തെലങ്കാനയില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍ ഉത്തര്‍പ്രദേശിന്‍റെ പേരില്‍ വര്‍ഗീയമായി പ്രചരിപ്പിക്കുന്നു…

രാഷ്ട്രീയം | Politics വര്‍ഗീയം

ഉത്തർപ്രദേശിൽ  നിന്നുള്ളതാണ് എന്നവകാശപ്പെട്ട് ഒരു സംഘം ചെറുപ്പക്കാര്‍ ആർ‌എസ്‌എസിനെതിരെ അപകീര്‍ത്തികരമായ മുദ്രാവാക്യങ്ങൾ വിളിക്കുന്ന  ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. 

പ്രചരണം  

ചെറുപ്പക്കാര്‍ ആര്‍എസ്എസിനെതിരെ തെരുവില്‍ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങലാണ് ആദ്യം കാണുന്നത്. പിന്നീട് സംരക്ഷണ കവചം ധരിച്ച പോലീസ് സംഘം എത്താനും യുവാക്കളെ അറസ്റ്റ് ചെയ്യുകയും ആക്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും കാണാം. ഉത്തര്‍പ്രദേശില്‍ ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ മുദ്രാവാക്യം വിളിച്ച ചെറുപ്പക്കാരുടെ ദൃശ്യങ്ങളാണ് ഇതെന്നും ഇവരെ അന്ന് വൈകിട്ട് തന്നെ പോലിസ് അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് പിന്നീട് കാണുന്നത് എന്നും അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “5 മണിക്ക് യുപിയിൽ ഒരു കൊലവിളി പ്രകടനം .!

മുദ്രാവാക്യം… വെട്ടി മുറിക്കുക ആർഎസ്എസുകാരെ, കൊ₹ന്ന് കളയുക ആർഎസ്എസുകാരെ…..

7 മണിക്ക് യോഗി പോലീസ് നടപടി..

9 മണിക്ക് അത്താഴം സെൻട്രൽ ജയിലിൽ”

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും ഈ പഴയ ദൃശ്യങ്ങള്‍ക്ക് യുപിയുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

ഇങ്ങനെഎന്തെങ്കിലും അപകീര്‍ത്തികരമായ മുദ്രാവാക്യം ആര്‍എസ്എസിനെതിരെ മുഴക്കിയ റാലി അടുത്തിടെ ഉത്തർപ്രദേശിൽ നടന്നിട്ടുണ്ടോ എന്ന് തിരഞ്ഞെങ്കിലും ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന വിശ്വസനീയമായ റിപ്പോർട്ടുകൾ ഒന്നും കണ്ടെത്താനായില്ല.

തുടർന്ന് കൂടുതല്‍ തിരഞ്ഞപ്പോള്‍ തെലങ്കാനയിൽ നിന്നുള്ള ചില പഴയ റിപ്പോർട്ടുകള്‍ ലഭിച്ചു. 2022 ഓഗസ്റ്റ് 23 ന് നൽഗൊണ്ടയിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി എംഎൽഎ രാജാ സിങ്ങിനെതിരെ നടന്ന ഒരു റാലിക്കിടെ, കലീം ഉദ്ദീൻ എന്നയാൾ ആർ‌എസ്‌എസിനെതിരെ അപകീർത്തികരമായ മുദ്രാവാക്യങ്ങൾ വിളിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കം. 

പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായും ഐപിസി സെക്ഷൻ 153, 295(എ), 506 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും നൽഗൊണ്ട എസ്പി രമ രാജേശ്വരി സ്ഥിരീകരിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. 

കൂടാതെ ഈ വീഡിയോ ഉത്തർപ്രദേശിൽ നിന്നുള്ളതല്ലെന്ന് വ്യക്തമാക്കി 2022-ൽ ദി ഹിന്ദു ഒരു ഫാക്റ്റ് ചെക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ തെലങ്കാനയിലെ നൽഗൊണ്ടയിൽ നിന്നുള്ളതാണെന്നും പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് രാജാ സിംഗ് അപകീർത്തികരമായ പരാമർശം നടത്തിയതിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആ കാലയളവിൽ തെലങ്കാനയിൽ നടന്ന പ്രശ്നങ്ങളെ കുറിച്ച് മറ്റ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

സ്ഥലം സ്ഥിരീകരിക്കുന്നതിനായി “റോയൽ ടൈം ഹൗസ്” എന്ന് എഴുതിയ ഒരു കടയുടെ അടയാളം  ഗൂഗിൾ സ്ട്രീറ്റ് വ്യൂവില്‍ തിരഞ്ഞപ്പോള്‍ തെലങ്കാനയിലെ ഹൈദരാബാദിലെ നൽഗൊണ്ടയിൽ അതേ കട ഞങ്ങൾ കണ്ടെത്തി. 

ദൃശ്യങ്ങൾ ഉത്തർപ്രദേശിൽ നിന്നുള്ളതല്ലെന്നും തെലങ്കാനയിൽ നിന്നുള്ളതാണെന്നും അതിനാല്‍ സ്ഥിരീകരിക്കാം. ആർ‌എസ്‌എസിനെതിരെ അപമാനകരമായ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ഉത്തർപ്രദേശിൽ നിന്നുള്ളതല്ല, തെലങ്കാനയിൽ നിന്നുള്ള 2022 ലെ ദൃശ്യങ്ങളാണ്.

