
സഹനത്തിന്‍റെയും ത്യാഗത്തിന്‍റെയും ഉദാത്ത മാതൃകയായ ഈസ്റ്റർ ലോകമെങ്ങും വിശ്വാസികൾ കഴിഞ്ഞ ദിവസങ്ങളിൽ ആഘോഷിച്ചു. ഈസ്റ്ററിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി തൊഴിലാളികളുടെ കാൽകഴുകല്‍ ശുശ്രൂഷ നടത്തി എന്ന് വാദിച്ച് സമൂഹ മാധ്യമങ്ങളിൽ ചില ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.
ദൃശ്യങ്ങളില്‍ മോദി തൊഴിലാളികളുടെ കാല്‍ കഴുകി അവരെ ആദരിക്കുന്നത് കാണാം. പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി യേശുദേവന്‍റെ മാഹാത്മ്യം വര്‍ണിച്ചുകൊണ്ട് ഹിന്ദി ഭാഷയില്‍ നടത്തുന്ന പ്രഭാഷണം കേള്‍ക്കാം. വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെ: “യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ കാൽ കഴുകിയതിനെ അനുസ്മരിച്ചുകൊണ്ട്, കഷ്ടാനുഭവ വാരത്തിൽ ഇൻഡ്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കാൽ കഴുകൽ ശുശ്രൂഷ നടത്തുന്നു.”
പ്രധാനമന്ത്രി മോദി തൊഴിലാളികളുടെ കാൽ കഴുകുന്ന ചിത്രത്തിന് ഈസ്റ്റർ ആഘോഷവുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ വാർത്തയുടെ കീവേഴ്സ് ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞപ്പോൾ 2019 ഫെബ്രുവരി മാസം നിരവധി മാധ്യമങ്ങൾ മോദി ശുചീകരണ തൊഴിലാളികളുടെ കാൽ കഴുകിയതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാർത്തകൾ ലഭിച്ചു. വാർത്തയുടെ ഉള്ളടക്കം ഇങ്ങനെ: “പ്രധാനമന്ത്രി നരേന്ദ്ര മോദി അലഹബാദില്‍ അടുത്തിടെ അഞ്ച് ശുചീകരണ തൊഴിലാളികളുടെ കാൽ കഴുകി അവരെ ആദരിച്ചു. ആ നിമിഷത്തെ ജീവിതകാലം മുഴുവൻ താൻ വിലമതിക്കുമെന്ന് മോദി പിന്നീട് ട്വീറ്റ് ചെയ്തു.”

സംഭവത്തെ കുറിച്ച് എബിപി ന്യൂസ് പ്രസിദ്ധീകരിച്ച വീഡിയോ വാർത്ത താഴെ കാണാം.
2019 അലഹബാദിൽ ആണ് മോദി ശുചീകരണ തൊഴിലാളികളെ ഇത്തരത്തിൽ ആദരിച്ചത്. ഈ സന്ദർഭത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഈസ്റ്ററുമായി ബന്ധപ്പെടുത്തി ഇപ്പോൾ പ്രചരിപ്പിക്കുന്നത്.
ഇത്തവണ ഈസ്റ്റർ സമയത്ത് മോദി ഇത്തരത്തില്‍ എന്തെങ്കിലും ശുശ്രൂഷകൾ നടത്തിയോ എന്ന് ഞങ്ങൾ അന്വേഷിച്ചു. എന്നാല്‍ പോസ്റ്റിലെ വാദത്തെ അനുകൂലിക്കുന്ന യാതൊരു ഫലങ്ങളും ലഭ്യമായില്ല.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. 2019 അലഹബാദിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ശുചീകരണ തൊഴിലാളികളെ കാൽ കഴുകി ആദരിച്ച സന്ദർഭത്തിലെ ചിത്രങ്ങളും വീഡിയോകളുമാണ് ഇത്തവണത്തെ ഈസ്റ്ററിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി മോദി കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തി എന്ന വാദത്തോടെ പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:പ്രധാനമന്ത്രി മോദി ശുചീകരണ തൊഴിലാളികളെ കാല്‍ കഴുകി ആദരിക്കുന്ന പഴയ വീഡിയോ ഈസ്റ്ററുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…
Fact Check By: Vasuki SResult: False
