
തമിഴ്നാട് തിരുപ്പറൻകുണ്ഡ്രം കുന്നിൻ മുകളിൽ കാർത്തിക ദീപം തെളിയിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യം പുനഃസ്ഥാപിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടിരുന്നു. ഭഗവാൻ മുരുകന്‍റെ ആറ് വാസസ്ഥലങ്ങളിൽ ഒന്നാണ് തിരുപ്പറൻകുണ്ഡ്രം. മധുര മുനിസിപ്പൽ കോർപ്പറേഷന്‍റെ ഭാഗമായ തിരുപ്പരൻകുണ്ഡ്രം കുന്നുകളുടെ മുകളിലാണ് ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബദുഷയുടെ ദർഗ സ്ഥിതി ചെയ്യുന്നത്. ദര്‍ഗയ്ക്ക് സമീപമുള്ള ദീപത്തൂണില്‍ ദിപം തെളിയിക്കുന്നതിന് പകരം സാധാരണ സ്ഥലത്ത് ദീപം തെളിയിക്കാനാണ് ക്ഷേത്ര ഭരണകൂടം തീരുമാനിച്ചത്.ഇതിനെതിരെയാണ് വിശ്വാസികൾ അനുകൂല വിധി നേടിയത്
ഡിസംബർ 1 ന് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ പുറപ്പെടുവിച്ച ഉത്തരവിൽ എച്ച്ആർ & സിഇ വകുപ്പിന് കീഴിലുള്ള സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര മാനേജ്‌മെന്‍റിനോട് ക്ഷേത്ര പരിസരത്ത് സാധാരണയായി നിയുക്തമാക്കിയ സ്ഥലങ്ങൾക്ക് പുറമേ, ദീപത്തൂൺ എന്നറിയപ്പെടുന്ന പുരാതന ശിലാസ്തംഭത്തിലും ആചാര വിളക്ക് തെളിയിക്കാൻ നിർദ്ദേശിക്കുന്നു.
കോടതി വിധി നടപ്പിലാക്കാന്‍ വൈകിയതിന് ജില്ലാ കളക്ടറെ ജഡ്ജി ശാസിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ ഈ പശ്ചാത്തലത്തില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
വിര്‍ച്വല്‍ നടപടികള്‍ നടക്കുന്ന കോടതി മുറിയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ജഡ്ജി പറയുന്നതിങ്ങനെ: ഞാന്‍ നിങ്ങളെ കേള്‍ക്കില്ല. എനിക്ക് ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനോടാണ് സംസാരിക്കേണ്ടത്. നിങ്ങളാണോ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്..?
അതേ മി ലോര്‍ഡ്.
ഗവണ്മെന്‍റ് ഓര്‍ഡറാണോ ഹൈകോര്‍ട്ട് ഓര്‍ഡറാണോ വലുത്..?
ഹൈകോര്‍ട്ട് ഓര്‍ഡറാണ് സര്‍… സര്‍ ശരിക്കും ഞങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിരിക്കുകയാണ് സര്‍…
ആരുടെ നിര്‍ദ്ദേശങ്ങള്‍ക്കായാണ്..?
ഹൈകോര്‍ട്ട് നിര്‍ദ്ദേശങ്ങള്‍ക്കായാണ് സര്‍… അല്ല, ഗവര്‍മെന്‍റ് ഓര്‍ഡറിനായാണ് സര്‍…
ഞാന്‍ നിങ്ങള്‍ പറഞ്ഞത് റെക്കോര്‍ഡ് ചെയ്യട്ടെ..?”
തമിഴ്നാട് തിരുപ്പറൻകുണ്ഡ്രം ക്ഷേത്രത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത് നടപ്പിലാക്കാന്‍ വൈകിയതിന് കളക്ടറെ ജഡ്ജി ശാസിക്കുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “തിരുപ്രാം കുണ്ഡ്രം മുരുക ക്ഷേത്രത്തിലെ ദീപം തെളിയിക്കാൻ ഉള്ള മദ്രാസ് ഹൈക്കോടതി വിധി നടപ്പിലാക്കാത്ത കളക്ടറെ ജഡ്ജി ശാസിക്കുന്നു. 👆”
എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് ഇതെന്നും ഈ ദൃശ്യങ്ങള്‍ മൂന്നു വര്‍ഷം പഴയതാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ ദൃശ്യങ്ങള്‍ പാറ്റ്ന ഹൈക്കോടതിയിലേത് എന്ന പേരില്‍ ഇതേ ദൃശ്യങ്ങള്‍ 2022 ഒക്ടോബര്‍ 14 ന് ഒരു യുട്യൂബ് ചാനലില്‍ പങ്കുവച്ചിരിക്കുന്നത് കണ്ടു.

ഇതേ വീഡിയോ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്. എന്നാല്‍ വീഡിയോയെ കുറിച്ച് ആധികാരികമായ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ഒന്നും കണ്ടെത്താനായില്ല. കോവിഡ് കാലത്ത് നിയന്ത്രങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ കോടതികള്‍ കൂടുതലും വിര്‍ച്വല്‍ സിറ്റിങ്ങുകളാണ് നടത്തിയിരുന്നത്. ആ കാലത്തെതാകാം ഈ വീഡിയോ എന്ന് അനുമാനിക്കുന്നു.
തിരുപ്പറൻകുണ്ഡ്രം മുരുക ക്ഷേത്രത്തിലെ കാര്‍ത്തിക ദീപം തെളിയിക്കല്‍ കേസില്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറിയോടും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ക്രമസമാധാനം)യോടും കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ കോടതി നിർദ്ദേശിച്ചു എന്ന് വാര്‍ത്തകളുണ്ട്.

കോടതി ഉത്തരവ് ലംഘിച്ചതിന് ജസ്റ്റിസ് സ്വാമിനാഥൻ ഡിഎംകെ സർക്കാരിനെ വിമർശിക്കുക മാത്രമല്ല, ഹൈക്കോടതി പരിസരത്ത് കാവൽ നിൽക്കുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരോട് വിളക്ക് കത്തിക്കാൻ സഹായിക്കുന്നതിന് 10 പേരുമായി ഹരജിക്കാരനോടൊപ്പം കുന്നുകളിലേക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്തു എന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരുപ്പറൻകുണ്ഡ്രം മുരുകാ ക്ഷേത്രത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കല്‍ കേസില്‍ കോടതി വിധി നടപ്പിലാക്കാത്തതിന് കോടതി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു എന്നാ വാര്‍ത്ത സത്യമാണെങ്കിലും പ്രചരിക്കുന്ന വീഡിയോയ്ക്ക് കേസുമായി യാതൊരു ബന്ധവുമില്ല.
നിഗമനം
തിരുപ്പറൻകുണ്ഡ്രം മുരുക ക്ഷേത്രത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കല്‍ കേസില്‍ കോടതി വിധി നടപ്പിലാക്കാത്തതിന് ഇക്കഴിഞ്ഞ ദിവസംജില്ലാ കളക്ടറെ ജഡ്ജി ശാസിക്കുന്ന ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ 2022 മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതാണ്. ദൃശ്യങ്ങള്‍ക്ക് തിരുപ്പറൻകുണ്ഡ്രം മുരുക ക്ഷേത്രത്തിലെ കാര്‍ത്തിക ദീപം കേസുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:തിരുപ്പറൻകുണ്ഡ്രം ക്ഷേത്രത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത് നടപ്പിലാക്കാന്‍ വൈകിയതിന് കളക്ടറെ ജഡ്ജി ശാസിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…
Fact Check By: Vasuki SResult: False


