2015 ലെ പഴയ സംഭവം വര്‍ഗീയ മാനങ്ങള്‍ ചേര്‍ത്ത് ഇപ്പോള്‍ പ്രചരിപ്പിക്കുന്നു…

വര്‍ഗീയം

ട്രാഫിക് പിഴ ഒടുക്കാന്‍ ആവശ്യപ്പെട്ടതിന് ഒരു പോലീസുകാരനെ മുസ്ലിങ്ങള്‍ നടുറോഡില്‍ മര്‍ദ്ദിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

മുസ്ലിങ്ങള്‍ ധരിക്കുന്ന സ്കള്‍ ക്യാപ്പ് ധരിച്ച പുരുഷന്മാർ കൂട്ടം ചേര്‍ന്ന്  ട്രാഫിക് പോലീസിനെ മർദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  റോഡ് യാത്രക്കാർക്ക് ട്രാഫിക് പിഴയുടെ ചലാൻ നൽകിയതിനാണ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്നും, രാജ്യത്തിനകത്ത് നിന്ന് വലിയ അപകടമാണ് രാജ്യം നേരിടുന്നതെന്നും ആരോപിച്ച് വീഡിയോയുടെ ഒപ്പമുള്ള വീവരണം ഇങ്ങനെ: “*ട്രാഫിക് പോലീസ് പിഴ അടക്കാനാവശ്യപ്പെട്ടപ്പോൾ മുസ്ലീങ്ങൾ അവരെ മർദ്ദിച്ചു. അത് നിയമത്തോടുള്ള വെല്ലുവിളിയാണ്.* *ഭാവിയിൽ ഇന്ത്യയിൽ എന്ത് സംഭവിക്കുമെന്ന് ഈ വീഡിയോ പറയുന്നു.ആരാണ് രാജ്യം ഭരിക്കുക? പിന്നെ എല്ലാവരുടെയും ഭാവി എന്തായിരിക്കും? പുറത്തുനിന്നുള്ളതിനേക്കാൾ കൂടുതൽ അപകടം അകത്തുനിന്നാണ് രാജ്യം നേരിടുന്നതെന്നതാണ് കയ്പേറിയ സത്യം. ഈ വീഡിയോ എല്ലാ ഗ്രൂപ്പുകളിലേക്കും അയക്കുക. ഇവിടെ ഏതെങ്കിലും ഹിന്ദുക്കൾ ഇതുപോലെ പോലീസിനെ ആക്രമിച്ചിരുന്നുവെങ്കിൽ ഹിന്ദു ഫാസിസം, നിയമലംഘനം, ചാനൽ ചർച്ചകൾ,മോദി രാജിവെക്കണം എന്നു നാഴികക്ക് നാൽപതുവട്ടം ആവശ്യപ്പെടുമായിരുന്നു. എന്നാൽ മുസ്‌ലിം ഭൂരിപക്ഷ മേഖലകളിൽ പോലീസുകാർക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ് ഇന്ന് പല സംസ്ഥാനകളിലുമുള്ളത്. “മതേതര” പാർട്ടികളും സാംസ്‌കാരിക നായകന്മാരും ഇതെല്ലാം അറിഞ്ഞിട്ടും പേടിച്ച് പ്രതികരിക്കുന്നില്ല*”  

FB postarchived link

എന്നാല്‍ ഇത് പഴയ സംഭവമാണെന്നും സംഭവത്തിന് വര്‍ഗീയ തലങ്ങളില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ 

ഗൂഗിളിൽ കീവേഡും റിവേഴ്‌സ് ഇമേജ് തിരയലും നടത്തി ഞങ്ങൾ അന്വേഷണം ആരംഭിച്ചു. 2015 ജൂലൈ 14-ന് എന്‍‌ഡി‌ടി‌വി അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചു. “വടക്കുകിഴക്കൻ ഡൽഹിയിലെ ഗോകുൽപുരിയിൽ ജനക്കൂട്ടം രണ്ട് ട്രാഫിക് പോലീസുകാരെ മർദ്ദിച്ചു. ഹെൽമെറ്റ് ധരിക്കാത്തതിനും ട്രിപ്പിൾ ഓടിച്ചതിനും ബൈക്കിലെത്തിയ മൂന്ന് പേരെ പോലീസ് ഫ്ലാഗ് ചെയ്തതാണ് യുവാക്കളെ പ്രകോപിച്ചത്. 

