
കർണാടകയിലെ ഹിജാബ് വിവാദത്തെ കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളില്‍ തുടരുകയാണ് ഹിജാബിന്‍റെ പേരില്‍ സ്ത്രീകൾ ഉപദ്രവിക്കപ്പെടുകയാണെന്നും വേട്ടയാടപ്പെടുകയാണെന്നും തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളും നിരവധിപേർ പങ്കുവയ്ക്കുന്നുണ്ട് ഹിജാബ് ധരിച്ച ഒരു യുവതിയെ ഏതാനും ചെറുപ്പക്കാർ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ഒരു വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്
പ്രചരണം
വീഡിയോദൃശ്യങ്ങളിൽ ബുർഖ ധരിച്ച ഒരു യുവതി ചെറുപ്പക്കാരിൽ നിന്നും രക്ഷനേടാനായി അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് കാണാം. കാണാം. അക്രമികൾ അവളുടെ ശരീരത്തില്‍ വെള്ളമോ മറ്റെന്തൊക്കെയോ എറിയാന്‍ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം എന്തൊക്കെയോ വിളിച്ചു പറയുകയും ചെയ്യുന്നുണ്ട്. ഇത് കർണാടകയിൽ നിലവിൽ നടക്കുന്ന വിവാദവുമായി ബന്ധപ്പെട്ടതാണ് എന്ന് സൂചിപ്പിച്ചു കൊണ്ട് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഹിജാബിൻ്റെ പേരിൽ കർണ്ണാടകയിൽ പെൺകുട്ടികൾക്ക് നേരെ അക്രമണം നടത്തുന്ന സംഘികൾ”
ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് 2015 മുതൽ ഇന്‍റർനെറ്റിൽ ലഭ്യമായ വീഡിയോ ആണെന്നും കർണാടകയുമായോ ഇന്ത്യയുമായി തന്നെയോ യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.
വസ്തുത ഇങ്ങനെ
ഞങ്ങൾ വീഡിയോ ഫ്രെയിമുകൾ ആക്കിയ ശേഷം പ്രധാനപ്പെട്ട ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ 2019 ല്‍ ഇതേ വീഡിയോ ഒരു ട്വീറ്റ് നൽകിയിരുന്നതായി കണ്ടു.
വീഡിയോ പഴയതാണ് എന്ന് മനസ്സിലായതിനെ തുടർന്ന് ഞങ്ങൾ കൂടുതൽ അന്വേഷിച്ചപ്പോൾ 2015 ഒക്ടോബര്‍ 28 ന് മൊറോക്കോയിൽ നിന്നുള്ള ഒരു മാധ്യമം വീഡിയോയെ കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനം ലഭിച്ചു.

ഈ ലേഖനത്തിലെ ഉള്ളടക്കം ഇങ്ങനെ: റബാത്ത് – കഴിഞ്ഞയാഴ്ച കാസബ്ലാങ്കയിൽ മൊറോക്കൻ യുവതിയെ കൗമാരക്കാരായ ആൺകുട്ടികളുടെ സംഘം വെള്ളവും മുട്ടയും മാവും എറിഞ്ഞ് ആക്രമിച്ചു.
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാണിക്കുന്ന ഒരു വീഡിയോ ഓൺലൈനിൽ പ്രചരിച്ചത് മൊറോക്കോയിൽ രോഷത്തിന് കാരണമായി. വീഡിയോയിൽ, കറുത്ത നിറമുള്ള അബയ വസ്ത്രം ധരിച്ച പെൺകുട്ടി കാസബ്ലാങ്കയിലെ ഒരു തെരുവിലൂടെ കടന്നുപോകുമ്പോൾ ഡസൻ കണക്കിന് കൗമാരക്കാരായ ആൺകുട്ടികൾ ആക്രമിക്കുന്നതായി കാണുന്നു.
ഭയന്നുവിറച്ച് സഹായത്തിനായി നിലവിളിച്ച യുവതിക്ക് നേരെ അക്രമികള്‍ വെള്ളവും മുട്ടയും മാവും എറിഞ്ഞു. അക്രമികളിലൊരാൾ യുവതിയെ തലമുടിയിൽ പിടിച്ച് വലിക്കാൻ ശ്രമിക്കുന്നതും ഇര വേദന കൊണ്ട് പുളയുന്നതും ദൃശ്യങ്ങളിൽ കാണാം.
കഴിഞ്ഞയാഴ്ച കാസബ്ലാങ്കയിൽ അഷുറ ദിനാചരണത്തിനിടെയായിരുന്നു ആക്രമണം. മൊറോക്കക്കാർ മുഹറത്തിന്‍റെ പത്താം ദിവസം (മുസ്‌ലിം ഹിജ്‌റി കലണ്ടറിലെ ആദ്യ മാസം) ആഷുറാ ആഘോഷിക്കുന്നു.”
ഈ സംഭവമാണ് കര്‍ണ്ണാടകയില്‍ ഇപ്പോള്‍ നടക്കുന്ന ഹിജാബ് വിവാദവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത്.
നിഗമനം
പോസ്റ്റിലെ വീഡിയോ 2015 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. മൊറോക്കോയിലെ കാസാബ്ലാങ്കയില്‍ 2015 ല്‍ ആശൂറാ ആഘോഷത്തിന്‍റെ സമയത്ത് ഒരു യുവതിയെ ചില സാമൂഹ്യ വിരുദ്ധര്‍ ഉപദ്രവിക്കുന്നതിന്‍റെ വീഡിയോ ആണിത്. ഈ ദൃശ്യങ്ങള്‍ക്ക് നിലവില്‍ കര്‍ണ്ണാടകയില്‍ നടക്കുന്ന ഹിജാബ് വിവാദവുമായി യാതൊരു ബന്ധവുമില്ല.

Title:2015 മുതല്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് നിലവില്‍ കര്‍ണ്ണാടയില്‍ നടക്കുന്ന ഹിജാബ് വിവാദവുമായി യാതൊരു ബന്ധവുമില്ല…
Fact Check By: Vasuki SResult: False
