പത്താൻ സിനിമയിൽ കാവി നിറമുള്ള ബിക്കിനി ധരിച്ചതിന് പ്രതിഷേധിക്കുന്ന സംഘപരിവാറിന് മറുപടി കൊടുക്കുന്ന ബോളിവുഡ് താരം ദീപിക പദുകോണിൻ്റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ ബോളിവുഡ് താരം ദീപിക പദുകോൺ, ഷാരുഖ് ഖാൻ എന്നിവരെ നമുക്ക് കാണാം. ചിത്രത്തിൽ ദീപിക വിരൽ ആംഗ്യം കാണിക്കുന്നത് സംഘപരിവാർ പ്രവർത്തകരെയാണെന്ന് അവകാശപ്പെട്ട് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:
“ദീപിക പദുകോണിൻ്റെ അടിവസ്ത്രം കാവി നിറം ആണെന്ന് പറഞ് സംഘപരിവാരം വിരട്ടിയപ്പോൾ, സംഘപരിവാരത്തിൻ്റെ മുഖത്ത് നോക്കി പെണ്ണൊരുത്തി കാട്ടിയ ചിത്രമാണ് ഇത്.
സംഘപരിവാരം ഒന്ന് കണ്ണൂരുട്ടിയപ്പോൾ സ്രാഷ് ട്ടാങ്കം കാലിൽ വീണ
കംബ്ലീറ്റ് വാഴയെ ഒന്ന് ഓർമിപ്പിച്ചെന്നെ ഉള്ളൂ…”
2023ൽ റിലീസ് ആയ ബോളിവുഡ് സിനിമ പത്താൻ വലിയ വിവാദത്തിൽ പെട്ടിരുന്നു. ഈ സിനിമയുടെ ബേഷരം രംഗ് എന്ന ഗാനത്തിൻ്റെ ഒരു രംഗത്തിൽ ദീപിക പദുകോൺ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് സംഘപരിവാർ നേതാക്കൾ ദീപിക ഹിന്ദു മതത്തെ അപമാനിച്ചു എന്ന് ആരോപിച്ചിരുന്നു. മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്രയും കാവി ബിക്കിനിയുള്ള സീനുകൾ നീക്കം ചെയ്തില്ലെങ്കിൽ ഈ സിനിമ മധ്യപ്രദേശിൽ പ്രദർശിപ്പിക്കാൻ സമ്മതിക്കില്ല എന്ന ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഈ പ്രചരണം സത്യമാണോ ഇല്ലയോ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ചിത്രത്തിന് കാവി ബിക്കിനി വിവാദവുമായി യാതൊരു ബന്ധവുമില്ല എന്ന് മനസിലായി. j.llado_photografia എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് ഈ ചിത്രം ആദ്യം 20 മാർച്ച് 2022ന് പോസ്റ്റ് ചെയ്തത്. ഈ വിരൽ ആംഗ്യങ്ങൾ ദീപിക സ്പെയിനിൽ പത്താൻ സിനിമയുടെ ഷൂട്ടിങ്ങിൻ്റെ ചിത്രങ്ങൾ പകർത്തിയ പാപ്പരാസികൾക്കുനേരെയാണ് കാണിച്ചത് എന്ന് പോസ്റ്റിൽ പറയുന്നു.
ഈ കാര്യം അന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ചില റിപോർട്ടുകൾ ഈ ലിങ്കുകൾ ക്ലിക്ക് ചെയ്ത് വായിക്കാം Hauterfly, Spotboye. ഇതിൽ എവിടെയും ദീപിക ഈ ആംഗ്യം സംഘപരിവാർ പ്രവർത്തകർക്കുനേരെയാണ് ഉന്നയിച്ച എന്ന് പറയുന്നില്ല. കാവി ബിക്കിനിയുമായി ബന്ധപ്പെട്ട വിവാദം തുടങ്ങിയത് 12 ഡിസംബർ 2022ന് പത്താനിൻ്റെ ഗാനം ബേഷരം രംഗിൻ്റെ വീഡിയോ യൂട്യൂബിൽ റിലീസ് ആയതിന് ശേഷമാണ്.
അങ്ങനെ മാർച്ചിൽ നടന്ന ഈ സംഭവത്തിന് ഡിസംബറിൽ തുടങ്ങിയ വിവാദവുമായി യാതൊരു ബന്ധമില്ല.
നിഗമനം
പത്താൻ സിനിമയിൽ കാവി നിറമുള്ള ബിക്കിനി ധരിച്ചതിന് പ്രതിഷേധിക്കുന്ന സംഘപരിവാറിന് മറുപടി കൊടുക്കുന്ന ബോളിവുഡ് താരം ദീപിക പദുകോണിൻ്റെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് സ്പെയിനിൽ ഷൂട്ടിങ് നടക്കുമ്പോൾ പാപ്പരാസിയെ ദീപിക കാണിച്ച വിരൽ അംഗങ്ങളുടെ ചിത്രമാണ്. ഈ കാര്യം അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:സംഘപരിവാർ പ്രവർത്തകരെയാണോ ദീപിക പാദുക്കോൺ ചിത്രത്തിൽ മിഡിൽ ഫിംഗർ കാണിക്കുന്നത്? സത്യാവസ്ഥ അറിയൂ…
Written By: Mukundan KResult: False
