
144 വര്‍ഷണങ്ങള്‍ കൂടുമ്പോള്‍ മാത്രം നടത്തപ്പെടുന്ന മഹാകുംഭമേള പ്രയാഗ് രാജില്‍ ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെ നടക്കും. കുംഭമേളയുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളും വീഡിയോകളും വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ശരീരം മുഴുവന്‍ പാമ്പുകളുമായി നാഗസാന്യാസിമാര്‍ കുംഭമേളയ്ക്ക് എത്തി എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.
പ്രചരണം
ശരീരം മുഴുവന്‍ ജീവനുള്ള പാമ്പുകളെ ധരിച്ച് ഭസ്മം പൂശി ജഡാധാരിയായി വിചിത്ര വേഷത്തോടെ ഒരാള്‍ നൃത്തച്ചുവടുകളോടെ നടക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. കുംഭമേളയ്ക്ക് എത്തിയ നാഗ സന്യാസിമാരാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*2300 കോടി രൂപ ജനങ്ങളുടെ നികുതിയിണത്തിൽ കയ്യിട്ട് വാരി ചിലവാക്കിയ മോങ്ങിയുടെ മഹാ കുംഭമേളയിലെ ഒരു കാഴ്ച ?… ഭൂതങ്ങളും പ്രേതങ്ങളും നാഗങ്ങളുമായി ഒലക്കയുടെ മൂട്… ഹിമാലയത്തിൽ നിന്നും നാഗ സന്യാസിമാർ ?*
”
എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും ദൃശ്യങ്ങള്‍ക്ക് കുംഭമേളയുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇതേ ദൃശ്യങ്ങൾ എന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 2024 ഒക്ടോബർ 18ന് പങ്കുവെച്ചിരിക്കുന്നതായി കണ്ടു. അതായത് കുംഭമേള നടക്കുന്നതിന് നാലുമാസം മുമ്പ് മുതൽ ഈ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് എന്നർത്ഥം.
കലാകാരനായ അനിൽ മഹാകാല്‍ എന്ന വ്യക്തിയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഡാൻസറും കലാകാരനും ആണെന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ടിന്‍റെ ബയോയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇദ്ദേഹത്തിന് യുട്യൂബ് ചാനലുണ്ട്. അതിലും സമാന വീഡിയോകള്‍ കാണാം.
പരമശിവന്‍റെ വേഷം ധരിച്ചുള്ള നൃത്തങ്ങളാണ് കൂടുതലുള്ളത്.
ഞങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി അനില്‍ മഹാകാലുമായി ബന്ധപ്പെട്ടു.
“വീഡിയോയിലുള്ളത് ഞാൻ തന്നെയാണ്. ബീഹാർ സ്വദേശിയാണ് ഞാൻ. ബീഹാറിലെ മുസാഫർപുർ എന്ന സ്ഥലത്തെ ജാഗരണിൽ വച്ച് പകർത്തിയതാണ് വീഡിയോ. കഴിഞ്ഞ 15 വർഷമായി ജാഗരണുകളിൽ ഞാൻ ശിവ വേഷം കെട്ടി പ്രകടനം നടത്താറുണ്ട്. നാട്ടിലിറങ്ങുന്ന പാമ്പുകളെ പിടികൂടി ഇത്തരം പ്രകടനങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. പിന്നീട് ഇവയെ തിരികെ കാട്ടിൽ വിടും”
മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ നാഗ സന്യാസിമാരെ കുറിച്ചും ഞങ്ങൾ അന്വേഷിച്ചു. അനേകം നാഗ സന്യാസിമാർ കുംഭമേളയിൽ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ നാഗങ്ങളെ അണിഞ്ഞ് എത്തുന്നവരല്ല അവര്‍. നാഗ എന്ന സംസ്കൃത വാക്കിന് പര്‍വതം എന്നു അര്‍ത്ഥമുണ്ട്. ഹിമാലയ സാനുക്കളില്‍ ജീവിക്കുന്നതിനാലാണ് അവര്‍ക്ക് നാഗ സന്യാസികള്‍ പേര് വന്നത്. മഹാകുംഭമേളയ്ക്കെത്തിയ നാഗസന്യാസിമാരെ കുറിച്ച് എഎന്‍ഐ ന്യൂസ് തയ്യാറാക്കിയ ഫീച്ചര്‍ കാണാം:
ഒരു നൃത്ത കലാകാരന്‍ ബീഹാറില്‍ ഒരു കാര്‍ണിവലില്‍ ചെയ്ത കലാരൂപമാണ് ദൃശ്യങ്ങളിലുള്ളതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. ദൃശ്യങ്ങളിലുള്ളത് കുംഭമേയ്ക്കെത്തിയ നാഗസന്യാസിയല്ല. ബീഹാറില്‍ നിന്നുള്ള ഒരു നര്‍ത്തകന്‍ അവതരിപ്പിച്ച നൃത്തമാണിത്. 2024 ഒക്ടോബര്‍ മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമായ ഈ വീഡിയോയ്ക്ക് മഹാകുംഭമേളയുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:നര്‍ത്തകന്‍റെ വീഡിയോ വച്ച് മഹാകുംഭമേളക്കെത്തിയ നാഗസന്യാസി എന്നു പ്രചരണം…
Fact Check By: Vasuki SResult: False
