കര്‍ണ്ണാടകയിലെ ഉത്തര കന്നഡയില്‍ അങ്കോള ഷിരൂരില്‍ മണ്ണിടിച്ചിലിനിടയില്‍ പെട്ട് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അര്‍ജുനെ ലോറിയടക്കം കാണാതായിട്ട് ഏതാണ്ട് ഒരാഴ്ചയോളമായി. തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും ഇതുവരെ ആശാവഹമായ വഴിത്തിരിവ് ഒന്നുമുണ്ടായിട്ടില്ല. സൈന്യം സംഭവ സ്ഥലത്തെത്തി തിരച്ചില്‍ നടത്തുന്നുണ്ട്. അര്‍ജുനെ കാണാതായ സ്ഥലത്തിന്‍റെ ചിത്രം എന്നവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.

പ്രചരണം

എക്സ്പ്രസ്സ് ഹൈവേയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മണ്ണുമൂടി കിടക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തോടൊപ്പമുള്ള വിവരണത്തില്‍ തിരച്ചിലിനും രക്ഷ പ്രവര്‍ത്തനത്തിനും നേരിടുന്ന സാങ്കേതിക തടസങ്ങളെ കുറിച്ചാണ് പറയുന്നത്. ഒരു മല ഒന്നാകെ ഇടിഞ്ഞ് റോഡ് മൂടിയ സ്ഥലത്ത് ഇങ്ങനെയെ കാര്യങ്ങൾ നടത്താൻ സാധിക്കൂ. . ഫേസ്ബുക്കിൽ അവരെ പഠിപ്പിക്കാൻ ഇറങ്ങിയിട്ടൊന്നും ഒരു കാര്യവും ഇല്ല, ജീവൻ പണയം വെച്ചും രക്ഷാപ്രവർത്തനം നടത്തുന്നവരെ വിമർശിക്കാതെ പിന്തുണ നൽകുക “

FB postarchived link

ഒപ്പമുള്ള ചിത്രത്തിന് ആങ്കോളയിലെ ദുരന്തവുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ തായ് വാനിൽ 2010 ഏപ്രിൽ മാസം മണ്ണിടിച്ചിടേതാണ് ചിത്രം എന്ന് വ്യക്തമാക്കുന്ന സൂചനകൾ ലഭിച്ചു. 2010 ഏപ്രിൽ 25-ന് തായ്‌വാനിലെ ഫോർമോസ ഫ്രീവേയുടെ (നാഷണൽ ഫ്രീവേ നമ്പർ 3) മണ്ണിടിച്ചിലിൽ ഒരു ഭാഗം നശിക്കുകയും മരണം സംഭവിക്കുകയും ചെയ്‌ത സംഭവമാണിത്. കീലുങ്-സിജിഹ് ഭാഗത്തിന്‍റെ 300 മീറ്റർ 200,000 മീറ്റർ മണ്ണും പാറയും കൊണ്ട് മൂടി.:- എന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്ത തായ് മാധ്യമങ്ങള്‍ അറിയിക്കുന്നത്.

മണ്ണിടിച്ചിലിൽ നാല് പേരും മൂന്ന് കാറുകളും മണ്ണിനടിയിലായി. തുടര്‍ന്ന് സൺ യാറ്റ്-സെൻ ഫ്രീവേയിൽ (നാഷണൽ ഫ്രീവേ നമ്പർ 1) കനത്ത ട്രാഫിക് ഉണ്ടായി. മണ്ണിടിച്ചിലിന് കാരണം എന്താണെന്ന് വ്യക്തമല്ലെങ്കിലും, ഹൈവേയ്ക്ക് സമീപമുള്ള കൊടും ചരിവ് മലഞ്ചെരിവ് തകര്‍ച്ച എളുപ്പമാക്കിയെന്ന് വിദഗ്ധർ പറഞ്ഞു.

metro.co.uk

2010 ജൂൺ 19-ന് ഹൈവേയിൽ സാധാരണ നിലയും ക്രമമായ ഗതാഗതവും പുനഃസ്ഥാപിച്ചതായി റിപ്പോർട്ടുണ്ട്. കുത്തനെയുള്ള മലഞ്ചെരിവുകൾ, പതിവ് ഭൂകമ്പങ്ങൾ, ടൈഫൂൺ എന്നിവ കാരണം ലോകത്ത് ഏറ്റവും കൂടുതൽ മണ്ണിടിച്ചിൽ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് തായ്‌വാൻ. 2023-ൽ തായ്‌വാനിൽ കനത്ത മഴ കാരണം കുറഞ്ഞത് രണ്ട് വിനാശകരമായ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഷിരൂരില്‍ തിരച്ചില്‍ നടത്തുന്ന സ്ഥലത്ത് അപകട സാധ്യത കണക്കിലെടുത്ത് സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കും നിയന്ത്രണമുണ്ട്. അതിനാല്‍ അവിടെ നിന്നുമുള്ള ദൃശ്യങ്ങള്‍ പരിമിതമാണ്.

ന്യൂസ് 18 പ്രസിദ്ധീകരിച്ച ബുള്ളറ്റിനില്‍ അപകട സ്ഥലത്തു നിന്നുള്ള ചില ദൃശ്യങ്ങള്‍ കാണാം.

പ്രചരിക്കുന്ന ചിത്രം അങ്കോളയിലെ മണ്ണിടിച്ചിലിന്‍റെതല്ല.

അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിനെ കുറിച്ച് 24 ന്യൂസ് ഏറ്റവും പുതുതായി (ഞങ്ങള്‍ ലേഖനം പൂര്‍ത്തിയാക്കുന്ന സമയംവരെ) പ്രസിദ്ധീകരിച്ച ന്യൂസ് റിപ്പോര്‍ട്ട് കാണാം.

നിഗമനം

കര്‍ണ്ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിന്‍റെ ചിത്രം എന്നവകാശപ്പെട്ട് പ്രചരിക്കുന്ന ചിത്രം തായ് വാനില്‍ 2010 ഏപ്രില്‍ 25 ന് ഉണ്ടായ മണ്ണിടിച്ചിലിന്‍റെതാണ്. കോഴിക്കോട് സ്വദേശി അര്‍ജുനെ കര്‍ണ്ണാടകയിലെ അങ്കോളയില്‍ കാണാതായ മണ്ണിടിച്ചില്‍ അപകടവുമായി പ്രചരിക്കുന്ന ചിത്രത്തിന് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മലയാളി അര്‍ജുനെ കാണാതായ അങ്കോളയിലെ മണ്ണിടിച്ചില്‍ അപകടസ്ഥലം എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് തായ് വാനില്‍ നിന്നുള്ള പഴയ ചിത്രം...

Written By: Vasuki S

Result: Misleading