
പ്രചരണം
ഒരുമാസം നീണ്ട ലോക്ക് ഡൗണിന് ശേഷം സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കാൻ ഉത്തരവായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലടക്കം ഇത് വലിയ ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ബിവറേജസ് തുറന്നതിനു പിന്നാലെ ബിവറേജസിനു മുന്നിൽ ക്യൂ നിൽക്കുന്ന ജനങ്ങളുടെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സാമൂഹ്യ അകലമോ വേണ്ടത്ര നിയന്ത്രണങ്ങളോ ഇല്ലാതെയാണ് വലിയ ജനക്കൂട്ടം ബിവറേജസുകളുടെ മുന്നിൽ നില്‍ക്കുന്നത് എന്നാണ് പലരും ചിത്രങ്ങള്‍ പങ്കുവച്ച് അവകാശപ്പെടുന്നത്.
മദ്യപിച്ച് ബോധം നഷ്ടപ്പെട്ട മദ്യപന്മാര്‍ റോഡരുകിൽ കിടക്കുന്ന പല ചിത്രങ്ങളും ഇതിൽ കാണാം. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. ആദ്യഫലങ്ങൾ വന്നു തുടങ്ങി @ മണ്ണാർക്കാട് എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഒരു വ്യക്തി ഒരു ഓട്ടോയിൽ നിന്നും മറിഞ്ഞു വീണുകിടക്കുന്ന ദൃശ്യമാണ് കാണുന്നത്. ഇയാളുടെ കിടപ്പ് ഏതോ യോഗാസനത്തെ ഓര്‍മിപ്പിക്കും. ബിവറേജസ് തുറന്നപ്പോള്‍ മദ്യം വാങ്ങി കഴിച്ചയാളുടെ മണ്ണാര്‍ക്കാട് നിന്നുള്ള ചിത്രം എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്.

എന്നാൽ ചിത്രം മണ്ണാർക്കാട് നിന്നുള്ള അല്ലെന്നും തമിഴ്നാട്ടിൽ ഉള്ളതാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ ചിത്രം പരിശോധിച്ചപ്പോൾ ഓട്ടോയുടെ മുന്‍വശത്തെ ഗ്ലാസ് വിന്‍ഡോയില്‍ തമിഴ് അക്ഷരത്തില്‍ പേര് ആലേഖനം ചെയ്തിരിക്കുന്നത് കാണാം. സമീപത്ത് കാണുന്ന ബൈക്കിന്‍റെ നമ്പര്‍ പ്ലേറ്റിലും TN എന്നാണ് കാണാന്‍ സാധിക്കുന്നത്.

അതിനാല്‍ ചിത്രം കേരളത്തില്‍ നിന്നുള്ളതാകാന്‍ സാധ്യത കുറവാണ്. ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. 2021 ജനുവരി മുതൽ ഈ ചിത്രം തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

തമിഴ്നാട് സർക്കാർ പൊങ്കലിന് 2500 രൂപ വിതരണം ചെയ്തപ്പോൾ മദ്യപന്മാർ അതുപയോഗിച്ച് പൊങ്കൽ ആഘോഷിച്ചത് ഇപ്രകാരമാണ് എന്ന് പരിഹാസ രൂപേണയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജനുവരി മാസം മുതല്‍ പ്രചരിക്കുന്ന ഈ ചിത്രം നിലവില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് തുറന്നു മദ്യ വില്‍പ്പന ആരംഭിച്ചത്തിന്‍റെ ഫലമാണ് എന്നത് പൊള്ളയായ വാദമാണ് എന്ന് സംശയമില്ല. ചിലര്‍ ജനുവരിയില്‍ ഫേസ്ബുക്കില്‍ ഇതേ ചിത്രം പങ്കുവച്ചിട്ടുണ്ട്. ചിത്രം കേരളത്തിൽ നിന്നുള്ളതല്ലെന്നും തമിഴ്നാട്ടിൽ നിന്ന് ഉള്ളതാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കേരളത്തിൽ ബിവറേജസ് തുറന്നുതോടുകൂടി കോടിക്കണക്കിന് രൂപയുടെ മദ്യമാണ് ചുരുങ്ങിയ രണ്ട് ദിവസത്തിനുള്ളിൽ വിറ്റഴിഞ്ഞത്. ഇക്കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എങ്കിലും പോസ്റ്റിലെ ചിത്രം തമിഴ്നാട്ടിൽനിന്നുള്ള പഴയ ചിത്രമാണ്.
നിഗമനം
പോസ്റ്റിലെ ചിത്രം തമിഴ്നാട്ടിൽ നിന്നുള്ള പഴയ ചിത്രമാണ്.കേരളത്തിൽ നിലവിൽ ബിവറേജസ് തുറന്നു വിൽപ്പന നടത്തിയപ്പോള്‍ മദ്യപന്‍ കുടിച്ചു ബോധമില്ലാതെ വഴിയില്‍ കിടക്കുന്നു എന്ന തെറ്റായ പ്രചാരണത്തിന് പഴയ ചിത്രം ഉപയോഗിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:നിലവില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറന്നതിന്‍റെ അനന്തരഫലം എന്ന് പ്രചരിപ്പിക്കുന്നത് തമിഴ്‌നാട്ടില്‍ നിന്നുള്ള പഴയ ചിത്രമാണ്…
Fact Check By: Vasuki SResult: False
