വിവരണം

കേരളത്തില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ വിഷാംശമുള്ളതും ഇല്ലാത്തതും തരം തരിച്ച് സര്‍ക്കാര്‍ പട്ടിക ഇറക്കി എന്ന പേരിലൊരു സന്ദേശം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പിലാണ് പ്രധാനമായും ഈ സന്ദേശം പ്രചരിക്കുന്നത്. ഞങ്ങളുടെ ഫാക്‌ട്‌ലൈന്‍ നമ്പറായ 9049053770 എന്ന നമ്പറിലേക്ക് നിരവധി പേര്‍ ഇതിന്‍റെ സത്യാവസ്ഥ അറിയാന്‍ ബന്ധപ്പെടുകയും ചെയ്തു.

വാട്‌സാപ്പില്‍ പ്രചരിക്കുന്ന സന്ദേശം ഇപ്രകാരമാണ്-

വിഷം കൂടുതല്‍ പുതിനയിലും പയറിലും: വിഷമില്ലാത്ത 26 പച്ചക്കറികളുടെ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടു നാലുവര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കു ശേഷം സംസ്ഥാനകൃഷിവകുപ്പും കാര്‍ഷിക സര്‍വ്വകലാശാലയും ചേര്‍ന്നാണ് പട്ടിക പ്രസിദ്ധീകരിച്ചത്. വിഷരഹിത പച്ചക്കറികളില്‍ ഏറെയും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്നവയാണ്. ഏറ്റവും കൂടുതല്‍ വിഷാംശം പുതിനയിലാണ്. നിത്യവും കഴിക്കുന്ന പച്ചക്കറികളില്‍ വിഷമില്ലാത്തത് ഏത് ? ഏറ്റവും കുറച്ചു വിഷമുള്ളത് ഏതൊക്കെ? വിഷാംശം കൂടുതല്‍ ഉള്ളത് ഏതൊക്കെ പച്ചക്കറികളാണ്. കൃഷിവകുപ്പിന് വ്യക്തമായ ഉത്തരമുണ്ട്. വിഷാംശമില്ലാത്ത 26 ഇനം പച്ചക്കറി ഇനങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തിറക്കിയിരുന്നത്. വെള്ളായണി കാര്‍ഷിക സര്‍വകലാശാലയുടെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബ് മേധാവി ഡോ: തോമസ് ബിജു മാത്യുസ് ആണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. കഴിഞ്ഞ നാലു വര്‍ഷം 4800 ഓളം പച്ചക്കറി സാംപിളുകളുടെ പരിശോധനാ ഫലം അനുസരിച്ച് ഓരോ ഇനത്തിലും കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയ സാംപിളുകളുടെ ശതമാനം ആസ്പദമാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. പരിശോധനാഫലം അറിഞ്ഞതിനു ശേഷം 26 ഇനം പച്ചക്കറികള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്ന് കച്ചവടക്കാരുടെ സാക്ഷ്യം. നാലു വര്‍ഷം എടുത്ത് എണ്‍പതോളം ഉത്പന്നങ്ങള്‍ പരിശോധിച്ചാണ് അധികൃതര്‍ നിഗമനത്തിലെത്തിയത്. കീടനാശിനി 100 കോടിയില്‍ ഒരു അംശംവരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊറ്റോഗ്രാഫ്, മാസ് സ്പെക്രോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പരിശോധന. ഇതില്‍ പല പച്ചക്കറികള്‍ക്കും കീട ശല്യമില്ലാത്തതു കൊണ്ടാണ് കീടനാശിനി പ്രയോഗം നടത്താതിരുന്നതെന്നാണ് നിഗമനം. വിഷാംശം തീണ്ടാത്ത പച്ചക്കറി ഇനങ്ങള്‍ ഇവയാണ്? കുമ്പളം മത്തന്‍ പച്ചമാങ്ങ ചൗചൗ പീച്ചങ്ങ ബ്രോക്കോളി കാച്ചില്‍ ചേന ഗ്രീന്‍ പീസ് ഉരുളക്കിഴങ്ങ് സവാള ബുഷ് ബീന്‍സ് മധുരക്കിഴങ്ങ്വാഴ കൂമ്പ് മരച്ചീനി ശീമചക്ക കൂര്‍ക്ക ലറ്റിയൂസ് ചതുരപ്പയര്‍ നേന്ത്രന്‍ സുക്കിനി ടര്‍ണിപ്പ് ലീക്ക് ഉള്ളി പൂവ് ചൈനീസ് കാബേജ്. എന്നും കഴിക്കുന്ന പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന വിഷത്തിന്റെ അളവ് അറിയാം... ശരീരവും മനസ്സും തണുക്കാന്‍ നല്ലതാണ് പുതിന ഉപയോഗിച്ചുള്ള പാനീയം. വിഷാംശം ഏറ്റവും അധികം പുതിനയില്‍ ആണെന്നാണ് കണ്ടെത്തല്‍- 62%. മലയാളികളുടെ ഭക്ഷണ ശീലത്തില്‍ ഒന്നാമനായ പയറില്‍ 45% മാണ് വിഷാംശം. മറ്റുള്ളവയിലെ വിഷാംശം ഇങ്ങനെ: മഞ്ഞ കാപ്‌സിക്കം (42%) മല്ലിയില- (26 % ) ചുവന്ന കാപ്‌സിക്കം (25 %) ബജി മുളക് ( 20%) ബീറ്റ് റൂട്ട് (18%) കാബേജ് വയലറ്റ് (18%) കറിവേപ്പില( 17%) പച്ചമുളക് ( 16%) കോളിഫ്‌ളവര്‍( 16%) കാരറ്റ് (15 % ) സാമ്പാര്‍ മുളക് ( 13 %) ചുവപ്പ് ചീര(12%) അമരയ്ക്ക( 12%) പച്ച കാപ്‌സിക്കം( 11 %) പച്ചചീര(11%) നെല്ലിക്ക( 11%) പാവയ്ക്ക (10% 10 ശതമാനത്തില്‍ കുറവ് വിഷാംശമുള്ള പച്ചക്കറികള്‍ മുരിങ്ങയ്ക്ക 9 % പടവലം 8 % വഴുതന- 8%- ബീന്‍സ്- 7 % സാലഡ് വെള്ളരി- 7 %- വെള്ളരി 6 % ഇഞ്ചി - 6%- വെണ്ടയ്ക്ക 5 % കത്തിരി 5%- കോവക്ക 4 % തക്കാളി- 4 %- കാബേജ് വെള്ള 4 % ഡോ: തോമസ് ബിജു മാത്യുവിനോടോപ്പം പല്ലവി നായര്‍, ഡോ: തനിയ സാറ വര്‍ഗ്ഗീസ്, ബിനോയി എ കോശി ,പ്രിയ എല്‍, സൂര്യമോള്‍ എസ്. അരുണി. പി എസ്. ശബരിനാശ് കെ എല്‍., ശാല്‍മോന്‍ വി എസ് എന്നിവരാണ് പരിശോധനയില്‍ പങ്കു ചേര്‍ന്നത്. പൊതുസമൂഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യുക..

സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട്-

യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക സര്‍വകലാശാലയുമായി ചേര്‍ന്ന് ഇത്തരത്തിലൊരു പട്ടിക പുറത്ത് വിട്ടിട്ടുണ്ടോ? അങ്ങനെ പുറത്ത് വിട്ടിട്ടുണ്ടെങ്കില്‍ ഇത് ഏറ്റവും പുതിയ വിവരങ്ങള്‍ തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

വിഷം കൂടുതല്‍ പുതിനയിലും പയറിലും എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും 2018 ഫെബ്രുവരി 10ന് മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത റിപ്പോര്‍ട്ട് കണ്ടെത്താന്‍ കഴിഞ്ഞു. ഇപ്പോള്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്ന ഇതെ സന്ദേശമാണ് മനോരമ വാര്‍ത്തയിലെ റിപ്പോര്‍ട്ട് ചെയ്തിര്ക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരും കാര്‍ഷിക സര്‍വകലാശാലയും ചേര്‍ന്നാണ് ഈ പട്ടിക തയ്യറാക്കിയതെന്നത് വാര്‍ത്തയിലില്ലാത്ത വിവരമാണ്. തുടര്‍ച്ചയായ നാല് വര്‍ഷം വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടിയില്‍ 4,800 പച്ചക്കറി സാമ്പിളുകളുടെ സാമ്പിളുകള്‍ പരിശോധിച്ച ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടാണിതെന്നാണ് മനോരമ ഓണ്‍ലൈന്‍ വാര്‍ത്ത. ഇതില്‍ എവിടെയും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയെന്ന് സൂചപിപ്പിച്ചിട്ടില്ല. 2013ല്‍ ആരംഭിച്ച പരിശോധനയുടെ റിപ്പോര്‍ട്ട് 2017ല്‍ പുറത്ത് വന്നതാണെന്നും 2018ല്‍ ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും വാര്‍ത്തയില്‍ വ്യക്തമാക്കുന്നുണ്ട്. അതായത് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലാബില്‍ നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ട് മാത്രമാണിത്.

ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

മനോരമ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

Manorama OnlineArchived Link

സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ കാര്‍ഷിക സര്‍വകലാശാലയുമായി ചേര്‍ന്ന് ഒരു പട്ടിക ഇപ്പോള്‍ പുറത്തിറക്കിയിട്ടുണ്ടോ എന്ന് അറിയാന്‍ ‍ഞങ്ങളുടെ പ്രതിനിധി സംസ്ഥാന കൃഷി മന്ത്രി പി.പ്രസാദിന്‍റെ പ്രൈവെറ്റ് സെക്രെട്ടറിയായ എസ്.വിനോദ് മോഹനുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-

സര്‍ക്കാര്‍ ഇത്തരത്തിലൊരു പട്ടിക പുറപ്പെടുവിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചരണമാണ്. കാര്‍ഷിക കോളജില്‍ നിന്നും ഇത്തരത്തിലൊരു പട്ടിക എപ്പോഴെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്നതിനെ കുറിച്ച് അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


കാര്‍ഷിക സര്‍വകലാശാല 2021ല്‍ ഇത്തരത്തില്‍ വീണ്ടും ഒരു പട്ടിക പുറത്തിറക്കിയിട്ടുണ്ടോ എന്ന വിശദീകരണം പിന്നീട് ഞങ്ങളുടെ റിപ്പോര്‍ട്ടില്‍ ചേര്‍ക്കുന്നതാണ്.

നിഗമനം

2017ല്‍ വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലാബില്‍ നടത്തിയ ഒരു പരിശോധന ഫലമാണിത്. 2018ല്‍ ഇതെ പട്ടിക സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതെ കുറിച്ച് മനോരമ ഓണ്‍ലൈന്‍ വാര്‍ത്തയും അന്ന് നല്‍കിയിരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തിലൊരു പട്ടിക ഇപ്പോള്‍ പുറത്തിറക്കിയിട്ടില്ലെന്ന് കൃഷി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ത്നെ വ്യക്തമാക്കി അതുകൊണ്ട് തന്നെ പ്രചരണം ഭാഗികമായി തെറ്റാണെന്ന് അനുമാനിക്കാം.

Avatar

Title:വിഷാംശമുള്ളതും ഇല്ലാത്തതുമായ പച്ചക്കറികളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിട്ടോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: False