ഇതുവരെ 357 പേരുടെ ജീവനെടുത്ത വയനാട് ദുരന്തത്തില്‍ ഇനിയും 200ലധികം പേരെ കണ്ടുകിട്ടാനുണ്ടെന്നാണ് വാര്‍ത്തകള്‍. വയനാട്ടിലെ ദുരന്തത്തിന്‍റെ ഇരകളെ ഇനിയും പുനരധിവസിപ്പിക്കേണ്ടതുണ്ട്. അവര്‍ക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു നല്‍കാനായില്ലെങ്കിലും തുടര്‍ജീവിതത്തിന് വേണ്ടതെല്ലാം കൈത്താങ്ങായി കൊടുക്കേണ്ടതുണ്ട്. വ്യവസായ പ്രമുഖരും സന്നദ്ധ സംഘടനകളും സെലിബ്രിറ്റികളുമെല്ലാം ഇതിനായി മുന്നോട്ടുവരുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുകയും ചെയ്തിട്ടുണ്ട്.

മലയാളിയായ പ്രമുഖ വ്യവസായി എം‌എ യൂസഫ് അലിയുടെ മകളുടെ ഭര്‍ത്താവ് വയനാട് ദുരന്ത സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 കോടി സംഭാവന നല്‍കിയെന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം

Dr. ഷംസീർ എം എ യൂസഫലിയുടെ മകളുടെ ഭർത്താവ് 50 കോടി

കേരളത്തിലെ പ്രളയ ദുരന്ത ബാധിതരെ സഹായിക്കാൻ ഇതുവരെ പ്രഖ്യാപിച്ചതിൽ വെച്ച് ഏറ്റവും വലിയ സംഖ്യ പ്രിയങ്കരനായ ഷംസീർ ഡോക്ടറുടേതാണെന്ന് അഭിമാനത്തോടെ പറയാനാവും അമ്പത് കോടി രൂപയാണു ദുരന്ത ബാധിതരെ സഹായിക്കാൻ അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്

നന്ദി.. നന്ദി.. നന്ദി..” എന്ന വാചകങ്ങളും എം‌എ യൂസഫ് അലിയുടെ മകളുടെ ഭര്‍ത്താവ് ഡോ. ഷംസീര്‍ വയലിലിന്‍റെ ചിത്രവുമുള്ള പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്.

FB postarchived link

എന്നാല്‍ ഈ സംഭാവന ഇപ്പോഴത്തെതല്ലെന്നും 2018 ലേതാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ വാര്‍ത്തയുടെ കീവേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ 2018 ല്‍ കേരളത്തിലുണ്ടായ പ്രളയക്കെടുതിയെ നേരിടാന്‍ ഡോ. ഷംസീര്‍ വയലില്‍ 50 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തിരുന്നു. അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

മാത്രമല്ല, ഈ സംഭാവന മാധ്യമ വാര്‍ത്ത ആവുകയും ചെയ്തിരുന്നു. ഇതേ പോസ്റ്റര്‍ 2018 മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇപ്പോള്‍ വയനാട് ദുരന്തം ഉണ്ടായപ്പോള്‍ ഡോ. ഷംസീര്‍ വയലില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കിയതായി ഇതുവരെ വാര്‍ത്തകളില്ല. ഗള്‍ഫ് മാധ്യമമായ ഖലീജ് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം “വിപിഎസ് ഹെൽത്ത്‌കെയറിന്‍റെ ചെയർമാൻ ഡോ. ഷംഷീർ വയലിൽ, അവരുടെ അനുബന്ധ സ്ഥാപനമായ പ്രൊമിത്യൂസ് മെഡിക്കൽ ഇന്‍റർനാഷണലിന്‍റെ അതിവിദഗ്ദ്ധരായ മൗണ്ടൻ റെസ്‌ക്യൂ ടീമിനെ വിട്ടുനല്‍കാമെന്ന് കേരള മുഖ്യമന്ത്രിയെ അറിയിച്ചു. ഖലീജ് ടൈംസ് കണ്ട ഒരു ഇമെയിലിൽ, “ഞങ്ങളുടെ ടീമിനെ ബാധിത പ്രദേശത്തേക്ക് എത്രയും വേഗം വിന്യസിക്കാൻ ഞങ്ങൾ തയ്യാറാണ്, നിങ്ങളുടെ പ്രത്യേക ആവശ്യങ്ങളും ആവശ്യങ്ങളും ഉൾക്കൊള്ളാൻ ഞങ്ങൾ തയ്യാറാണ്.” എന്ന് ഡോ. ഷംഷീർ വയലിൽ കുറിച്ചു.

വിപിഎസ് ഗ്രൂപ്പ് വക്താവ് പറയുന്നതനുസരിച്ച്, കേരള സർക്കാരിന്‍റെ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണ്. മൗണ്ടൻ റെസ്ക്യൂ സ്പെഷ്യലിസ്റ്റുകൾ, എമർജൻസി മെഡിക്കൽ പ്രൊഫഷണലുകൾ, നഴ്സുമാർ എന്നിവരടങ്ങുന്ന ഉയർന്ന യോഗ്യതയുള്ള ഒരു ടീം പ്രൊമിത്യൂസിനുണ്ട്.”

ഗള്‍ഫ് ടൈംസും മറ്റ് ചില മാധ്യമങ്ങളും ഇതേ വാര്‍ത്ത തന്നെയാണ് കൊടുത്തിട്ടുള്ളത്.

നിഗമനം

വയനാട്ടില്‍ ഈയിടെയുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളി വ്യവസായി യൂസഫ് അലിയുടെ മകളുടെ ഭര്‍ത്താവ് ഡോ. ഷംസീര്‍ വയലില്‍ 50 കോടി രൂപ സംഭാവന നല്‍കിയെന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2018 ലെ പ്രളയത്തെ തുടര്‍ന്ന് ഡോ. ഷംസീര്‍ വയലില്‍ 50 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. അതേ പോസ്റ്റര്‍ തന്നെയാണ് ഇപ്പോള്‍ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നത്.

അപ്ഡേറ്റ്: കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ പ്രെസ്സ് സെക്രട്ടറി പി‌എം മനോജ് നല്കിയ മറുപടി ഇങ്ങനെയാണ്: “2018 ലെ പ്രളയ സമയത്ത് ഡോ. ഷംസീര്‍ വയലില്‍ സംഭാവന നല്‍കിയിരുന്നു. വയനാട് ദുരന്തത്തിന് ശേഷം അദ്ദേഹം സംഭാവന നല്‍കി എന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ തെറ്റാണ്.” അതായത് ഡോ. ഷംസീര്‍ വയലില്‍ ഇത്തവണ സംഭാവന ഒന്നും ഇതുവരെ നല്‍കിയിട്ടില്ല എന്നു വ്യക്തമാകുന്നു.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:എം‌എ യൂസഫ് അലിയുടെ മകളുടെ ഭര്‍ത്താവ് വയനാട് ദുരന്ത സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 കോടി സംഭാവന നല്‍കിയെന്ന് പ്രചരിപ്പിക്കുന്ന പോസ്റ്റര്‍ 2018 ലേതാണ്....

Fact Check By: Vasuki S

Result: MISLEADING