
പ്രായത്തിന്‍റെ ബുദ്ധിമുട്ടുകള്‍ ശരീരത്തെ നല്ലവണ്ണം ബാധിച്ച ഒരു വൃദ്ധന്‍റെ വീഡിയോ, 154 വയസ്സ് പ്രായമുള്ള ന്യാസിയുടേതാണെന്ന അവകാശവാദത്തോടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
പ്രചരണം
ചുക്കിചുളിഞ്ഞ ചര്‍മ്മവും എല്ലുകള്‍ ദുര്‍ബലമായി കൂനിക്കൂടിയ ശരീരവുമുള്ള പടുവൃദ്ധനായ സന്യാസിയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇദ്ദേഹം കുംഭമേളയ്ക്ക് എത്തിയതാണ് എന്നു സൂചിപ്പിച്ച ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഹിമാലയ സാനുക്കളിൽ നിന്ന്മഹാകും ഭമേളയിൽ പങ്കെടുക്കാനെത്തിയ 154. വയസുള്ള സന്യാസി.
എന്നാല്‍ തെറ്റായ പ്രചരണമാണ് ഇതെന്നും ദൃശ്യങ്ങളിലെ വൃദ്ധ സന്യാസി 2024 ഡിസംബറില്‍ അന്തരിച്ചുവെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ദൃശ്യങ്ങളില്‍ കാണുന്ന വൃദ്ധ സന്യാസിയുടെ പേര് സിയാറാം ബാബ എന്നാണ്. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. മരിക്കുമ്പോള്‍ സിയാറാം ബാബയ്ക്ക് 94 വയസായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മധ്യപ്രദേശിലെ ഖർകോണിൽ നർമ്മദ നദിയുടെ തീരത്തിലുള്ള ഭട്യാൻ ആശ്രമത്തിലായിരുന്നു അദ്ദേഹം ജീവിച്ചത്. ഇദ്ദേഹത്തിനു 189 വയസ് പ്രായമുണ്ട് എന്ന തരത്തില്‍ മുമ്പ് പ്രചരണം നടന്നിരുന്നു. അന്ന് ഞങ്ങള്‍ അന്വേഷണം നടത്തി പ്രസിദ്ധീകരിച്ച ഫാക്റ്റ് ചെക്ക് ലേഖനം വായിക്കാം. 2024 ഡിസംബര്‍ 11ന് ബാബാ സിയാറാം അന്തരിച്ചു. ന്യൂമോണിയ പിടിപെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്.
ഞങ്ങൾ സിയാറാം ബാബയെ കുറിച്ച് അന്വേഷിച്ചപ്പോൾ ദൈനിക് ഭാസ്കർ 2017ൽ പ്രസിദ്ധികരിച്ച ഒരു റിപ്പോർട്ട് ലഭിച്ചു. റിപ്പോർട്ട് പ്രകാരം സിയാറാം ബാബയുടെ ജനനം മുംബൈയിലായിരുന്നു. അദ്ദേഹം 7-8 ക്ലാസ് വരെ അവിടെ പഠിച്ച ശേഷം ഒരു ഗുജറാത്തി പണമിടപാടുകാരന്‍റെ അടുത്ത് ജോലി ചെയ്തു. ഈ സമയത്താണ് ഇദ്ദേഹം ഒരു സന്യാസിയെ കാണുന്നതും അദ്ദേഹത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സിയാറാം സന്യാസിയായി മാറുന്നതും. പിന്നീട് അദ്ദേഹം ഹിമാലയത്തിൽ പോയി തപശ്ചര്യ അനുഷ്ഠിച്ചു എന്ന് റിപ്പോർട്ട് പറയുന്നു. ഇതിന് ശേഷം 1955ൽ അദ്ദേഹം മധ്യപ്രദേശിലെ ഖർകോണിൽ നർമ്മദ നടിയുടെ തീരത്തിലുള്ള ഭട്യാൻ ആശ്രമത്തിൽ വന്നു. അന്ന് മുതൽ അദ്ദേഹം ഇവിടെയാണ് താമസമാക്കിയത്. ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ ഈ റിപ്പോർട്ടുകളും നിങ്ങൾക്ക് വായിക്കാം ലിങ്ക് 1, ലിങ്ക് 2, ലിങ്ക് 3.
ഞങ്ങൾക്ക് ഇദ്ദേഹത്തിന്‍റെ പേര് ഉള്‍പ്പെടുത്തിയ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും ലഭിച്ചു.
ഈ പേജിലൂടെ ഞങ്ങൾ അദ്ദേഹത്തിന്‍റെ ആശ്രമത്തിൽ സേവനം ചെയ്യുന്ന ശുഭം ബിർള എന്ന വ്യക്തിയുമായി ബന്ധപെട്ടു. ഈ പ്രചരണത്തിനെ കുറിച്ച് ശുഭം ബിർളയോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “സിയറാം ബാബ ഈ ആശ്രമത്തില്‍ 60 വര്‍ഷങ്ങളിലധികം കാലമായി താമസിച്ചിരുന്നു. അദ്ദേഹത്തിന്‍റെ പ്രായത്തിനെ കുറിച്ച് പല കിംവദന്തികളും പ്രചരിച്ചിട്ടുണ്ട്. പലരും 90 മുതല്‍ മുകളിലോട്ട് 189 വരെ പ്രായം അദ്ദേഹത്തിന് പറഞ്ഞിരുന്നു. പക്ഷെ ആധാർ കാർഡ് പ്രകാരം മരിക്കുമ്പോള്‍ ഇദ്ദേഹത്തിന്‍റെ പ്രായം 94 വയസ്സാണ്.”
സിയാറാം ബാബയെ സേവിക്കുന്ന ശുഭം ബിർള വ്യക്തമാക്കിയത് അദ്ദേഹത്തിന്‍റെ പ്രായം 94 വയസാണ് എന്നാണ്. എന്നാൽ ഫാക്ട് ക്രെസെൻഡോയ്ക്ക് ഈ കാര്യം വ്യക്തമായി പറയാൻ പറ്റില്ല. പക്ഷെ അദ്ദേഹം 2024 ഡിസംബറില്‍ അന്തരിച്ചു. 2025 ജനുവരി 13 ന് ആരംഭിച്ച കുംഭമേളയില്‍ ഇദ്ദേഹം പങ്കെടുത്തിട്ടില്ല എന്നു ഉറപ്പിച്ച് പറയാന്‍ കഴിയും. ബാബയെ ബാബയെ സേവിക്കുന്നവർ ആരും ഇത്തരത്തിൽ ഒരു വാദം നടത്തിയിട്ടില്ല. ഇത് സമൂഹ മാധ്യമങ്ങളിൽ മാത്രം പ്രചരിപ്പിക്കുന്ന കിംവദന്തിയാണ്.
നിഗമനം
വീഡിയോയിൽ കാണുന്ന സിയാറാം ബാബക്ക് 154 വയസ്സുണ്ടെന്നും അദ്ദേഹം കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തി എന്നുമുള്ള പ്രചരണം തെറ്റാണ്. മധ്യപ്രദേശിലെ വയസ് പ്രായമുണ്ട് എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയ വൃദ്ധസന്യാസി എന്നു പ്രചരിപ്പിക്കുന്നത് കഴിഞ്ഞമാസം അന്തരിച്ച സിയാറാം ബാബയുടെ പഴയ വീഡിയോ…
Fact Check By: Vasuki SResult: False
