ക്രിസ്ത്യന്‍ പള്ളി പൊളിക്കുന്ന ദൃശ്യങ്ങള്‍ ഇന്ത്യയിലേതല്ല, സത്യമിങ്ങനെ…

അന്തര്‍ദേശീയം | International

ആള്‍ക്കൂട്ടം ഒരു ക്രിസ്ത്യൻ പള്ളി അക്രമിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്.

പ്രചരണം 

കുരിശ് പതിച്ച കെട്ടിടത്തിൽ നിന്നും ഫർണീച്ചറുകൾ വലിച്ചെറിയുന്നതും കെട്ടിടം അക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളതാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ ഇത് പാക്കിസ്ഥാനിൽ അല്ല നരേന്ദ്രമോദി ഭരിക്കുന്ന ഡിജിറ്റൽ ഇന്ത്യയിലാണ്… ഈ കാര്യത്തിൽ പാക്കിസ്ഥാനിലെ മുസ്ലീങ്ങളെ കുറ്റം പറയുന്ന സംഘികളും പാക്കിസ്ഥാനികളും തമ്മിൽ എന്താണ് വ്യത്യാസം..?🚨🚨🚨 നരേന്ദ്രമോഡി കണ്ട ഡിജിറ്റൽ ഇന്ത്യ..⛔⛔”

FB postarchived link

എന്നാല്‍ ദൃശ്യങ്ങള്‍ ഇന്ത്യയിൽ നിന്നുള്ളതല്ലെന്ന് അന്വേഷണത്തിൽ ഞങ്ങള്‍ കണ്ടെത്തി. 2023 ആഗസ്റ്റിൽ പാകിസ്ഥാനിലെ ക്രിസ്ത്യൻ പള്ളിക്ക് നേരെയുണ്ടായ ആക്രമണമാണിത്.

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് അന്വേഷണം  നടത്തിയപ്പോൾ സമാന ദൃശ്യങ്ങള്‍ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ചില റിപ്പോർട്ടുകൾ ലഭ്യമായി. ടിവി5 മോണ്ടേ എന്ന മാധ്യമം 2023 ആഗസ്റ്റ് 17ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് പാകിസ്ഥാനിലെ ജാരൻവാലയിൽ നടന്ന സംഭവമാണിത്. കിഴക്കൻ പാകിസ്ഥാനിൽ ഒരു ക്രിസ്ത്യൻ കുടുംബം ദൈവനിന്ദ നടത്തിയെന്ന് ആരോപിച്ച് നൂറുകണക്കിന് മുസ്ലീങ്ങൾ നിരവധി പള്ളികൾ തീയിട്ടുവെന്നും ഒരു ക്രിസ്ത്യൻ സെമിത്തേരി നശിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. 

ജാരൻവാലയിൽ 2023 ആഗസ്റ്റ് മാസം ക്രിസ്ത്യൻ പള്ളികൾക്ക് നേരെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫൈസലാബാദിലെ ജരൻവാലയിൽ 19 പള്ളികൾ പൂർണ്ണമായും കത്തിനശിച്ചതായും 89 ക്രിസ്ത്യൻ വീടുകൾ കത്തിനശിച്ചതായും ഹ്യൂമൻ റൈറ്റ്സ് ഫോക്കസ് പാകിസ്ഥാൻ (HRFP) ഫാക്റ്റ് ഫൈൻഡിങ് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് ഇക്കണോമിക് ടൈംസ് വാർത്ത. ആഗസ്റ്റ് 16നാണ് ആക്രമണം നടന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 

ഇസ്ലാമിന്‍റെ വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചു എന്നാരോപിച്ചാണ് പാകിസ്ഥാനിലെ ജരൻവാലയിൽ ജനക്കൂട്ടം ക്രിസ്ത്യൻ പള്ളികൾ അക്രമിച്ചതെന്ന് സിഎൻഎൻ ന്യൂസ് 18 റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രദേശത്ത് അർദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ടെന്നും 2023 ആഗസ്റ്റ് 23ന് യൂട്യൂബിൽ പങ്കുവച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വൈറൽ വീഡിയോയിലെ ദൃശ്യം ഉൾപ്പെടുന്ന സിഎൻഎൻ ന്യൂസ് 18 റിപ്പോർട്ട് ചുവടെ കാണാം.

2025 ആഗസ്റ്റ് 18ന്‍റെ ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ വീഡിയോയിലെ  അതേ പള്ളി കത്തിക്കരിഞ്ഞ നിലയിലുള്ള ചിത്രം കാണാം. ഫൈസലാബാദിന്‍റെ പ്രാന്തപ്രദേശത്തുള്ള ജാരൻവാലയിലെ കത്തിനശിച്ച സെന്‍റ് ജോൺ പള്ളിയുടെ ദൃശ്യം എന്ന അടിക്കുറിപ്പോടെ നല്‍കിയിരിക്കുന്നചിത്രത്തിന് എഎഫ്പി ന്യൂസ് ഏജന്‍സിക്ക് ക്രഡിറ്റ് നല്‍കിയിട്ടുണ്ട്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള പള്ളികൾ അക്രമിച്ച 135 പേരെ അധികൃതർ അറസ്റ്റ് ചെയ്തുവെന്നും കലാപത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. 

നിഗമനം 

ഇന്ത്യയിൽ ക്രിസ്ത്യൻ പള്ളി അക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്ന രീതിയിൽ പ്രചരിക്കുന്നത് പാകിസ്ഥാനിൽ 2023 ആഗസ്റ്റ് മാസം നടന്ന ആക്രമണത്തിന്‍റെ ദൃശ്യമാണ്. ഇന്ത്യയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ക്രിസ്ത്യന്‍ പള്ളി പൊളിക്കുന്ന ദൃശ്യങ്ങള്‍ ഇന്ത്യയിലേതല്ല, സത്യമിങ്ങനെ…

Fact Check By: Vasuki S  

Result: False