വയനാട് ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 300 കടന്നിരിക്കുകയാണ്. ദുരന്തം അപ്രതീക്ഷിതമായി രാത്രി എത്തിയത് മൂലം ആര്‍ക്കും യാതൊരു മുന്‍കരുതലുകളും എടുക്കാന്‍ സാധിച്ചില്ല. മൃഗങ്ങള്‍ക്ക് വരാന്‍ പോകുന്ന പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി നിര്‍ണ്ണയിക്കാന്‍ സാധിക്കുമെന്ന് നാട്ടിന്‍പുറങ്ങളില്‍ പറഞ്ഞുകേള്‍ക്കാറുണ്ട്. വയനാട് ഉരുള്‍പൊട്ടി ദുരന്തമുണ്ടായപ്പോള്‍ ഒരൊറ്റ കാട്ടാനയുടെ പോലും ജഡം ലഭിച്ചില്ല എന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞതായി വാര്‍ത്തകളുണ്ട്. അവ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോയതാവാം എന്ന് നിരീക്ഷകര്‍ അനുമാനിക്കുന്നു.

ഉരുള്‍പൊട്ടലിന് മുമ്പ് വയനാട്ടില്‍ ആനക്കൂട്ടം സുരക്ഷിത സ്ഥാനത്തേയ്ക്ക് നീങ്ങുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം

മഴ പെയ്തുകൊണ്ടിരിക്കുന്നതിനിടെ ആനകള്‍ കൂട്ടമായി റോഡ് മുറിച്ചുകടന്ന് അതിവേഗം നടന്നുനീങ്ങുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇത് വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നതിന് മുമ്പുള്ള ദൃശ്യങ്ങളാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ദുരന്തം സംഭവിക്കും മുന്നേ പ്രകൃതിയുടെ ഉൾവിളിയാൽ മലയിറങ്ങി സുരക്ഷിത സ്ഥലത്തേക്ക് പോകുന്ന ആനക്കൂട്ടം.

മനുഷ്യന് ഇല്ലാതെ പോയതും ഈ വിവേകം.”

FB postarchived link

എന്നാല്‍ ഈ ദൃശ്യങ്ങള്‍ക്ക് അവിടെ ഈയിടെ നടന്ന ഉരുള്‍പൊട്ടല്‍ ദുരന്തവുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ വീഡിയോ 2024 ജനുവരി മുതൽ ഇൻറർനെറ്റിൽ പ്രചരിക്കുന്നുണ്ട് എന്ന് വ്യക്തമായി. വയനാടന്‍ എന്ന ഇൻസ്റ്റഗ്രാം പേജിൽ “900 kandi യിലെ VIP's.. 🔥 എന്ന അടിക്കുറിപ്പില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വയനാട്ടില്‍ 900 കണ്ടി എന്നൊരു സ്ഥലമുണ്ട്. അവിടെ നിന്ന് പകർത്തിയതാകാം വീഡിയോ എന്ന് അനുമാനിക്കുന്നു.

ഏതായാലും 2024 ജനുവരി മുതൽ ഈ ദൃശ്യങ്ങൾ ഇൻറർനെറ്റ് പ്രചരിക്കുന്നുണ്ട് 2024 ജൂലൈ 30ന് വെളുപ്പിനെ ഉണ്ടായ വയനാട് ദുരന്തവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് ഉറപ്പാണ്. മറ്റൊരു ഇൻസ്റ്റഗ്രാം പേജിലും ജനുവരി 12ന് തന്നെ ഇതേ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

വീഡിയോയിൽ കേൾക്കുന്ന സംഭാഷണം മലയാളത്തിലുള്ളതാണ്. കേരളത്തിൽ നിന്നുള്ള വീഡിയോ ആണെന്ന് കരുതാം.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആനക്കൂട്ടം യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ വയനാട് ദുരന്തത്തിന് മുന്നോടിയായിട്ടുള്ളതല്ല. 2024 ജനുവരി മുതൽ ദൃശ്യങ്ങൾ ഇൻറർനെറ്റിൽ ലഭ്യമാണ്.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വയനാട് ദുരന്തം ഉണ്ടാകുന്നതിന് മുന്നോടിയായി ആനക്കൂട്ടം സുരക്ഷിത സ്ഥാനത്തേയ്ക്ക് രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ പഴയതാണ്, സത്യമിങ്ങനെ...

Fact Check By: Vasuki S

Result: MISLEADING