നേതാജി സുഭാഷ്‌ചന്ദ്രബോസിന്‍റെ 125ാ൦ ജന്മദിനം ആഘോഷിക്കാന്‍ കൊല്‍ക്കത്തയില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാജിയുടെ ഡ്രൈവര്‍ കേണല്‍ നിസാമുദ്ദിന്‍റെ കാല്‍ തൊട്ടു വന്ദിക്കുന്നു എന്ന് അവകാശപ്പെട്ട് ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

കോണ്‍ഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരുകള്‍ ‘ദേശദ്രോഹിയാക്കി’ പെന്‍ഷന്‍ പോലും കൊടുകാത്ത നിസാമുദ്ദീനിനെ പ്രധാനമന്ത്രി മോദിയാണ് പെന്‍ഷനും, വീടും, മകള്‍ക്കും ജോലി നല്‍കി എന്നൊക്കെയാണ് പ്രചരണം. പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി മോദി ഒരു വൃദ്ധന്‍റെ കാല്‍ തൊട്ടു വന്ദിക്കുന്നതായി കാണാം. ഈ ചിത്രത്തെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

ഇതു കഴിഞ്ഞ വർഷം ഞാൻ കണ്ട ഒരു ഫോട്ടോ ആണു...!!! നേതാജി യുടെ 125th ജന്മദിനം ആഘോഷിച്ച ഈ വേളയിൽ ഇതിനു വളരെ പ്രാധാന്യം ഉണ്ട്...!!

ലോകാരാധ്യനായ ഭാരതത്തിന്റെ പ്രധാനമ ന്ത്രി ശ്രീ മോദി ജി കൽക്കട്ടയിൽ ഒരു വൃദ്ധന്റെ കാലിൽ തൊട്ട് നമസ്കരിക്കുന്ന ചിത്രം ഒരു പക്ഷേ ചിലർ കണ്ടുകാണും... ആരാണ് ഇദ്ദേഹം? പ്രധാനമന്ത്രി എന്തിനാണ് ഇദ്ദേഹ

ത്തിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങു

ന്നത്?

ഇദ്ദേഹം ആരാണന്നറിയാമോ?

ശ്രീ നിസാമുദ്ദീൻ ... ( കേൾക്കാൻ വഴിയില്ല)

ഇദ്ദേഹം നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഡ്രൈവറും ബോഡീ ഗാർഡുമായിരുന്നു ...

ഇദ്ദേഹത്തിന് 2014 വരെ സ്വാതന്ത്ര്യ സമര പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ കോൺഗ്രസ്സ്, കമ്യൂണിസ്റ്റ് സർക്കാറുകൾ കൊടുത്തിരുന്നില്ല. ഇദ്ദേഹത്തെ ദേശദ്രോഹി

യായിട്ടാണ് ഈ സർക്കാരുകൾ കരുതി പ്പോന്നത്.

2014 -ൽ ശ്രീ മോദിജി അദ്ദേഹത്തിന് പെൻഷൻ നല്കി... വീട് നൽകി... മക്കൾക്ക് ജോലി നൽകി..

കൂടാതെ സ്വാതന്ത്ര്യ സമര സേനാനിയുടെ

പദവി നല്കി...

ഇതുവരെ ഉണ്ടായിട്ടുള്ള ഒരു പ്രധാനമന്ത്രിയും അദ്ദേഹത്തെ തിരിഞ്ഞു നോക്കിയിട്ടില്ല...!!

സത്യത്തെ അധികകാലം മുടിവയ്ക്കാൻ ആർക്കും കഴിയില്ല ...

ജയ് ഹിന്ദ്... വന്ദേ ഭാരതം..

