നടന്‍ വിജയിന്‍റെ പാര്‍ട്ടി കൊടിമരം ജനം തകര്‍ക്കുന്നുവെന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇതാണ്…

രാഷ്ട്രീയം | Politics

തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ടിവികെ കരൂർ വെസ്റ്റ് സെക്രട്ടറിയെയും  ടിവികെ സംസ്ഥാന നേതാക്കളെയും കേസില്‍ പ്രതിചേർത്തിട്ടുണ്ട്. മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. കുറ്റകരമായ നരഹത്യാ ശ്രമത്തിനുള്ള വകുപ്പ് ചേര്‍ത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍  തിമിഴ്‌നാട്ടില്‍ ജനങ്ങള്‍ ടിവികെയുടെ കൊടിമരം നശിപ്പിക്കുന്നു എന്ന രീതിയില്‍ ഒരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

വിജയ്‌യുടെ ചിത്രമുള്ള ഫ്ലെക്സും കൊടിമരവും ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കുന്നത് ദൃശ്യത്തില്‍ കാണാം. കരൂര്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ നടപടിയാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “നെറ്റിയില്‍ പൊട്ടിട്ട് ഹിന്ദുവാണെന്ന് പറ്റിച്ചിട്ട് കാര്യമില്ല ജോസഫെ. 85% ഹിന്ദുക്കളുടെ സംസ്ഥാനമാണ് തമിഴ്നാട്.  അത് ബിജെപിക്ക് ഉള്ളതാണ്.” “മനുഷ്യരുടെ സ്വപ്നങ്ങൾക്കും ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത ഒരു നേതാവ് ചമഞ്ഞു നടക്കുന്നവനും ഈ മണ്ണിൽ വേണ്ട. ഓപ്പറേഷൻ പൊളിച്ചടക്കൽ.നെറ്റിയിൽ പൊട്ടിട്ട് ഹിന്ദുവാണെന്ന് പറ്റിച്ചിട്ട് കാര്യമില്ല ജോസഫെ. 85% ഹിന്ദുക്കളുടെ സംസ്ഥാനമാണ് തമിഴ്നാട്. അത് ബിജെപിക്ക് ഉള്ളതാണ്🕉️🇮🇳🧡

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരണമാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊതുസ്ഥലത്ത് നിന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളും ഫ്ലെക്സുകളും നീക്കം ചെയ്യുന്ന പഴയ വീഡിയോ ആണിത്. 

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍  സമാനമായ വീഡിയോ ഉള്‍പ്പെടുന്ന പല സോഷ്യല്‍ മീഡിയ പോസ്റ്റുകളും ചില വാര്‍ത്തകളും ലഭിച്ചു. പൊതു സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങള്‍ നീക്കം ചെയ്യാനുള്ള ഹെക്കോടതി നിര്‍ദ്ദേശമുണ്ടായി.  തുടര്‍ന്ന് ജൂണ്‍ 26ന് തമിഴ്‌നാട് സര്‍ക്കാരാണ് കൊടിമരം പൊളിച്ചു നീക്കിയത്.

എബിപി ന്യൂസ് തമിഴ്‌നാട് ഇതേ വീഡിയോ യുട്യൂബില്‍ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. 2025 ജൂണ്‍ 26ന് പങ്കുവച്ചിട്ടുള്ള വീഡിയോയില്‍ ടിവികെ കൊടിമരം ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റുന്നു എന്നാണ് എഴുതിയിട്ടുള്ളത്. എബിപി ന്യൂസിന്റെ ഫേസ്ബുക്ക് പേജിലും സമാനമായ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 

സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും, സമുദായ സംഘടനകളും, മറ്റ് സംഘടനകളും, ദേശീയ പാതകള്‍, സര്‍ക്കാരിന്‍റെ  ഉടമസ്ഥതയിലുള്ള ഭൂമികള്‍ എന്നിവയുള്‍പ്പെടെ പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥിരമായ കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്ന് 2025 മാര്‍ച്ച് ആറിന് നിര്‍ദ്ദേശിച്ച സിംഗിള്‍ ബഞ്ചിന്‍റെ തീരുമാനം മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരി വയ്ക്കുകയായിരുന്നു.

2025 മാര്‍ച്ചിലെ ഹൈക്കോടതി ഉത്തരവിന് ശേഷം തമിഴ്‌നാട് സര്‍ക്കാര്‍ പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പാര്‍ട്ടി കൊടിമരങ്ങള്‍ നീക്കം ചെയ്തു തുടങ്ങിയതായി വാര്‍ത്തകളുണ്ട്. ഡിഎംകെ ഇത് സംബന്ധിച്ച അറിയിപ്പ് പങ്കുവച്ചിരുന്നു. ഏപ്രില്‍ 26ന്‍റെ സത്യം ന്യൂസില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങള്‍ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുന്ന ദൃശ്യങ്ങളുണ്ട്. 

പിന്നീട് സിപിഐഎം തമിഴ്‌നാട് നല്‍കിയ ഹര്‍ജിയില്‍ 2025 ജൂലൈയില്‍ ഈ വിധി താത്ക്കാലികമായി മരവിപ്പിച്ചുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് സിപിഐഎം നല്‍കിയ അപ്പീലില്‍ നിലിവിലെ സ്ഥിതി തുടരാന്‍ ഓഗസ്റ്റ് 26ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേസ് പരിഗണനയിലാണ്.

കരൂര്‍ സംഭവത്തിന് പിന്നാലെ ടിവികെ കൊടിമരം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ 2025 ജൂണിലേതാണ്. 

നിഗമനം 

നടന്‍ വിജയിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയുടെ റാലിക്കിടെ കരൂരില്‍ നടന്ന ദുരന്തത്തിനു പിന്നാലെ ടിവികെയുടെ കൊടിമരം ജനങ്ങള്‍ തകര്‍ക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്, മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ 2025 മാര്‍ച്ചില്‍, സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും, സമുദായ സംഘടനകളും, ദേശീയ പാതകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമികളിലും പൊതു സ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കുന്ന സ്ഥിരം കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്ന ഉത്തരവിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് കൊടിമരം നീക്കം ചെയ്യുന്ന ദൃശ്യങ്ങളാണ്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:നടന്‍ വിജയിന്‍റെ പാര്‍ട്ടി കൊടിമരം ജനം തകര്‍ക്കുന്നുവെന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇതാണ്…

Fact Check By: Vasuki S  

Result: False