വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലാ മത-രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകള്‍ സേവനവുമായി രംഗത്തുണ്ട്. ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അവരുടെ പേരില്‍ ലേബല്‍ ഒട്ടിച്ച് ഭക്ഷണപ്പോത്തികള്‍ വിതരണം ചെയ്തുവെന്ന് അവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.

പ്രചരണം

ഡി‌വൈ‌എഫ്‌ഐയുടെ പേരുള്ള നോട്ടീസ് ചേര്‍ത്ത് പൊതിഞ്ഞ പൊതിച്ചോറിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. വയനാട്ടില്‍ ഡി‌വൈ‌എഫ്‌ഐ ഇങ്ങനെ പൊതിച്ചോര്‍ വിതരണം ചെയ്യുകയാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “വയനാട് ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്ത വൈറ്റ് ഗാർഡിന്റെ ഭക്ഷണപ്പൊതിയെടുത്ത് 👆DYFI യുടെ നോട്ടീസ് വെച്ച് വിതരണം ചെയ്ത 🫵 വർഗ്ഗം 🫵 നാണമില്ലേ സഖാക്കളെ നിങ്ങൾക്ക് 🫵🫵 ഇതിലും ഭേദം ഞാൻ പറയുന്നില്ല”

എന്നാല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ചിത്രം വ്യാജ പ്രചരണത്തിന് ഉപയോഗിക്കുകയാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2021 ല്‍ X പ്ലാറ്റ്ഫോമില്‍ പങ്കുവച്ച ഇതേ ചിത്രം ലഭ്യമായി. പഴയ ചിത്രമാണിതെന്ന് വ്യക്തമായി. പൊതിച്ചോര്‍ കവര്‍ ചെയ്തിരിക്കുന്ന ഡി‌വൈ‌എഫ്‌ഐ നോട്ടീസില്‍ ഏതാനും ഫോണ്‍ നമ്പറുകള്‍ കാണാം. ഞങ്ങള്‍ അതിലൊന്നില്‍ ബന്ധപ്പെട്ടപ്പോള്‍ കൊല്ലം ജില്ലയിലെ തലവൂരില്‍ ഡി‌വൈ‌എഫ്‌ഐ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായ എസ്. സുജിത്തിനെ ലൈനില്‍ ലഭിച്ചു. സുജിത് ഞങ്ങളുടെ പ്രതിനിധിക്ക് നല്കിയ വിശദീകരണം ഇങ്ങനെ: “ഈ ചിത്രം 2016 കാലഘട്ടത്തിലേതാണ്. ഏതാണ്ട് ഇക്കാലത്താണ് ഡി‌വൈ‌എഫ്‌ഐ പൊതിച്ചോര്‍ പദ്ധതിക്കു തുടക്കമിട്ടത്. ഹൃദയ സ്പര്‍ശം പദ്ധതി പ്രകാരം തലവൂര്‍ ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്നതിനിടെ ആരോ സ്വകാര്യമായി പകര്‍ത്തിയ ചിത്രമാണിത്. പിന്നീട് എല്ലായിടത്തും ചിത്രം വ്യാജ വിവരണങ്ങളോടെ പ്രചരിച്ചു തുടങ്ങി. ഇവിടുത്തെ ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആരും തന്നെ ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവചിട്ടില്ല. എതിര്‍ രാഷ്ട്രീയ കക്ഷികള്‍ ഞങ്ങള്‍ക്കെതിരെ ദുഷ്പ്രചാരണം നടത്താന്‍ വേണ്ടി ചിത്രം കുറെ വര്‍ഷങ്ങളായി ഉപയോഗിക്കുകയാണ്. വയനാടുമായി ചിത്രത്തിന് ബന്ധമൊന്നുമില്ല.”

വര്‍ഷങ്ങള്‍ പഴയ ചിത്രമാണിതെന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു.ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ വയനാട് ദുരിതാശ്വാസ ക്യാമ്പില്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്നില്ലെന്ന് ഡി‌വൈ‌എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. വൈറ്റ് ഗാര്‍ഡ് അലുമിനിയം ഫോയിലിലാണ് വയനാട്ടില്‍ ഭക്ഷണ വിതരണം നടത്തുന്നത്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ പേരെഴുതിയ നോട്ടീസില്‍ പൊതിഞ്ഞുകൊണ്ട് വയനാട് ദുരിതാശ്വാസ ക്യാമ്പില്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്നുവെന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന ചിത്രം 2016 ലേതാണ്. ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ വയനാട് ദുരിതാശ്വാസ ക്യാമ്പില്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്നില്ല. പ്രചരിക്കുന്ന ചിത്രത്തിന് വയനാടുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വയനാട് ദുരിതാശ്വാസ ക്യാമ്പില്‍ ഡി‌വൈ‌എഫ്‌ഐയുടെ നോട്ടീസ് പതിച്ച പൊതിച്ചോര്‍ വിതരണം നടത്തുന്നുവെന്ന് പ്രചരിപ്പിക്കുന്നത് 2016 ലെ ചിത്രം...

Fact Check By: Vasuki S

Result: False