എന്നാല്‍ ഈ അവകാശവാദങ്ങളില്‍ എത്രത്തോളം സത്യാവസ്ഥയുണ്ടെന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ചിത്രത്തെ കുറിച്ച് ആദ്യം അന്വേഷിച്ചു. ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍, ചിത്രം ഏകദേശം ഒരു പതിറ്റാണ്ട് പഴയതാണെന്ന് കണ്ടെത്തി. മെയ്‌ 2014ല്‍ BJP വാരാണസിയില്‍ നടത്തിയ ഒരു പൊതുതെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ കേണല്‍ നിസാമുദ്ദിന്‍ BJPയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ഈ കൂടികാഴ്ച്ചയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

Archived

ഈ സംഭവത്തിന്‍റെ വീഡിയോയും നിങ്ങള്‍ക്ക് താഴെ നല്‍കിയ ആജ് തക്കിന്‍റെ റിപ്പോര്‍ട്ടില്‍ കാണാം. 2014 മെയ്‌ മാസത്തില്‍ വാരണാസിയിലെ റോഹനിയയില്‍ നടന്ന പ്രചാരണ റാലിയിലാണ്. അന്ന് നരേന്ദ്ര മോദി ഭാരതത്തിന്‍റെ പ്രധാനമന്ത്രിയായിരുന്നില്ല.

ദേശദ്രോഹിയായി പ്രഖ്യാപ്പിച്ച് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും അദ്ദേഹത്തിന് സ്വാതന്ത്രസമര സൈനാനികള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ നല്‍കിയില്ല, കുടാതെ മോദിയാണ് 2014ല്‍ ഇദ്ദേഹത്തിന് പെന്‍ഷന്‍, പദവി, വീടും, മകള്‍ക്ക് ജോളിയും നല്‍കിയത് എന്നും പോസ്റ്റില്‍ അവകാശപെടുന്നുണ്ട്. അദ്ദേഹത്തിന് സ്വന്തന്ത്ര സൈനാനികള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ ലഭിച്ചില്ല എന്ന് സത്യമാണ് പക്ഷെ പ്രധാനമന്ത്രി മോദി 2014ല്‍ ഇദ്ദേഹത്തിന് വീടും, പെന്‍ഷനും, മക്കള്‍ക്ക് ജോലി നല്‍കി തുടങ്ങിയുള്ള അവകാശവാദങ്ങളും തെറ്റാണ്.

ജൂലൈ 2016ല്‍ അദ്ദേഹം ദി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹത്തിന് ഇത് വരെ പെന്‍ഷന്‍ ലഭിച്ചില്ല എന്ന് വ്യക്തമാക്കി. കുടാതെ അദ്ദേഹത്തിനോടൊപ്പം താമസിക്കുന്ന അദ്ദേഹത്തിന്‍റെ മുന്നാമത്തെ മകനായ അക്രം ഒരു കര്‍ഷകനാണെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

“എനിക്ക് സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ അല്ലെങ്കില്‍ ഒരു പതക്കമെങ്കിലും ലഭിക്കണം” എന്ന ആഗ്രഹം അദ്ദേഹം ടെലിഗ്രാഫിനോട് പറഞ്ഞു. ഇതിനായി അദ്ദേഹം പ്രധാനമന്ത്രി ജന്‍ധന്‍ അക്കൗണ്ട്‌ തുറന്നു. ബാങ്ക് അക്കൗണ്ട്‌ തുറന്ന ലോകത്തിലെ ഏറ്റവും പ്രായമുള്ള ആള്‍ അദ്ദേഹമാണ് എന്ന് വീട്ടില്‍ അക്കൗണ്ട്‌ തുറന്നു കൊടുക്കാന്‍ എത്തിയ SBI അധികൃതര്‍ അദ്ദേഹത്തെ അറിയിച്ചു. “ഞങ്ങള്‍ യുദ്ധം ചെയ്ത് 1944ല്‍ ഇംഫാല്‍ വരെ എത്തിയിരുന്നു. ഇങ്ങനെയൊരു ജീവിതം നയിച്ച ഞാന്‍ രാജ്യത്തിന്‍റെ സഹായം ലഭിക്കാന്‍ കാത്തിരിക്കുകയാണ്. ഈ ഒരു ആശയിലാണ് ഞാനും എന്‍റെ ഭാര്യ അജ്ബുന്‍ നിഷയും ബാങ്ക് അക്കൗണ്ട്‌ തുറന്നത്. ലോകത്തില്‍ ആദ്യത്തെ ബാങ്ക് അക്കൗണ്ട്‌ തുറന്ന ഏറ്റവും പ്രായം കൂടുതലുള്ള ആളാണ് ഞാന്‍ എന്ന് അക്കൗണ്ട്‌ തുറന്നു കൊടുക്കാന്‍ എത്തിയ SBI ജീവനക്കാര്‍ അറിയിച്ചു”, എന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഫെബ്രുവരി 7, 2017ന് കേണല്‍ നിസാമുദ്ദിന്‍ ലോകത്തിനോട് വിട വാങ്ങി. മരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പ്രായം 117 ആയിരുന്നു. മെയ്‌ 2014നു ശേഷം പ്രധാനമന്ത്രി മോദി കേണല്‍ നിസാമുദ്ദിനിനെ തിരിഞ്ഞു പോലും നോക്കിയില്ല എന്ന് അദ്ദേഹത്തിന്‍റെ മകന്‍ ഷെയ്ഖ്‌ മൊഹമ്മദ്‌ അക്രം ടെലിഗ്രാഫിനോട്‌ പറഞ്ഞിരുന്നു.

