ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിന്നുള്ള പഴയ വീഡിയോ ഇപ്പോഴത്തെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

ദേശീയം | National രാഷ്ട്രീയം | Politics

ഉത്തര്‍പ്രദേശില്‍ 9 ജില്ലകളിലെ 54 നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടർമാർ തിങ്കളാഴ്ച യുപി തെരഞ്ഞെടുപ്പിൽ ജനവിധി രേഖപ്പെടുത്തുകയുണ്ടായി. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം മാർച്ച് 7 ന് നടക്കും. ഇതിനിടയില്‍ വോട്ട് അട്ടിമറി നടന്നുവെന്ന് വോട്ടര്‍മാര്‍ മാധ്യമങ്ങളുടെ മുന്നില്‍ ആരോപിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

പ്രചരണം 

ബിജെപി പ്രവർത്തകർ വോട്ടർമാരുടെ വിരലുകളിൽ വീട്ടിലെത്തി മഷി പുരട്ടുകയാണെന്നും 500 രൂപ പ്രതിഫലമായി ലഭിച്ചുവെന്നും വീരേന്ദ്ര കുമാർ എന്ന യുവാവും മറ്റ് ചില വോട്ടര്‍മാരും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ന്യൂസ് 18 ചാനല്‍ വാര്‍ത്തയില്‍ നിന്നുള്ള ക്ലിപ്പ് ആണ് വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്. സംഭവത്തില്‍ ഉൾപ്പെട്ട ബിജെപി പ്രവർത്തകരുടെ പേരുകളും വോട്ടര്‍മാര്‍ വെളിപ്പെടുത്തുന്നുണ്ട്. വെള്ള ഷർട്ടിട്ട ഒരു വോട്ടര്‍ ബിജെപി സ്ഥാനാർത്ഥി മഹേന്ദ്ര പാണ്ഡെയും അദ്ദേഹത്തിന്‍റെ ആളുകളും ഗ്രാമങ്ങളിൽ കൈക്കൂലി നൽകി വോട്ട് അട്ടിമറിച്ചുവെന്ന് ആരോപിക്കുന്നത് കേൾക്കാം. ഒരു സ്ത്രീയും ഇതേ ആരോപണം ഉന്നയിക്കുന്നു. ജനാധിപത്യ ധ്വംസനമാണ് നിയമസഭാ തെരെഞ്ഞെടുപ്പുകളില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നു സൂചിപ്പിച്ച് വീഡിയോയ്ക്ക് നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “വീട്ടിലെത്തി കൈവിരലിൽ മഷി പുരട്ടി …

അഞ്ഞൂറ് രൂപയും തന്നു .., ഇനി വോട്ട് ചെയ്യാൻ പോകേണ്ട എന്ന് പറഞ്ഞു … ( പോയിട്ടും കാര്യമില്ല ,അടയാളം വന്നത് കൊണ്ട് വോട്ട് ചെയ്യാനാകില്ല) …!!

ഇന്ത്യൻ ജനാധിപത്യം നശിപ്പിച്ചു ..”

archived linkFB post

ഞങ്ങള്‍ പ്രചരണത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ സംഭവം ഏകദേശം മൂന്ന് വർഷം മുമ്പാണ് നടന്നതെന്നും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുകയാണ് എന്നും കണ്ടെത്തി.  ഇപ്പോൾ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ഇതിന് യാതൊരു ബന്ധവുമില്ല.

വസ്തുത ഇങ്ങനെ 

വീഡിയോയിൽ ഒരാൾ പോലും മാസ്ക് ധരിച്ചിരുന്നില്ല എന്ന കാര്യം ആദ്യം തന്നെ ഞങ്ങള്‍ ശ്രദ്ധിച്ചു. ഒരു മിനിറ്റിനുള്ളിൽ ഫ്രെയിമിൽ പ്രത്യക്ഷപ്പെട്ട പോലീസുകാരൻ പോലും മാസ്ക് ധരിച്ചിരുന്നില്ല. അതിനാല്‍ ദൃശ്യങ്ങള്‍  മഹാമാരിക്ക് മുമ്പുള്ളതായിരിക്കാമെന്ന് ഞങ്ങള്‍ ഊഹിച്ചു. 

തുടര്‍ന്ന് ഞങ്ങള്‍ വീഡിയോ വിവിധ കീ ഫ്രെയിമുകളായി വിഭജിച്ച ശേഷം ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ എ എന്‍ ഐ പ്രസിദ്ധീകരിച്ച ഒരു ട്വീറ്റ് ലഭിച്ചു. വീഡിയോ ദൃശ്യങ്ങളില്‍ ആരോപണം ഉന്നയിക്കുന്ന യുവാവിനെ ചിത്രങ്ങളില്‍ കാണാം. ട്വീറ്റ് പ്രവ്സിദ്ധീകരിച്ച തീയതി 2019 മെയ് 19 ആണ്. അതായത് ലോക്സഭാ തെരെഞ്ഞെടുപ്പിന്‍റെ സമയത്താണ്. 

2019 മെയ് 19-ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ദി ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു വീഡിയോ റിപ്പോർട്ടിലും ഇതേ വാര്‍ത്തയാണുള്ളത്.  “ബിജെപിക്കാർ ബലമായി മഷി പുരട്ടിയെന്ന് താരാ ജീവൻപൂർ ഗ്രാമത്തിലെ നിവാസികൾ ആരോപിക്കുന്നു,” എന്നാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലാണ് സംഭവം.

ന്യൂസ് 18ന്‍റെ ലോഗോ വീഡിയോയിൽ ദൃശ്യമായതിനാൽ, ഞങ്ങൾ ചാനലിന്‍റെ റിപ്പോര്‍ട്ട് തിരഞ്ഞു. 2019 മെയ് 19-ന് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച വീഡിയോ റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി. ചന്ദൗലിയിലെ താരാജീവൻപൂർ ഗ്രാമത്തിലെ ദളിത് ആധിപത്യമുള്ള ചേരിയിലെ ജനങ്ങൾ ബിജെപി പ്രവർത്തകർ തങ്ങൾക്ക് കൈക്കൂലി നൽകിയെന്ന് ആരോപിച്ചതായി റിപ്പോര്‍ട്ടിൽ പറയുന്നു. വോട്ട് ചെയ്യാത്തതിന് പകരമായി വോട്ടര്‍മാർക്ക് 500 രൂപ വീതം നൽകി. പാർട്ടി പ്രവർത്തകര്‍ വിരലുകളിൽ മഷി പുരട്ടി.

പ്രചരിക്കുന്ന വീഡിയോ പഴയതാണെന്നും നിലവിലെ തെരെഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി  ഉത്തർപ്രദേശ് പോലീസിന്‍റെ ഔദ്യോഗിക ഫാക്റ്റ് ചെക്ക് ഹാൻഡിൽ മാർച്ച് 5 ന് പോസ്റ്റ് നല്കിയിട്ടുണ്ട്. 

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മൂന്ന് വർഷം പഴക്കമുള്ള വീഡിയോ തെറ്റായി പ്രചരിപ്പിക്കുകയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. വീഡിയോ മൂന്നു വര്‍ഷം മുമ്പ് അതായത് 2019 ലെ ലോക്സഭാ തെരെഞ്ഞെടുപ്പ് സമയത്തുള്ളതാണ്. നിലവിലെ തെരെഞ്ഞെടുപ്പുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിന്നുള്ള പഴയ വീഡിയോ ഇപ്പോഴത്തെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

Fact Check By: Vasuki S 

Result: Missing Context