായിരുന്നു. ഈ സമയം എത്തിയ പ്രതികള്‍ കാറിന്റെ ഗ്ലാസില്‍ തട്ടുകയും ഗ്ലാസ് തുറന്നപ്പോള്‍ പേര് ചോദിച്ച് കാറിന് പുറത്തേക്ക് വലിച്ച് താഴെയിട്ട് അക്രമിക്കുകയായിരുന്നുവെന്നുമായിരുന്നു യുവാക്കളുടെ പരാതി” എന്നതാണ് വാർത്തയുടെ ഉള്ളടക്കം.

ഇതേ വാർത്ത മറ്റൊരു അവതരണവുമായി thejasnews മറ്റൊരു പോസ്റ്റായി “കാസര്‍കോട്ട് മുസ്‌ലിം യുവാക്കളുടെ പേര് ചോദിച്ച് മര്‍ദിച്ചു” എന്ന തലക്കെട്ടിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived FB post

archived linkthejasnews
archived linkthejasnews

വടക്കേ ഇന്ത്യയിൽ സംഘ പരിവാർ ആക്രമണത്തിന്റെ പേരിലുള്ള  നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ കാണാറുണ്ട്. അത്തരം വീഡിയോകളിൽ പലതും വസ്തുത പരിശോധന നടത്തുമ്പോൾ വ്യാജ പ്രചാരണമാണെന്ന് ഞങ്ങൾ കണ്ടെത്താറുണ്ട്. വാർത്തകൾ വായിക്കുവാൻ ഞങ്ങളുടെ ലിങ്ക് സന്ദർശിക്കുക

കേരളത്തിൽ പൊതുവെ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമാണ്. മുകളിൽ പറഞ്ഞ പോസ്റ്റിന്റെ വസ്തുത നമുക്ക് അറിയാൻ ശ്രമിക്കാം.. കാസർഗോഡ്  മുസ്‌ലിം യുവാക്കളെ പേര് ചോദിച്ച് അക്രമിച്ചോ..? അക്രമികൾ സംഘ്പരിവാറുകാരാണോ..?

വസ്തുതാ പരിശോധന

ഈ പോസ്റ്റിന്റെ വസ്തുത പരിശോധനയുടെ ആദ്യഘട്ടമായി ഞങ്ങൾ പ്രമുഖ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിൽ വാർത്ത തിരഞ്ഞു. malayalamanoramaonline ചുറ്റുവട്ടം, അക്ഷരം ന്യൂസ് തുടങ്ങിയ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്നാൽ കുറ്റാരോപിതന്റെ സംഘപരിവാർ ബന്ധങ്ങൾ ഈ മാധ്യമങ്ങൾ  വാർത്തകളിൽ പരാമർശിച്ചിട്ടില്ല.

താഴെയുള്ള ലിങ്കുകൾ സന്ദർശിച്ചു വാർത്തകൾ വായിക്കാം

archived linkmanoramaonline
archived linkaksharamnews

വാർത്തയുടെ സത്യസന്ധമായ വസ്തുത അറിയാൻ ഞങ്ങൾ കാസർഗോഡ് ടൗൺ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. “ഫയാസ് എന്നയാൾ ഇതുമായി ബന്ധപ്പെട്ട ഇവിടെ പരാതി നൽകിയിട്ടുണ്ട്. എന്നാൽ നിങ്ങൾ പറയുന്ന വാർത്തയിൽ പറയുന്നപോലെ പേര് ചോദിച്ച ശേഷം പേരിന്റെ പേരിലാണ് ആക്രമിച്ചത്  എന്നൊന്നും പരാതിയിലില്ല.കാർ തടഞ്ഞു കൈകൊണ്ട് അടിച്ചു എന്നാണ്‌ ഫായിസ് എന്നയാൾ നൽകിയ പരാതിയിലുള്ളത്. ഐപിസി സെക്ഷൻ 341, 323, 324, 308 പ്രകാരമാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. FIR No. 302/ 2019 ആണ്. അക്രമത്തിനു പിന്നിലുള്ള കാരണങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നതേയുള്ളു. തെളിവുകളുടെ അടിസ്ഥാനത്തിൽ അജയ് കുമാര്‍ ഷെട്ടി എന്നയാളെ 2019 മെയ് 28 ന്  അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിന്‍റെ അന്വേഷണം നടക്കുന്നതേയുള്ളു. രാഷ്രീയ പ്രശ്നങ്ങളാണോ സാമൂഹികമോ മതപരമായ പ്രശ്നങ്ങളാണോ പിന്നിലെന്ന് അന്വേഷണം നടന്നു കഴിഞ്ഞാലേ തീരുമാനിക്കൂ. അക്രമികൾ സംഘപരിവാർ പ്രവർത്തകരാണോ അതിന്‍റെ അടിസ്ഥാനത്തിലാണോ ആക്രമണം നടത്തിയത് എന്നൊന്നും ഇതുവരെ തെളിഞ്ഞിട്ടില്ല. ഇനിയും വകുപ്പുകൾ കേസിൽ ചേർക്കുന്നത് അന്വേഷണം പുരോഗമിക്കുന്നത് പ്രകാരമായിരിക്കും “ എസ്‌ഐ ഞങ്ങളുടെ പ്രതിനിധിയോട് പങ്കുവച്ചതാണ് ഈ വിവരം

ഞങ്ങളുടെ അന്വേഷണ പ്രകാരം പോസ്റ്റിൽ നല്കിയിരിക്കുന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഉറപ്പിക്കാം

നിഗമനം

ഈ പോസ്റ്റുകളിൽ നൽകിയ വാർത്തയിൽ സംഘപരിവാർ പ്രവർത്തകനാണ് കുറ്റാരോപിതൻ  എന്നു നൽകിയിട്ടുള്ള പരാമർശം തെറ്റാണ്. മാത്രമല്ല പേരുചോദിച്ചു മർദ്ദിച്ചു എന്ന ആരോപണവും പരാതിയിലില്ല എന്നാണു പോലീസ് സ്റ്റേഷനിൽ നിന്നും അറിയാൻ കഴിഞ്ഞത്. അതിനാൽ തെറ്റായ വാർത്ത വഹിക്കുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ  ശ്രമിക്കുക.

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Avatar

Title:കാസർഗോഡ് സംഘ പരിവാർ പ്രവർത്തകൻ മുസ്‌ലിം യുവാക്കളെ പേര് ചോദിച്ച് ആക്രമിച്ചോ..?

Fact Check By: Deepa M 

Result: False