
വൃശ്ചികം ഒന്നിന് മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമല തീര്‍ഥാടനത്തിനും സമാരംഭമായി. ഭക്തര്‍ നിയന്ത്രണാതീതമായി എത്തിയപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് തിരക്ക് നിയന്ത്രിക്കാനാകാതെ, കാത്തുനിന്ന് തളര്‍ന്ന വയോധികയായ തീര്‍ത്ഥാടകയുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയായി. തിരക്കുകള്‍ നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി പലരും വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ശബരിമലയില്‍ എത്തിയ കുഞ്ഞു മാളികപ്പുറം മാലിന്യ വീപ്പയുടെ അരുകില്‍ കിടന്നുറങ്ങുന്ന ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.
പ്രചരണം
ചുറ്റും മാലിന്യങ്ങള്‍ നിരന്നു കിടക്കുന്ന ഗാര്‍ബേജ് ബാസ്ക്കറ്റിന് സമീപം ചെറിയ പെണ്‍കുട്ടി ഉറങ്ങുന്ന ചിത്രമാണ് കാണുന്നത്. ഈ മണ്ഡലകാലം ആരംഭിച്ചപ്പോള്‍ തന്നെ ശബരിമലയുടെ അവസ്ഥ ഇതാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ചെറിയ കുട്ടികളെകൊണ്ടൊന്നും ഇപ്പോൾ മലയ്ക്ക് പോകരുത് .
മാളികപ്പുറമൊക്കെ ഇങ്ങനെ ചവറ്റുകൂനയ്ക്ക് കീഴെ കിടക്കുന്നത് കാണാൻ വയ്യാത്തത് കൊണ്ട് പറയുന്നതാണ്..”

പര്യാപ്തമായ സൌകര്യങ്ങളുടെ അഭാവം മൂലം ശബരിമല തീര്‍ത്ഥാടകര്‍ ദുരിതം നേരിടുന്നുണ്ട് എന്നത് സത്യമാണ് എങ്കിലും പ്രചരിപ്പിക്കുന്ന ചിത്രം ഏഴുകൊല്ലം പഴയതാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ ചിത്രം ശബരിമല തീര്‍ത്ഥാടകര്‍ നേരിടുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ചയായി 2018 നവംബര്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ നേരിടുന്ന ദുരിതം എന്ന വിവരണത്തോടെ പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടാണ് ചിത്രം പലരും 2018 ല്‍ പങ്കുവച്ചിട്ടുള്ളത്.
ശബരിമലയില്‍ ദിവസം ഒരു ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ എത്തുന്നുണ്ട്. നിലവില്‍ 15 മണിക്കൂര്‍ എങ്കിലും ദര്‍ശനത്തിനായി കാത്തു നില്‍ക്കേണ്ടി വരുന്ന ദുരവസ്ഥയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏതായാലും പ്രചരിക്കുന്ന ചിത്രം പഴയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
നിലവിലെ ശബരിമയിലെ അവസ്ഥ ഇതാണ് എന്നുപറഞ്ഞുകൊണ്ട്, ശബരിമലയില്‍ കുഞ്ഞു മാളികപ്പുറം മാലിന്യ വീപ്പയ്ക്ക് സമീപം കിടന്നുറങ്ങുന്ന ചിത്രം ഏഴുകൊല്ലം പഴയതാണ്. ഇപ്പോഴത്തേത് എന്ന തരത്തില്‍ തെറ്റിധാരണ സൃഷ്ടിക്കാന്‍ പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:നിലവില്‍ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ നേരിടുന്ന ദുരിതം എന്ന് പ്രചരിപ്പിക്കുന്ന ചിത്രം പഴയത്, സത്യമിതാണ്…
Fact Check By: Vasuki SResult: Misleading


