
ഇന്ത്യക്കും പാകിസ്ഥാനുമിടയിലുള്ള തമ്മിലുള്ള സംഘർഷം അതിവേഗം വികസിച്ചതിന് പിന്നാലെ, ഇന്ത്യൻ സേന പാകിസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകള്‍ വരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍ ജനങ്ങള്‍ എടിഎമ്മുകള്‍ക്ക് മുന്‍പില്‍ പണം പിന്‍വലിക്കാന്‍ ക്യൂ നില്‍ക്കുകയാണെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ബാങ്ക് ഓഫ് പാകിസ്ഥാന്‍ എന്നെഴുതിയ കെട്ടിടത്തിന് മുന്നില്‍ നിരവധി പേര്‍ ക്യൂ നില്‍ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. യുദ്ധ സാഹചര്യത്തില്‍ പാകിസ്ഥാനില്‍ സാമ്പത്തിക പ്രശ്ങ്ങള്‍ ജനങ്ങള്‍ അഭിമുഖീകരിച്ചു തുടങ്ങിയതിന്‍റെ ലക്ഷണങ്ങളാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഭാരതവുമായുള്ള യുദ്ധത്തിൽ തങ്ങളുടെ ബാങ്കുകൾ തകരുന്നതിന് മുമ്പ്, പരിഭ്രാന്തരായ പാകിസ്ഥാനികൾ തങ്ങളുടെ പണം പിൻവലിക്കാൻ ബാങ്കുകളിൽ മുന്നിൽ ക്യൂ നിൽക്കുന്ന ദൃശ്യം തീവ്രവാദികൾ വിചാരിച്ചു കോൺഗ്രസ് ആണ് ഭരിക്കുന്നത് എന്ന്. മോഡി ഭരിക്കുമ്പോൾ ഈ രാജ്യത്തെ ചൊറിയാൻ വന്നാൽ അത് ഏതു ഇസ്ലാമിന്റെ പന്നികൾ ആയാലും പണി തന്നിരിക്കും”
എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും വീഡിയോ പഴയതാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഇതേ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ചില വീഡിയോകള്‍ 2021 ഓഗസ്റ്റ് 31 മുതല്‍ പോസ്റ്റ് ചെയ്തത് യൂട്യൂബില്‍ നിന്നും ലഭിച്ചു. അഫ്ഗാനിലെ ജനങ്ങള്‍ കാബൂളിലെ ബാങ്കുകളില്‍നിന്ന് പണം പിന്‍വലിക്കാന്‍ ക്യൂ നില്‍ക്കുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വീഡിയോ നല്‍കിയിരിക്കുന്നത്.
ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ ചില വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. 2021 ഓഗസ്റ്റ് 21 ന് France 24 എന്ന യൂട്യൂബ് ചാനല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ യുഎസ് സൈന്യം പിന്‍വാങ്ങിയതോടെ അഫ്ഗാനിസ്ഥാനിലെ സമ്പദ്‌വ്യവസ്ഥ തകര്‍ച്ച നേരിട്ടതായി പരാമര്‍ശിക്കുന്നു. ഈ റിപ്പോര്‍ട്ടിലും പ്രചരിക്കുന്ന ദൃശ്യങ്ങളിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ തിരഞ്ഞപ്പോള്‍ പല മാധ്യമങ്ങളും ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കിയതായി കണ്ടെത്തി. അഫ്ഗാനില്‍ താലിബാന്‍ ഭരണമേറ്റെടുത്തതിന് പിന്നാലെ നേരത്തെ ഒരുമാസത്തോളം അടച്ചിട്ട ബാങ്കുകള്‍ തുറക്കുകയും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പണം പിന്‍വലിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ബാങ്കുകളിലും എടിഎമ്മുകളിലും വലിയ തിരക്കനുഭവപ്പെട്ടത്. റിപ്പോര്‍ട്ടുകളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലേതിന് സമാനമായ ചിത്രങ്ങളും കാണാം.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 2021 ലെ വീഡിയോയാണ് നിലവിലെ പാകിസ്ഥാനിലേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്.
നിഗമനം
ഭാരതവുമായുള്ള യുദ്ധത്തിൽ പാക് ബാങ്കുകൾ തകരുന്നതിന് മുമ്പ്, പരിഭ്രാന്തരായ പാകിസ്ഥാനികൾ പണം പിൻവലിക്കാൻ ബാങ്കുകളിൽ മുന്നിൽ ക്യൂ നിൽക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് 2021 ഫെബ്രുവരിയില്‍ അഫ്ഗാനില്‍ താലിബാന്‍ ഭരണമേറ്റെടുത്തതിന് പിന്നാലെയുള്ള വീഡിയോ ഉപയോഗിച്ചാണ്. ദൃശ്യങ്ങള്‍ക്ക് പാകിസ്ഥാനുമായോ നിലവിലെ ഇന്ത്യ-പാക് സംഘര്‍ഷവുമായോ യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:യുദ്ധം മൂലം സാമ്പത്തിക പ്രതിസന്ധി, പാകിസ്ഥാന്‍ ജനത ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…
Written By: Vasuki SResult: False
