
വിവരണം
ഡൽഹിയിലെ കരളലിക്കുന്ന ദൈന്യതകൾ…..കനലെരിയുന്ന ക്രൂരതകൾ എന്ന വിവരണത്തോടെ ഒരു ചിത്രം 2020 ഫെബ്രുവരി 27 മുതൽ പ്രചരിക്കുന്നുണ്ട്. 24 മണിക്കൂറിൽ ചിത്രത്തിന് ലഭിച്ചത് 6000 ത്തോളം ഷെയറുകളാണ്. നെറ്റി പൊട്ടി മുഖത്തും ധരിച്ചിരിക്കുന്ന വസ്ത്രത്തിലും രക്തവുമായി നിൽക്കുന്ന ഒരു ആൺകുട്ടിയുടെ ചിത്രമാണ് പോസ്റ്റിലുള്ളത്.

archived link | FB post |
ഡൽഹിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നു വരുന്ന അക്രമങ്ങളിലാണ് ഈ കുട്ടിയുടെ തലയിൽ മുറിവുണ്ടായത് എന്നാണ് പോസ്റ്റിലെ ആരോപണം. ഈ ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ നമുക്കറിയാൻ ശ്രമിക്കാം.
വസ്തുതാ വിശകലനം
ഈ ചിത്രം ഞങ്ങൾ ഗൂഗിൾ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ നിരവധി ട്വിറ്റർ അക്കൗണ്ടുകളിൽ ഇതേ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നതായി കണ്ടു. ചൈനയിൽ മുസ്ലീങ്ങൾക്കുനേരെ നടക്കുന്ന ക്രൂരത എന്ന പേരിലും പൗരത്വ ബില്ലിനെതിരേ ഇന്ത്യയിൽ നടക്കുന്ന അക്രമങ്ങളുടെ പേരിലും ഈ ചിത്രം 2019 ഡിസംബർ മുതൽ പ്രചരിക്കുന്നുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിൽ മാത്രമാണ് ചിത്രം കാണാൻ സാധിച്ചത്. വാർത്താ മാധ്യമങ്ങളിൽ ചിത്രത്തെ പറ്റി യാതൊരു വാർത്തകളും നൽകിയിട്ടില്ല. സാമൂഹിക മാധ്യമങ്ങളിൽ കൂടുതൽ പോസ്റ്റുകളിലും ചിത്രം ഉത്തര്‍പ്രദേശിലെ നസീബാബാദിലേതാണ് എന്ന് പറയുന്നു. പോലീസ് ലാത്തിചാർജിലാണ് കുട്ടിക്ക് പരിക്കേറ്റത് എന്നും പറയുന്നു.

ഈ കുട്ടി ആരാണെന്നോ എങ്ങനെയാണ് ഇത് സംഭവിച്ചതെന്നോ ആധികാരികമായ വാർത്തകൾ ഇല്ല.
ഏതായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം. ഈ ചിത്രത്തിന് ഇപ്പോൾ ഡൽഹിയിൽ നടക്കുന്ന കലാപവുമായി യാതൊരു ബന്ധവുമില്ല.
നിഗമനം
പോസ്റ്റിൽ നാക്കിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ഈ ചിത്രത്തിന് ഇപ്പോൾ ഡൽഹിയിൽ നടക്കുന്ന അക്രമങ്ങളുടെ യാതൊരു ബന്ധവുമില്ല. 2019 ഡിസംബർ മുതൽ ചിത്രം ഇന്‍റർനെറ്റിൽ പ്രചരിക്കുന്നതാണ്. കലാപത്തെ പറ്റി പ്രചരിക്കുന്ന ചിത്രങ്ങളുടെ വസ്തുത അറിയാതെ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നത് കൂടുതൽ ദോഷങ്ങൾ വരുത്തി വയ്ക്കും. അതിനാൽ ഡൽഹി കലാപത്തിന്‍റെ പോസ്റ്റുകൾ ഷെയർ ചെയ്യുന്നവർ കൂടുതൽ ശ്രദ്ധ പുലർത്താൻ അപേക്ഷിക്കുന്നു.

Title:2019 ഡിസംബർ മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന് ഡൽഹി കലാപവുമായി യാതൊരു ബന്ധവുമില്ല
Fact Check By: Vasuki SResult: False
