ബീഹാറില്‍ പാലം തകര്‍ന്ന വീഡിയോ പഴയതാണ്… വാസ്തവമിങ്ങനെ…

Misleading ദേശീയം | National

ബീഹാറിൽ പാലം തകർന്ന സംഭവങ്ങൾ തുടര്‍ക്കഥ ആയിട്ടുണ്ട്. സംഭവങ്ങളുടെ പേരിൽ ഒരു ഡസനിലധികം എഞ്ചിനീയർമാരെ സസ്‌പെൻഡ് ചെയ്യുന്നത് ഉൾപ്പെടെ നിരവധി നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടും പാലം തകരല്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്.  സംസ്ഥാനത്തെ നിരവധി നദികൾക്ക് കുറുകെയുള്ള പാലങ്ങൾ തകർന്നത് സുപ്രീം കോടതിയും നിരീക്ഷിച്ചിരുന്നു.

ബിഹാറില്‍  പാലം തകര്‍ന്ന് നിരവധി തൊഴിലാളികള്‍ മരിക്കുകയും പലരും മണ്ണിനടിയില്‍ ആവുകയും ചെയ്തു എന്ന വിവരണത്തോടെ   ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

കൂറ്റന്‍ പാലം തകര്‍ന്നു കിടക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്.  “ബീഹാറിൽ, #സുപൗൾ#മധുബാനിക്ക് ഇടയിൽ കോസി നദിയിൽ 1200 കോടി രൂപ ചെലവിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നതിനെത്തുടർന്ന് ഒരു വലിയ #അപകടം സംഭവിച്ചു, അതിൽ നിരവധി #തൊഴിലാളികൾ മണ്ണിനടിയിലാകുകയും #പരിക്കേൽക്കപ്പെടുകയും #മരണപ്പെടുകയും ചെയ്തു” എന്നാണ് ഒപ്പമുള്ള വിവരണം. 

FB postarchived link

എന്നാല്‍, വൈറല്‍ വീഡിയോ പഴയതാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 2024 മാര്‍ച്ചിലുണ്ടായ അപകടത്തിന്‍റെ വീഡിയോയാണിത്.

വസ്തുത ഇതാണ് 

വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം  നടത്തിയപ്പോള്‍ സമാന വീഡിയോ ഉള്‍പ്പെടുത്തി 2024 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ചില റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ന്യൂസ് 18 ഹിന്ദി റിപ്പോര്‍ട്ട് പ്രകാരം ഈ സംഭവം 2024 മാര്‍ച്ച് 22 ന് നടന്നതാണ്. 

കേന്ദ്ര സര്‍ക്കാരിന്‍റെ ഭാരത് മാല പദ്ധതി പ്രകാരം ബീഹാറിലെ സുപോളില്‍ നിര്‍മ്മാണത്തിലിരുന്ന ഈ പാലത്തിന്റെ ഗര്‍ഡര്‍ (സ്ലാബ്) തകര്‍ന്നു വീഴുകയായിരുന്നു. ഈ സംഭവത്തില്‍ ഒരു തൊഴിലാളി മരിക്കുകയും നിരവധി തൊഴിലാളികള്‍ക്ക് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പാലമായി കണക്കാക്കുന്ന ഈ പാലം മിഥിലയെയും  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്നു. 

2024 മാര്‍ച്ച് 22ന്‍റെ അമര്‍ ഉജാല റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 10.2 കിലോമീറ്റര്‍ നീളമുള്ള ഈ പാലം ഭേജ-ബകൗറിനു ഇടയിലുള്ള കോസി നദിയിലാണ് നിര്‍മ്മിക്കുന്നത്. ട്രെയിലറില്‍ സൂക്ഷിച്ചിരുന്ന സ്ലാബ് ഉയര്‍ത്തുന്നതിനിടെ പിന്‍ പൊട്ടിവീണാണ് ഒരു ഭാഗം തകര്‍ന്നത്. ഈ സംഭവത്തില്‍ 11 തൊഴിലാളികള്‍ക്ക് പരിക്കേറ്റു, അതില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും പരിക്കേറ്റ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതവും ധനസഹായം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

തേജസ്വി യാദവ്, പപ്പു യാദവ് എന്നിവരുള്‍പ്പെടെ ബീഹാറിലെ നിരവധി പ്രതിപക്ഷ നേതാക്കള്‍ സംഭവത്തിന്‍റെ വീഡിയോ പങ്കിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. കോസി നദിയില്‍ നിര്‍മ്മിക്കുന്ന ഈ പാലം 2025 ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഈ പാലത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചതായി ഇതുവരെ റിപ്പോര്‍ട്ടുകള്‍ ഒന്നുമില്ല.  

അടുത്തിടെ ബിഹാറിലെ കോസി നദിയില്‍ നിര്‍മ്മിക്കുന്ന പാലം അപകടത്തില്‍പ്പെടുന്ന ദൃശ്യം എന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ പഴയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

ബീഹാറില്‍ അടുത്തിടെ പാലം അപകടത്തില്‍ പെടുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ 2024 മാര്‍ച്ചു 22 ന് നടന്ന അപകടത്തിന്‍റെതാണ്. നിലവില്‍ പാലം നിര്‍മ്മാണം പുരോഗമിക്കുകയാണ്, 2025 ഡിസംബറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് കണക്കാക്കുന്നു. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ബീഹാറില്‍ പാലം തകര്‍ന്ന വീഡിയോ പഴയതാണ്… വാസ്തവമിങ്ങനെ…

Fact Check By: Vasuki S 

Result: Misleading

Leave a Reply