
വിവരണം
ശ്രീജിത്ത് പന്തളം എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും2019 ജൂലൈ 26 ന് DEMOCRATIC THINKERS ജനാധിപത്യ ചിന്തകർ എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന വീർ സവർക്കറുടെ ചിത്രവും ഒപ്പം “ലോകം കണ്ട വിപ്ലവകാരി പൂജനീയ സവർക്കർജിയുടെ വാക്കുകൾ… കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല. വിപ്ലവമൊട്ടിന് ശതകോടി പ്രണാമം”. കൂടാതെ 1867ൽ ബ്രിട്ടീഷ് സൈന്യത്തെ വെറും ചൂരൽ വടികൊണ്ടും ദണ്ഡ കൊണ്ടും നേരിട്ട് ഇന്ത്യക്ക് സ്വാതന്ത്ര്യം വാങ്ങി തന്നു നമ്മെ വിട്ടു പോയ പൂജനീയ സവർക്കർജിയുടെ വാക്കുകൾ…
#കൊല്ലാം_പക്ഷെ_തോല്പിക്കാനാകില്ല ??? എന്ന വിവരണവും പോസ്റ്റിൽ നല്കിയിട്ടുണ്ട്.

archived link | FB post |
സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിൽ ഏറെ മുഴങ്ങിക്കേട്ട പേരാണ് വിനായക് ദാമോദർ സവർക്കർ എന്ന വീര സവർക്കരുടേത്. ദേശീയതയെ മുൻനിർത്തി ഹിന്ദു രാഷ്ട്രം വിഭാവനം ചെയ്ത അദ്ദേഹത്തെ ഒരു ഹിന്ദു വിപ്ലവകാരിയായ ചരിത്രം വിശേഷിപ്പിക്കുന്നുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന ഉദ്ധരിണി അദ്ദേഹത്തിന്റേതാണെന്നാണ് പോസ്റ്റിൽ നൽകിയിട്ടുള്ള അവകാശവാദം. നമുക്ക് ഈ അവകാശവാദത്തിന്റെ വസ്തുത അറിയാൻ ശ്രമിക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ ഈ ഉദ്ധരണി ഗൂഗിളിൽ തിരഞ്ഞപ്പോൾ ക്യൂബയിലെ ലോകപ്രശസ്ത കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഏർണെസ്റ്റോ ചെഗുവേരയുടേതാണ് എന്ന് അറിയാൻ കഴിഞ്ഞു. ചെഗുവേരയെ പറ്റിയുള്ള വിക്കിപീഡിയ പേജിൽ അദ്ദേഹത്തിൻ്റെ അവസാന നിമിഷങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്ത് അദ്ദേഹത്തിൻ്റെ വാക്കുകളായി ഇങ്ങനെ നൽകിയിട്ടുണ്ട്. “നീയെന്നെ കൊല്ലാൻ വരികയാണെന്നറിയാം. ഭീരു.. നിനക്കൊരു മനുഷ്യനെ മാത്രമാണ് കൊല്ലാൻ കഴിയുക. ” ഈ ഉദ്ധരണിയാണ് പിന്നീട് “കൊല്ലാം പക്ഷേ തോല്പിക്കാനാകില്ല” എന്ന് പ്രചരിച്ചു തുടങ്ങിയത്.

ഈ ഉദ്ധരണി വിക്കിക്വോട്ട്സിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Che Guevara – Wikiquote
archived 26 Nov 2015 15:30:20 UTC
പ്രശസ്തമായ ഉദ്ധരണികൾ പ്രസിദ്ധീകരിച്ചിട്ടുള്ള goodreads എന്ന വെബ്‌സൈറ്റിലും ഇതേ വാചകം ചെഗുവേരയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചെഗുവേരയെ കുറിച്ച് മലയാള മനോരമ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഈ ഉദ്ധരിണിയെപ്പറ്റി എടുത്തു പറയുന്നു.

archived link | manoramaonline |
ചെഗുവേരയുടെ 50 മത്തെ ചരമവാർഷികത്തെ കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ച falconpost എന്ന വെബ്‌സൈറ്റ് ലേഖനത്തിന്റെ തലക്കെട്ടായി നൽകിയിരിക്കുന്നത് തന്നെ ഈ വാചകമാണ്.

archived link | falconpost |
വീർ സവർക്കറുടെ പ്രസിദ്ധമായ ഉദ്ധരണികൾ വിക്കി ക്വോട്ട്സ് അവരുടെ ലേഖനത്തിൽ നൽകിയിട്ടുണ്ട്. ലിങ്ക് തുറന്ന് വായിക്കാം.
ഈ ഉദ്ധരണി വീർ സവർക്കാരുടേതല്ല മറിച്ച് ക്യൂബയിലെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഏർണെസ്റ്റോ ചെഗുവേരയുടേതാണ്. അദ്ദേഹത്തെ വെടിവച്ചു കൊല്ലാൻ എത്തിയ സൈനികനോട് അദ്ദേഹം പറഞ്ഞതായി, അദ്ദേഹത്തിന്റെ ഏറ്റവും അവസാനത്തെ വാക്കുകളായി ചരിതം രേഖപ്പെടുത്തിയിട്ടുള്ളത് ഈ വാചകമാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിട്ടുള്ള കാര്യം പൂർണ്ണമായും തെറ്റാണ്. വീർ സവർക്കറുടെതായി നൽകിയിട്ടുള്ള ഉദ്ധരണി യഥാർത്ഥത്തിൽ ചെഗുവേരയുടേതാണ്. അതിനാൽ തെറ്റിദ്ധരിക്കപ്പെട്ട ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Title:കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല എന്ന ഉദ്ധരണി ആരുടേതാണ്…?
Fact Check By: Vasuki SResult: False