പോലിസ് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന ദൃശ്യങ്ങളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ 2022 ഓഗസ്റ്റ് 26 ന് ഇതേ വീഡിയോ ഉള്‍പ്പെടുത്തി പോസ്റ്റ്‌ ചെയ്ത ഫേസ്ബുക്ക് പോസ്റ്റ് ലഭിച്ചു. പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിക്കുന്ന പരാമർശങ്ങളെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ഭാരതീയ ജനതാ പാർട്ടി എംഎൽഎ ടി രാജാ സിംഗിനെതിരെ പ്രതിഷേധം വ്യാപകമായതിനെത്തുടർന്ന് 2022 ഓഗസ്റ്റ് 24-ന് രാത്രി ഹൈദരാബാദിലെ ഷാലിബന്ദ പ്രദേശത്തും പരിസരത്തുമുള്ള നിരവധി വീടുകളിൽ പോലീസ് അതിക്രമിച്ചു കയറി മുസ്ലീം യുവാക്കളെ വലിച്ചിഴച്ച് കൊണ്ടുപോയി.

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ബിജെപി സിംഗിനെ സസ്‌പെൻഡ് ചെയ്യുകയും സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിന്‍റെ പരിണിതഫലമാണ് ഇതെന്ന് വ്യക്തമാണ്.  പ്രവാചകനെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ ബിജെപി ദേശീയ വക്താവ് നൂപുർ ശർമ്മയെ സസ്‌പെൻഡ് ചെയ്യുകയും ഡൽഹി നേതാവ് നവീൻ കുമാർ ജിൻഡലിനെ പുറത്താക്കുകയും ചെയ്തതിന് രണ്ട് മാസത്തിന് ശേഷമാണ് ഇത് സംഭവിച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. 2023 ഒക്ടോബറിൽ, ബിജെപി അദ്ദേഹത്തിന്‍റെ സസ്‌പെൻഷൻ പിൻവലിച്ചു.

ദി സിയാസത് ഡെയ്‌ലിയുടെ റിപ്പോർട്ട് അനുസരിച്ച്, 2022 ഓഗസ്റ്റ് 23 ന് സിംഗിന് ഉടൻ ജാമ്യം ലഭിച്ചത് പലരെയും രോഷാകുലരാക്കി. വീടിനുള്ളിൽ തന്നെ തുടരാൻ ഹൈദരാബാദ് പോലീസിന്‍റെ നിരവധി മുന്നറിയിപ്പുകൾ അവഗണിച്ച്, രോഷാകുലരായ മുസ്ലീം യുവാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇത് അറസ്റ്റിലേക്ക് നയിച്ചു.

ദൃശ്യങ്ങളില്‍ “TS 09” എന്ന് തുടങ്ങുന്ന നമ്പര്‍ പ്ലേറ്റുള്ള ഒരു പോലീസ് വാഹനം റോഡിൽ പാർക്ക് ചെയ്തിരിക്കുന്നത് കാണാം. തെലങ്കാനയിൽ രജിസ്റ്റർ ചെയ്ത മോട്ടോർ വാഹനങ്ങൾ “TS” ൽ ആരംഭിക്കുന്നു, കൂടാതെ TS 09 എന്നത് ഹൈദരാബാദിന്‍റെ RTO കോഡാണ്.

എംഎല്‍എ രാജാ സിംഗ് പ്രവാചകന്‍ നബിയെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനു പിന്നാലെ അദ്ദേഹത്തെ പോലിസ് കസ്റ്റഡിയില്‍ എടുത്തശേഷം പിന്നീട് വിട്ടയച്ചത് മുസ്ലിം സമുദായത്തിലെ ചിലരെ ചൊടിപ്പിക്കുകയും പിന്നീട് അക്രമം ഉണ്ടാവുകയുമാണ് ഉണ്ടായത്. അക്രമികളോട് പോലിസ് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അനുസരിക്കാന്‍ തയ്യാറാകാതെ അക്രമം തുടര്‍ന്നതിനാല്‍ പോലിസ് അറസ്റ്റിലേയ്ക്ക് നീങ്ങുകയാണ് ഉണ്ടായത്. ഈ സംഭവങ്ങള്‍ 2022 ഓഗസ്റ്റ് 22 മുതല്‍ 25 വരെയുള്ള തിയതികളിലാണ് നടന്നത്. 

നിഗമനം

ഉത്തര്‍പ്രദേശില്‍ ആര്‍എസ്എസിനെതിരെ മുദ്രാവാക്യം വിളിച്ചവരെ ഉടന്‍ തന്നെ പോലിസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ 2022 ഓഗസ്റ്റില്‍ തെലങ്കാനയില്‍ നടന്ന സംഭവത്തിന്‍റെതാണ്. ഈ ദൃശ്യങ്ങള്‍ക്ക് ഉത്തര്‍പ്രദേശുമായി യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsAppചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:തെലങ്കാനയില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍ ഉത്തര്‍പ്രദേശിന്‍റെ പേരില്‍ വര്‍ഗീയമായി പ്രചരിപ്പിക്കുന്നു…

Fact Check By: Vasuki S  

Result: False