ബംഗ്ലാദേശില്‍ ആള്‍ക്കൂട്ട കൊലയ്ക്ക് ഇരയായ ദിപു ചന്ദ്രദാസിനെ പോലിസ് ആള്‍ക്കൂട്ടത്തിന് കൈമാറുന്നു..? ദൃശ്യങ്ങളുടെ സത്യമിങ്ങനെ…

False അന്തര്‍ദേശീയം | International

ബംഗ്ലാദേശിലെ മൈമെൻസിങ് നഗരത്തിൽ ദൈവനിന്ദ ആരോപിച്ച് ദിപു ചന്ദ്ര ദാസ് എന്ന ഫാക്ടറി തൊഴിലാളിയെ ഒരു സംഘം ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയാക്കുകയും തല്ലിക്കൊല്ലുകയുമുണ്ടായി. 27 കാരനായ ദാസ് ഹിന്ദു സമുദായത്തിൽ പെട്ടയാളായിരുന്നു. നഗരത്തിലെ സ്ക്വയർ മാസ്റ്റർബാരി പ്രദേശത്തെ പയനിയർ നിറ്റ് കോമ്പോസിറ്റ് ഫാക്ടറിയിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്.

ബംഗ്ലാദേശി ബംഗാളി വാർത്താ ഏജൻസിയായ ബർത ബസാർ റിപ്പോര്‍ട്ട് പ്രകാരം, ആരോപണങ്ങൾ ഫാക്ടറി പരിസരത്തും പരിസര പ്രദേശങ്ങളിലും അതിവേഗം പടർരുകയും സംഘർഷത്തിന് കാരണമാവുകയുമായിരുന്നു. പിന്നീട് കോപാകുലരായ ജനക്കൂട്ടം ദാസിനെ ആക്രമിക്കുകയും കഠിനമായി മർദ്ദിക്കുകയും ചെയ്തു. ആക്രമണത്തിൽ അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് റിപ്പോർട്ട്.

ഈ പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് പൊലീസ് ദീപു ചന്ദ്ര ദാസിനെ പിടിച്ച് ആൾക്കൂട്ടത്തിന് കൈമാറുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ  പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

ഒരു യുവാവിനെ പൊലീസ് പിടികൂടി കൊണ്ടുപോകുന്നത് വീഡിയോയിൽ കാണാം. ഇത് ദീപു ചന്ദ്രദാസാണ് എന്ന് ഊചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: ”ബംഗ്ലാദേശിലെ ദിപു ചന്ദ്ര ദാസിന്റെ മറ്റൊരു വീഡിയോ പുറത്തായി..

ബംഗ്ലാദേശി പോലീസ് അയാളെ രക്തദാഹികളായ ജനക്കൂട്ടത്തിന് കൈമാറുന്നത് വീഡിയോയിൽ കാണാം..

താൻ ഒന്നും ചെയ്തില്ല, മറിച്ച് ഒരു ഉപകരണമാക്കി മാറ്റിയിരിക്കുന്നു എന്ന് അയാൾ അപേക്ഷിക്കുന്നത് കേൾക്കാം.

🙏🙏🙏”

https://archive.org/details/screencast-www-facebook-com-2025-12-24-19-20-13
FB postarchived link

എന്നാൽ വീഡിയോയിലുള്ളത് ബംഗ്ലാദേശിൽ കൊല്ലപ്പെട്ട ദീപു ദാസ് അല്ലെന്ന് അന്വേഷണത്തിൽ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഈ വർഷം നവംബറിൽ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ ധാക്ക കോളേജ് വിദ്യാർത്ഥിയായ അബ്ദുൾ മോമിനെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴുള്ള ദൃശ്യങ്ങളാണിത്. ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ സമാന വീഡിയോ 2025 നവംബർ 18ന് ബംഗ്ലാദേശി മാധ്യമം ഭോറർ കഗോജ് യുട്യൂബില്‍ പങ്കുവച്ചിട്ടുള്ളതായി കണ്ടു. പോലീസ് കസ്റ്റഡിയിലെടുത്ത വ്യക്തി ധാക്ക കോളേജ് വിദ്യാർത്ഥിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വീഡിയോ നവംബർ മാസം 18 മുതൽ ഇന്‍റര്‍നെറ്റിൽ പ്രചരിക്കുന്നുണ്ട്.

പൊലീസ് പിടിച്ച് കൊണ്ടുപോകുന്ന ആൾ ബംഗാളിയിൽ, “ഭായ്, അമി ധാക്ക കോളേജ്-എർ ഭായ്” എന്ന് പറയുന്നതായി കേൾക്കാം. “സഹോദരാ, ഞാൻ ധാക്ക കോളേജിലാണ്” എന്നാണ് സംഭാഷണത്തിന്‍റെ പരിഭാഷ. അയാൾ ഈ വാചകങ്ങള്‍  തുടര്‍ന്നും പറയുന്നുണ്ട്. 

