അല്‍ജെറിയന്‍ വംശജനായ നാഹേല്‍ മര്‍സൂക് (Nahel Merzouk) എന്ന 17 വയസുകാരനെ പോലീസ് വെടിവെച്ചു കൊന്നതിന് ശേഷം ഫ്രാന്‍സില്‍ ഉയര്‍ന്ന തീവ്ര പ്രതിഷേധം തുടരുകയാണ്. ഈ പ്രതിഷേധത്തില്‍ പലയിടത്തും ഹിംസാത്മക സംഘര്‍ഷങ്ങളുണ്ടായി. ഇതിനിടെ ഫ്രാന്‍സിന്‍റെ തലസ്ഥാന നഗരമായ പാരിസിലെ റിപബ്ലിക് പ്ലേസിന്‍റെ (Place De Republique) അവസ്ഥ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോ നിലവില്‍ ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധത്തിന്‍റെതല്ല എന്ന് ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് അല്‍ജെറിയയുടെ പതാക പിടിച്ച് അല്‍ജെറിയന്‍ ദേശിയ ഗാനം പാടുന്ന പ്രതിഷേധകരുടെ ഒരു വീഡിയോ കാണാം. ഈ വീഡിയോ നിലവില്‍ ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധവുമായി ബന്ധപെടുത്തി പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “റിപബ്ലിക് സ്‌കൊയർ, പാരിസ് അവസ്ഥ😀”

എന്നാല്‍ ഈ വീഡിയോ നിലവില്‍ പാരിസില്‍ നടക്കുന്ന പ്രതിഷേധത്തിന്‍റെതാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ വീഡിയോയെ In-Vid We Verify ടൂള്‍ ഉപയോഗിച്ച് വിവിധ സ്ക്രീന്‍ഷോട്ടില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച സ്ക്രീന്‍ശോട്ടുകളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ വീഡിയോ നിലവിലെ ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധത്തിന്‍റെതല്ല എന്ന് ഞങ്ങള്‍ കണ്ടെത്തി.

വാര്‍ത്ത‍ വായിക്കാന്‍ - Asean Now | Archived Link

വാര്‍ത്തകള്‍ പ്രകാരം ഈ സംഭവം മാര്‍ച്ച്‌ 2019ല്‍ പാരീസില്‍ മുന്‍ അല്‍ജെറിയന്‍ രാഷ്‌ട്രപതി അബ്ദുല്‍ അസീസ്‌ ബൂത്തെഫ്ലിക്കക്കെതിരെ അല്‍ജെറിയന്‍ വംശജര്‍ നടത്തിയ പ്രതിഷേധമാണ്. 1999 മുതല്‍ ഭരിക്കുന്ന ബൂത്തെഫ്ലിക്ക, അഞ്ചാം തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന വാര്‍ത്ത‍ക്കെതിരെയായിരുന്നു ഈ പ്രതിഷേധം. ഈ റിപ്പോര്‍ട്ടുകളില്‍ നല്‍കിയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുമായി സാമ്യതയുള്ളതാണ് എന്ന് നമുക്ക് കാണാം. ഇതേ സംഭവത്തിന്‍റെ വീഡിയോകളും യുട്യൂബില്‍ ലഭ്യമാണ്.

എ.എഫ്.പി. ഈ സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ഈ സംഭവത്തിന്‍റെ പല വീഡിയോകളും AFP യുട്യൂബില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് നമുക്ക് താഴെ കാണാം. ഈ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോയും ഒരേ സംഭവത്തിന്‍റെതാണ് എന്ന് നമുക്ക് കാണാം.

റഷ്യയുടെ RUPTLY 4 കൊല്ലം മുംബ് പ്രസിദ്ധികരിച്ച വീഡിയോയില്‍ നമുക്ക് വൈറല്‍ വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങള്‍ കാണാം. വൈറല്‍ വീഡിയോയില്‍ കേള്‍ക്കുന്ന ദേശിയ ഗാനവും നമുക്ക് RUPTLYയുടെ വീഡിയോയില്‍ 2:40 മിനിറ്റുകള്‍ക്ക് ശേഷം കേള്‍ക്കാം.

അല്‍ജീറിയയിലും ലോകത്തിലും പല ഇടത്തും നടന്ന വ്യാപക പ്രതിഷേധത്തിനെ തുടര്‍ന്ന് ബൂത്തെഫ്ലിക്ക തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് തിരുമാനിച്ചു. ഈ പ്രതിഷേധം അല്‍ജീറിയയുടെ ചരിത്രത്തില്‍ സ്വതന്ത്ര സമരത്തിന്‌ ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധമായിരുന്നു.

ദി സ്ട്രൈറ്റ് ടൈംസും ഈ സംഭവത്തിന്‍റെ ഒരു വീഡിയോ അവരുടെ യുട്യൂബ് ചാനലില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വീഡിയോയിലും നമുക്ക് പാരീസിലെ പ്ലാസ് ദേ റിപബ്ലിക്കില്‍ പ്രതിഷേധം നടത്തുന്ന അല്‍ജീറിയക്കാരെ കാണാം.

നിഗമനം

ഫ്രാന്‍സിലെ നിലവിലെ അവസ്ഥ കാണിക്കുന്ന വീഡിയോ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ 2019ല്‍ ഫ്രാന്‍സില്‍ മുന്‍ അല്‍ജീറിയന്‍ രാഷ്‌ട്രപതി അബ്ദുല്‍ അസീസ്‌ ബൂത്തെഫ്ലിക്കക്കെതിരെ നടന്ന പ്രതിഷേധത്തിന്‍റെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഫ്രാന്‍സിലെ പ്രതിഷേധത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ...

Written By: K. Mukundan

Result: Misleading