
വിവരണം
ഐ പി എല്‍ ക്രിക്കറ്റ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ്ചാമ്പ്യന്‍ മാരായ വാര്‍ത്ത നമ്മള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ കണ്ടിരുന്നു. അതിനു ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറല്‍ ആകുന്നുണ്ട്. റിലയന്‍സ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനിയുടെ പത്നി നിത അംബാനി ഐ പിഎല്‍ ട്രോഫിയുമായി ഒരു അമ്പലം സന്ദര്‍ശിക്കുന്ന വീഡിയോ ആണിത്. വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “👍💐 #I.P.L ട്രോഫി ആദ്യമായി എത്തിയത് ഭഗവാൻ #രാമനും,സീതാദേവിക്കും മുൻപിൽ ;ഭാരത് സംസ്കാരം വിജയി ഭ:വ💐👍”
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന അവകാശവാദം ശ്രീരാമന്‍റെയും സീതാദേവിയുടെയും ക്ഷേത്രത്തില്‍ നിത അംബാനി ഐ പി എല്‍ ട്രോഫിയുമായി എത്തി എന്നാണ്.
എന്നാല്‍ ഞങ്ങള്‍ ഈ വാര്‍ത്തയെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ലഭിച്ച വിശദാംശങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാം
വസ്തുതാ വിശകലനം
ഞങ്ങള്‍ പതിവുപോലെ ആദ്യം ഇന്‍വിഡ് വി വെരിഫൈ ഉപയോഗിച്ച് വീഡിയോ വിവിധ കീ ഫ്രെയിമുകളായി വിഭജിച്ച ശേഷം അതില്‍ ചില ഫ്രെയിമുകള്‍ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. അപ്പോള്‍ വീഡിയോ സംബന്ധിച്ച യഥാര്‍ത്ഥ വസ്തുത ലഭിച്ചു.
വീഡിയോ കഴിഞ്ഞ കൊല്ലത്തേതാണ്. കഴിഞ്ഞ കൊല്ലം അതായത് 2019 ല്‍ മുംബൈ ഇന്ത്യന്‍സ് കിരീടം നേടിയപ്പോള്‍ നിത അംബാനി അവരുടെ വസതിയായ ആന്റിലിയയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലേയ്ക്കാണ് ഐപിഎല്‍ ട്രോഫി കൊണ്ട് പോയത്. 2019 മേയ് 14 മുതല്‍ ഇതേപ്പറ്റി മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രകാരം “നിത അംബാനി തന്‍റെ ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ വിജയം ആഘോഷിച്ചു. മുംബൈയിലെ അംബാനി വസതിയായ ആന്റിലിയയിൽ നടന്ന ആഘോഷത്തിൽ മുഴുവൻ ക്രിക്കറ്റ് ടീമും കുടുംബങ്ങളും പങ്കെടുത്തു. ചെന്നൈ സൂപ്പർകിംഗിനെതിരായ ഫൈനലിന് ശേഷം മുംബൈ ഇന്ത്യൻസ് ഇന്ത്യൻ പ്രീമിയർ ലീഗ് 2019 ട്രോഫി നേടി.
മുംബൈ ഇന്ത്യൻസ് ടീമിന്റെ ഉടമയായ നിത അംബാനി കളിക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ഒരു പാർട്ടി നടത്തി. പാർട്ടിക്ക് മുമ്പ് ശ്രീകൃഷ്ണ ഭഗവാന് നന്ദി അറിയിച്ചു കൊണ്ട് നിത ക്ഷേത്രത്തിൽ പോയി. ഇൻസ്റ്റാഗ്രാം ഉപയോക്താവ് വൈറൽ ഭയാനി അടുത്തിടെ നിതയുടെ ആന്റിലിയ വീട്ടിലെ ക്ഷേത്രത്തിൽ നിന്നുമുള്ള വീഡിയോ പോസ്റ്റ് ചെയ്തു.
വീഡിയോയിൽ, നിത തന്‍റെ വീടിനുള്ളിലെ ക്ഷേത്രത്തിലേക്ക് നഗ്നപാദയായി നടക്കുന്നത് കാണാം. ഐപിഎൽ ട്രോഫിയുമായി ഗ്ലാസ് മതിലുകളുള്ള ഒരു വലിയ പാതയിലൂടെ അവര്‍ കടന്നുപോകുന്നു.
അവര്‍ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന നിമിഷം, “ജയ് ശ്രീകൃഷ്ണ” എന്ന് പറയുന്നത് കേൾക്കാം, പുരോഹിതന്മാർ നിതയില്‍ നിന്ന് ട്രോഫി വാങ്ങി ഭഗവാന്‍റെ മുന്നിൽ സൂക്ഷിക്കുമ്പോൾ നിത പ്രാര്‍ത്ഥിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു.
മുംബൈ ഇന്ത്യൻസ് പാർട്ടിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പുരോഹിതന്മാരും നിത അംബാനിക്കൊപ്പം പ്രാർത്ഥന ചൊല്ലുന്നതും പ്രഭുവിന് നന്ദി പറയുന്നതും കേൾക്കാം.”
മുംബൈ ഇന്ത്യന്‍സ് 2019 ലെ ഐ പി എല്‍ കിരീടം നേടിയപ്പോള്‍ നിത അംബാനി അവരുടെ വീട്ടിലെ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ട്രോഫി സമര്‍പ്പിച്ചു പ്രാര്‍ഥിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണിത്. ഇപ്പോഴത്തെ ഐ പി എല്‍ മത്സരവുമായി വീഡിയോയ്ക്ക് ബന്ധമില്ല, മാത്രമല്ല ശ്രീരാമ ക്ഷേത്രത്തില്‍ അല്ല, സ്വന്തം വീട്ടിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് നിത അംബാനി ട്രോഫിയുമായെത്തി പ്രാര്‍ഥിക്കുന്നത്.
നിഗമനം
നിത അംബാനി ഐ പി എല്‍ ട്രോഫിയുമായി എത്തി പ്രാര്‍ഥിക്കുന്നത് ഏതെങ്കിലും ശ്രീരാമ-സീതാദേവി ക്ഷേത്രത്തിലല്ല, നിത അംബാനിയുടെ വീടായ ആന്റിലിയയിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ്. സംഭവം നടന്നത് 2019 ലാണ്, ഇപ്പോഴല്ല.

Title:ഇത് 2019 ലെ ഐ പി എല്‍ ട്രോഫിയുമായി നിത അംബാനി സ്വന്തം വീട്ടിലെ ശ്രീകൃഷ്ണ ക്ഷേത്രം സന്ദര്‍ശിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ്…
Fact Check By: Vasuki SResult: False