വാര്‍ത്ത‍ വായിക്കാന്‍ - The Telegraph | Archived Link

അങ്ങനെ 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേണല്‍ നിസാമുദ്ദിന് പെന്‍ഷന്‍ നല്‍കി എന്ന വാദം തെറ്റാണെന്ന് വ്യക്തമാകുന്നു. വാരണാസിയില്‍ നടന്ന ആ തെരഞ്ഞെടുപ്പ് റാലിക്ക് ശേഷം പ്രധാനമന്ത്രി മോദി കേണല്‍ നിസാമുദ്ദിനിനെ കണ്ടതായി യാതൊരു റിപ്പോര്‍ട്ടുകളും ഇല്ല. 2017ല്‍ കേണല്‍ നിസമുദ്ദിന്‍ അന്തരിച്ചതിനു ശേഷം പ്രധാനമന്ത്രി മോദി പ്രസ്തുത ചിത്രം ട്വീറ്റ് ചെയ്ത് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.

നേതാജി സുഭാഷ്‌ചന്ദ്രബോസിന്‍റെ 125ാ൦ ജന്മദിനത്തിന് രാജ് പഥിന്‍റെ പേര് മാറ്റി കര്‍ത്തവ്യ പത്ത് എന്നാക്കിയിരുന്നു. ഈ സമയത്താണ് ഇന്ത്യ ഗേറ്റില്‍ നേതാജി സുഭാഷ്‌ചന്ദ്രബോസിന്‍റെ പ്രതിമയുടെ ഉദ്ഘാടനം പ്രധാനമന്ത്രി മോദി നിര്‍വഹിച്ചത്.

നിഗമനം

സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രി മോദിയും നേതാജി സുഭാഷ്‌ചന്ദ്രബോസിന്‍റെ ഡ്രൈവറായ കേണല്‍ നിസാമുദ്ദിനിന്‍റെയും ചിത്രം അദ്ദേഹം പ്രധാനമന്ത്രി ആകുന്നതിന് മുമ്പ് എടുത്തതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. കുടാതെ അദ്ദേഹത്തിന് 2014ല്‍ പ്രധാനമന്ത്രി മോദി പെന്‍ഷന്‍ നല്‍കി എന്ന അവകാശവാദവും തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:നേതാജി സുഭാഷ്‌ചന്ദ്രബോസിന്‍റെ ഡ്രൈവറായ കേണല്‍ നിസാമുദ്ദീന്‍റെ കാല്‍ തൊട്ടു വന്ദിക്കുന്ന മോദിയുടെ ചിത്രം അദ്ദേഹം പ്രധാനമന്ത്രി ആകുന്നതിന് മുമ്പെടുത്തതാണ്...

Written By: Mukundan K

Result: Misleading