
നെയ്യിന്‍റെ ക്യാനില്‍ തോക്കുകള്‍ കടത്താന്‍ ശ്രമിച്ച മുസ്ലിങ്ങളെ പിടികുടുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ നെയ്യിന്‍റെ ക്യാനില്‍ നിന്ന് തോക്കുകള്‍ പിടികൂടുന്നതായി നമുക്ക് കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“”ശ്രീ ഹരി” എന്ന് മുദ്രകുത്തിയ വെണ്ണ ക്യാനുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്തുന്ന പിസ്റ്റളുകൾ”
“ജിഹാ%ദികൾ ആയുധങ്ങൾ കൊണ്ടുപോകുന്നതിനും സൂക്ഷിക്കുന്നതിനും എല്ലാത്തരം രീതികളും ഉപയോഗിക്കുന്നത് എന്തിനുവേണ്ടിയാണ്?. ഇന്ത്യയിൽ ആഭ്യന്തരയുദ്ധം?””
എന്നാല്‍ എന്താണ് ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോ 4 കൊല്ലം മുന്‍പും തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയുണ്ടായിരുന്നു. ഫെബ്രുവരി 2024ല്‍ ഡല്‍ഹി കലാപത്തിന്‍റെ സമയത്ത് സംഘപരിവാര്‍ ആയുധങ്ങള്‍ കടത്താന്‍ ശ്രമിക്കുമ്പോള്‍ പിടികുടി എന്ന തരത്തിലായിരുന്നു ഈ വീഡിയോ അന്ന് തെറ്റായി പ്രചരിപ്പിച്ചത്. ഈ വ്യാജപ്രചരണത്തിനെ കുറിച്ച് ഞങ്ങള്‍ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
ഞങ്ങള്‍ ഈ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ യുട്യൂബില്‍ ലഭിച്ചു. ഇന്ത്യ ടുഡേയുടെ മധ്യപ്രദേശ് തക് എന്ന യുട്യൂബ് ചാനലില്‍ ഈ വീഡിയോ 28 സെപ്റ്റംബര്‍ 2019നാണ് പ്രസിദ്ധികരിച്ചിട്ടുള്ളത്.
ഈ വാര്‍ത്ത പ്രകാരം ഡല്‍ഹി പോലീസ് ഗാസിപ്പുര്‍ അതിര്‍ത്തിയില്‍ നിന്ന് രണ്ട് പേരെ പിടികുടി. ഇവര്‍ തോക്കുകള്‍ കടത്തുന്നവരാണ്. മധ്യപ്രദേശിലെ ഖര്‍ഗോണില്‍ നിന്ന് ഇവര്‍ തോക്കുകള്‍ വാങ്ങിച്ച് നെയ്യിന്‍റെ ക്യാനില്‍ ആയുധങ്ങള്‍ കടത്തി കൊണ്ട് പോകുന്നതിനിടെ ഡല്‍ഹി പോലീസിന്‍റെ പ്രത്യേക സംഘം ഇവരെ പിടികുടി 26 തോക്കുകളും മാഗസിനുകളും കണ്ടെടുത്തു. പിടിയിലായ രണ്ട് പേര് ബന്ധുക്കളാണ്. ഡല്‍ഹിയിലെ ഗുണ്ടകള്‍ക്ക് ആയുധങ്ങള്‍ സപ്ലൈ ചെയ്യലായിരുന്നു ഇവരുടെ ജോലി. മധ്യപ്രദേശിലെ ഭിണ്ട് സ്വദേശി ജീതേന്ദ്ര ജീതു (25), ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശി രാജ് ബഹാദൂര്‍ (30) എന്നിവരാണ് പിടിയിലായത് എന്ന് വീഡിയോയില്‍ ഡി.എസ്.പി. പ്രമോദ് കുശവാഹ പറയുന്നത് നമുക്ക് കേള്‍ക്കാം.
ഈ സംഭവത്തിനെ കുറിച്ച് ദി ഹിന്ദു പ്രസിദ്ധികരിച്ച വാര്‍ത്തയിലും ഇതേ വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്. മധ്യപ്രദേശിലെ ഖര്‍ഗോണില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങി ഡല്‍ഹിയില്‍ വില്‍ക്കാന്‍ കൊണ്ട് വരുന്നതിനിടെ ഡല്‍ഹി പോലീസ് പ്രത്യേക സംഘം ജീതേന്ദ്ര ജീതുവും രാജ് ബഹാദൂറിനെയും പിടികുടി എന്ന് വാര്‍ത്തയില്‍ പറയുന്നു. നെയ്യിന്‍റെ രണ്ട് ക്യാനുകളില്‍ ആയിരുന്നു ഇവര്‍ 26 പിസ്റ്റളുകള്‍ ഡല്‍ഹിയില്‍ കടത്തി കൊണ്ട് വരാന്‍ ശ്രമിച്ചത്.
വാര്‍ത്ത വായിക്കാന്‍ – The Hindu | Archived Link
നിഗമനം
5 കൊല്ലം മുമ്പ് ഡല്‍ഹിയില്‍ തോക്കുകള്‍ കടത്താന്‍ ശ്രമിക്കുന്നവരെ ഡല്‍ഹി പോലീസ് പിടികുടുന്ന ദൃശ്യങ്ങള്‍ മുസ്ലിങ്ങള്‍ ഇന്ത്യയില്‍ ആയുധങ്ങള്‍ കടത്തി ആഭ്യന്തരയുദ്ധം നടത്താന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ഡല്‍ഹിയില്‍ അനധികൃത തോക്കുകള്‍ കടത്തി കൊണ്ട് വരുന്നവരെ പിടികൂടുന്ന, 5 കൊല്ലം പഴയ വീഡിയോ വെച്ച് തെറ്റായ വര്‍ഗീയ പ്രചരണം
Fact Check By: K. MukundanResult: False