വീഡിയോ ദൃശ്യങ്ങളിലെ സംഭവം നടന്നത് 2015 ജൂലൈയിലാണ്. കൂടുതൽ തിരഞ്ഞപ്പോൾ ഈ സംഭവത്തെക്കുറിച്ചുള്ള നിരവധി വാർത്തകൾ ഞങ്ങൾക്ക് ലഭിച്ചു. ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നതിങ്ങനെ:  “ശാരീരികമായി ഉപദ്രവിച്ചതിനും ഒരു പൊതുപ്രവർത്തകനെ ഡ്യൂട്ടി നിർവഹിക്കുന്നതിൽ നിന്ന് തടഞ്ഞതിനും ഞങ്ങൾ ഷാനവാസ് (22), സഹോദരൻ സഗീർ അഹമ്മദ് (65) എന്നിവരെ അറസ്റ്റ് ചെയ്തു. മൂവരും മറ്റു ചിലരും ചേർന്ന് ട്രാഫിക് പോലീസുകാരായ മനോജിനെയും ജയ് ഭഗവാനെയും മർദ്ദിച്ചു.”

archived link

ട്രാഫിക് പോലീസ് നിയമങ്ങൾ ലംഘിച്ചതിന് ബൈക്ക് ഓടിച്ചിരുന്ന ചിലരെ സഞ്ജയ്, മനോജ് എന്നീ രണ്ട് പോലീസുകാർ തടഞ്ഞുനിർത്തി ചലാൻ നൽകിയതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. പ്രകോപിതരായ യുവാക്കള്‍ പോലീസുകാരുമായി വഴക്കിട്ടു. ബൈക്ക് യാത്രികർ ഹെൽമറ്റ് ധരിക്കുകയോ ലൈസൻസ് എടുക്കുകയോ ചെയ്തിട്ടില്ലെന്നും ഒരു ബൈക്കിൽ മൂന്ന് പേർ സഞ്ചരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ഇക്കാരണത്താൽ അവരെ തടഞ്ഞുനിർത്തി ചലാൻ പുറപ്പെടുവിച്ചതിനാണ് അവർ വഴക്കിട്ടത്.

സംഭവത്തെ കുറിച്ചു വന്ന മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഒന്നിലും ഇതിന് വര്‍ഗീയ തലങ്ങളുണ്ട് എന്ന് പരാമര്‍ശിച്ചിട്ടില്ല. 2015 ല്‍ നടന്ന പഴയ സംഭവം വര്‍ഗീയമാനങ്ങള്‍ ചേര്‍ത്ത് ഇപ്പോള്‍ പ്രചരിപ്പിക്കുകയാണ്. 

നിഗമനം 

2015-ൽ നടന്ന ഒരു സംഭവമാണ് വൈറൽ വീഡിയോയിൽ കാണുന്നത്.  ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചതിന് പിഴയൊടുക്കാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതരായ യുവാക്കള്‍ പോലീസിനെ ആക്രമിക്കുകയാണ് ഉണ്ടായത്. സംഭവത്തിന് വര്‍ഗീയ മാനങ്ങളില്ല.  

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:2015 ലെ പഴയ സംഭവം വര്‍ഗീയ മാനങ്ങള്‍ ചേര്‍ത്ത് ഇപ്പോള്‍ പ്രചരിപ്പിക്കുന്നു…

Written By: Vasuki S  

Result: False