“ഡിസി മജേ ന അസ്ലെ അമകെ മൈർ ഫെൽറ്റോ, ഉനി ഐസെ സേവ് കോർസെ” എന്ന് പൊലീസ് പിടികൂടിയ ആൾ പറയുന്നുണ്ട്. “ഡിസി ഇടപെട്ടില്ലായിരുന്നെങ്കിൽ അവർ എന്നെ കൊല്ലുമായിരുന്നു, അദ്ദേഹം എന്നെ രക്ഷിച്ചു” എന്നാണ് പരിഭാഷ. പിടികൂടിയ ആളെ വിട്ടയച്ചുകൊണ്ട്, “തുമി അഗെ ജാവോ, അഗെ ജാവോ” എന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നത് കാണാം. “ആദ്യം നീ ഇവിടെ നിന്ന് പോകൂ” എന്നാണത്. “തുമി ഏജ് ഹാൾ-എ ജാബെ ന ഹസ്പതാലെ?” എന്ന് വേറെ ഒരാള്‍ ചോദിച്ചപ്പോള്‍ (ആദ്യം നീ എവിടേക്ക് പോകും, ​​ഹാളിലേക്കോ ആശുപത്രിയിലേക്കോ) മറുപടിയായി അയാള്‍ “ഹാൾ-എ” എന്ന് പറയുന്നു. ബംഗ്ലാദേശിൽ, വിദ്യാർത്ഥികൾ താമസിക്കുന്ന റെസിഡൻഷ്യൽ ഡോർമിറ്ററികളെ ഹാളുകൾ എന്നാണ് പറയുന്നത്.

പൊലീസ് പിടികൂടിയ ആൾ ധരിച്ചിരിക്കുന്ന ടീ ഷർട്ടിൽ ഇടതുവശത്ത് ധാക്ക കോളേജിന്റെ ലോഗോയും വലതുവശത്ത് ‘സെഷൻ 2022-23’ എന്ന ലോഗോയും കാണാം. 

ഭോറർ കഗോജ് പങ്കുവച്ച ഡിയോയിൽ പൊലീസ് പിടികൂടിയ ആളുടെ ടീ ഷർട്ടിന്‍റെ പിന്നിൽ ‘മോമിൻ’ എന്ന പേര് എഴുതിയിരിക്കുന്നതായും കാണാം.

വൈറൽ വീഡിയോയെ കുറിച്ച് ഞങ്ങളുടെ ബംഗ്ലാദേശി ടീമിനോട്  അന്വേഷിച്ചപ്പോള്‍ സംഭവത്തിന് ദിപു ചന്ദ്രദാസ് കൊലപാതകവുമായി യാതൊരു ബന്ധവുമില്ല എന്ന് മറുപടി ലഭിച്ചു. മുന്‍പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കെതിരെ നവംബറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ കോളേജ് വിദ്യാര്‍ഥിയെ പോലിസ് പിടികൂടി പിന്നീട് വിട്ടയച്ച സന്ദര്‍ഭത്തിലെ ദൃശ്യങ്ങളാണിത് എന്ന് ബംഗ്ലാദേശി ടീം സ്ഥിരീകരിച്ചു. പൊലീസ് പിടികൂടിയ വ്യക്തിയെ മോചിപ്പിക്കുന്ന ഉദ്യോഗസ്ഥൻ ധാക്ക മെട്രോപൊളിറ്റൻ പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ മസൂദ് ആലമാണെന്ന് അറിയാന്‍ കഴിഞ്ഞു. 

കൂടാതെ വീഡിയോയുടെ അവസാനം, “ഞങ്ങൾ ഇപ്പോൾ ഞങ്ങളുടെ കാമ്പസിൽ നിന്ന് വന്നതാണ്, നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കണം” എന്ന് മറ്റൊരു വ്യക്തി പറയുന്നതായും കാണാം. 

2025 ഡിസംബർ 18നാണ് മൈമെൻസിംഗിലെ ഭാലുക ഉപസിലയിൽ വച്ച് ദീപു ദാസിനെ ആൾക്കൂട്ടം തല്ലിക്കൊന്ന് മൃതദേഹം കത്തിച്ചതെന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്.

നിഗമനം 

ബംഗ്ലാദേശില്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ ദീപു ചന്ദ്ര ദാസിനെ പോലിസ് ആൾക്കൂട്ടത്തിന് കൈമാറുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ നവംബര്‍ മാസം മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കെതിരെ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ വിദ്യാര്‍ഥിയെ പോലിസ് പിടികൂടി പിന്നീട് വിട്ടയച്ച സംഭവത്തിന്‍റെതാണ്. ദീപു ചന്ദ്ര ദാസിന്‍റെ കൊലപാതകവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ബംഗ്ലാദേശില്‍ ആള്‍ക്കൂട്ട കൊലയ്ക്ക് ഇരയായ ദിപു ചന്ദ്രദാസിനെ പോലിസ് ആള്‍ക്കൂട്ടത്തിന് കൈമാറുന്നു..? ദൃശ്യങ്ങളുടെ സത്യമിങ്ങനെ…

Fact Check By: Vasuki S  

Result: False