കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിന്‍റെ പഴയ വീഡിയോകള്‍ തുര്‍ക്കി ഭൂകമ്പവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

അന്തര്‍ദേശീയം | International

ഫെബ്രുവരി 6-7 തീയതികളില്‍ തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ പ്രതികൂല കാലാകാസ്ഥയിലും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പൊഴും ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു വലിയ കെട്ടിടം തകർന്നു വീഴുന്ന ദൃശ്യങ്ങള്‍ – തുര്‍ക്കി ഭൂകമ്പത്തെ തുടര്‍ന്നാണ് എന്ന വിവരണത്തോടെ പ്രചരിപ്പിക്കുന്നുണ്ട്.

പ്രചരണം 

റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നതും റോഡരുകിലെ ഒരു കെട്ടിടം നിമിഷാര്‍ദ്ധ നേരം കൊണ്ട് തകര്‍ന്നു ഭൂമിയില്‍ പതിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തുടര്‍ന്നുള്ള ദൃശ്യങ്ങള്‍ മറ്റ് കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുന്നതിന്‍റെതാണ്. ഏകദേശം അഞ്ചു വ്യത്യസ്ഥ ദൃശ്യങ്ങള്‍ ചേര്‍ന്നതാണ് വീഡിയോ. തുര്‍ക്കിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന സൂചനയോടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ:  “മനസ്സിനെ വല്ലാതെ അസ്വസ്ഥ മാക്കുന്നു സിറിയ -തുർക്കി ഭൂകമ്പ കാഴ്ചകൾ 😪😪🙏

നിസ്സഹായരാണ് നമ്മൾ അകമഴിഞ്ഞ പ്രാർത്ഥന മാത്രം 🤲🤲🤲” ആദ്യത്തെ വീഡിയോ വാർത്താ സംഘടനകളായ സിഎൻബിസി ആവാസും ന്യൂസ് 18 ഒഡിയയും തുര്‍ക്കിയുടെ പേരില്‍ പങ്കുവച്ചിരുന്നു. 

FB postarchived link

വൈറലായ വീഡിയോ ദൃശ്യങ്ങളില്‍ നിന്നും ആദ്യത്തെ വീഡിയോയുടെ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍  ജനുവരി 19 ന് യുട്യൂബില്‍ പോസ്റ്റ് ചെയ്ത ഇതേ വീഡിയോ ഞങ്ങൾ കാണാനിടയായി.

ഗൂഗിൾ വിവർത്തനം ഉപയോഗിച്ച് അറബിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത വീഡിയോയുടെ അടിക്കുറിപ്പ്, “ജിദ്ദ ക്ലിയോ 3 പഴയ മക്ക റോഡ്” എന്നാണ്. 

ലഭിച്ച വിവരങ്ങളുടെ സഹായത്തോടെ ഞങ്ങൾ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ തിരഞ്ഞു. തിരച്ചിൽ നടത്തിയപ്പോൾ ‘BANQUE SAUDI FRANSI’ എന്നെഴുതിയ സമാനമായ രൂപത്തിലുള്ള ഒരു കെട്ടിടം ഞങ്ങൾ കണ്ടെത്തി. ഗൂഗിൾ മാപ്പിലെ ഈ ഫോട്ടോ 2017ൽ എടുത്തതാണ്.

കെട്ടിടത്തിന്‍റെ ജിയോലൊക്കേഷൻ:

https://goo.gl/maps/VxAcGsZqJDProNed8

തുര്‍ക്കി ഭൂകമ്പത്തിന് വളരെ മുമ്പ് മുതല്‍ തന്നെ വീഡിയോ ലഭ്യമായതിനാൽ, ഇത് തുര്‍ക്കിയില്‍ നിന്നുള്ളതല്ലെന്ന് വ്യക്തമാണ്. വൈറലായ വീഡിയോയിൽ പൊളിച്ച കെട്ടിടത്തിന്‍റെ മറുവശത്ത് “ബാങ്ക് സൗദി ഫ്രാൻസി” എന്ന ബോർഡ് ഉണ്ടായിരുന്നു. 

ഞങ്ങൾ കെട്ടിടത്തിന്‍റെ കൂടുതൽ ചിത്രങ്ങൾ തിരഞ്ഞപ്പോള്‍ വീഡിയോയിലേതിനോട് സാമ്യമുള്ള ചിത്രങ്ങൾ കണ്ടെത്തി.

സൗദി അറേബ്യയിൽ കെട്ടിടങ്ങൾ പൊളിക്കുന്നതിന് ഒരു കീവേഡ് സെർച്ച് നടത്തുമ്പോൾ, ടൂറിസത്തിനും ബിസിനസ്സിനും വേണ്ടി പ്രദേശങ്ങൾ പുനർവികസിപ്പിച്ചെടുക്കുന്നതിനായി സർക്കാർ ജിദ്ദയിൽ പൊളിക്കൽ ഡ്രൈവ് ആരംഭിച്ചതായി വാർത്താ റിപ്പോർട്ടുകൾ  കണ്ടെത്തി.

മറ്റൊരു വീഡിയോ ഞങ്ങള്‍ തിരഞ്ഞപ്പോള്‍ 2022 ജൂണ്‍ മുതല്‍ പ്രസ്തുത വീഡിയോ ലഭ്യമാണ് എന്നു വ്യക്തമായി. 

ഇന്‍സ്റ്റഗ്രാമില്‍  നിന്നും ലഭിച്ച വീഡിയോ പോസ്റ്റു ചെയ്ത തീയതി 2022 ജൂണ്‍ 21 ആണ്.  

പ്രസ്തുത ദൃശ്യങ്ങള്‍ എവിടെ നിന്നുള്ളതാണ് എന്നു കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. വീഡിയോയ്ക്ക് ലഭിച്ച കമന്‍റുകള്‍ പരിശോധിച്ചപ്പോള്‍ ഗാസയില്‍ നിന്നുള്ളതാണെന്ന്  ചിലര്‍ വിവരം പങ്കുവച്ചതായി കണ്ടു. കെട്ടിടം പൊളിച്ച് നീക്കുന്ന ദൃശ്യങ്ങളാണിതെന്ന് അനുമാനിക്കുന്നു. എന്നാല്‍ തുര്‍ക്കി ഭൂകമ്പവുമായി ഇവയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഉറപ്പാണ്. ടിക്ടോകിലും മറ്റ് ചില വെബ്സൈറ്റുകളിലും ഇതേ വീഡിയോ കെട്ടിടം പൊളിച്ച് നീക്കുന്നു എന്ന ഹാഷ്ടാഗോടെ നല്കിയിട്ടുണ്ട്. 

ആദ്യത്തെ വീഡിയോയുടെ ഇംഗ്ലിഷ് ഫാക്റ്റ് ചെക്ക് വായിക്കാം: 

Is This A Video Of A Building Collapsing During The Earthquake In Turkey? Know The Truth.

നിഗമനം 

തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പങ്ങളുമായി ഞങ്ങളുടെ ലേഖനത്തില്‍  പരാമര്‍ശിച്ച രണ്ടു വീഡിയോകള്‍ക്കും ബന്ധമില്ല. എന്നാല്‍ വൈറല്‍ വീഡിയോയിലെ ചില ദൃശ്യങ്ങള്‍ തുര്‍ക്കി ഭൂകമ്പത്തില്‍ നിന്നുള്ളതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിന്‍റെ പഴയ വീഡിയോകള്‍ തുര്‍ക്കി ഭൂകമ്പവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

Fact Check By: Vasuki S 

Result: PARTLY FALSE