സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനെതിരെ ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം…? പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ…

പ്രാദേശികം | Local രാഷ്ട്രീയം | Politics

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9, 11 തിയ്യതികളിൽ നടക്കും രാഷ്ട്രീയ പാർട്ടികൾ എല്ലാവരും ഇപ്പോള്‍തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണങ്ങളുമായി സജീവമായി രംഗത്തുണ്ട്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട്  മുസ്ലിം ലീഗ് പ്രവർത്തകർ പിഎംഎ സലാമിനും പാറയ്ക്കൽ അബ്ദുള്ളയ്ക്കുമെതിരെ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

പിഎംഎ സലാമിനും പാറയ്ക്കൽ അബ്ദുള്ളയ്ക്കുമെതിരെ മുദ്രാവാക്യങ്ങൾ വിളിക്കുന്നതിനൊപ്പം മുസ്ലിം ലീഗ് നേതാക്കളുടെ വഴിവിട്ട നിലപാടുകള്‍, നയവൈരുധ്യങ്ങള്‍, കാപട്യം – മുസ്ലിം സമുദായം മനസ്സിലാക്കിയിരിക്കുന്നു എന്നൊക്കെ പ്രസംഗത്തില്‍ ഒരു പ്രവര്‍ത്തകന്‍ പറയുന്നത് കാണാം. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “സലാമെന്നൊരു മൂരാച്ചീ പാറക്കല്ലേ ജൂദാസേ ആഹാ എത്ര മനോഹരമായ ആചാരം..! ലീഗ് ന്റെ സ്ഥാനാർഥി നിർണ്ണയം മറ്റു പാർട്ടി കളൊക്കെ മാതൃകയാക്കണം എന്നാണ് എന്റെ ഒരിത്..!!”

FB postarchived link

എന്നാൽ വീഡിയോയിലുള്ളത് മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട പ്രതിഷേധമല്ലെന്ന് അന്വേഷണത്തിൽ ഞങ്ങള്‍ കണ്ടെത്തി. ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട് 2025 മെയ് 7ന് നടത്തിയ  പ്രതിഷേധമാണിത്.

വസ്തുത ഇതാണ് 

സലാം, പാറക്കൽ എന്നീ പേരുകൾ ചേർത്താണ് മുദ്രാവാക്യം വിളിക്കുന്നത്. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ സമാന വീഡിയോ  ന്യൂസ് നാട്ടുവാര്‍ത്ത എന്ന ഇൻസ്റ്റഗ്രാം പേജിൽ 2025 മെയ് 8ന് പങ്കുവച്ചിട്ടുള്ളതായി കണ്ടു. ‘വേളത്ത് പരസ്യ പ്രതിഷേധവുമായി ലീഗിലെ ഒരു വിഭാഗം; പാറക്കൽ അബ്‌ദുള്ളയ്‌ക്കെതിരെ മുദ്രാവാക്യം’ എന്ന തലകെട്ടോടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

കൂടുതല്‍ തിരഞ്ഞപ്പോള്‍ കോഴിക്കോട് വേളത്ത് മുസ്‌ലിംലീഗ് നേതൃത്വത്തിനെതിരെ നടന്ന പരസ്യ പ്രതിഷേധവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവി പ്രസിദ്ധീകരിച്ച വാർത്ത ലഭിച്ചു. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമിനും മുൻ എംഎൽഎ പാറക്കല്‍ അബ്ദുളളയ്ക്കുമെതിരെയാണ് കുറ്റ്യാടി വേളം പഞ്ചായത്തിൽ ലീഗ് പ്രവർത്തകരുടെ പ്രതിഷേധം നടന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുറ്റ്യാടി മണ്ഡലം ജനറല്‍ സെക്രട്ടറി കെസി മുജീബ് റഹ്‌മാനെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധം. വേളം പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചതിനു പിന്നാലെയാണ് മണ്ഡലം ജനറല്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. 

വേളത്ത് 2025 മെയ് 7ന് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട വീഡിയോ റിപ്പോർട്ട് എബി ന്യൂസ് ഓൺലൈൻ യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്. വേളം പഞ്ചായത്തിൽ പ്രസിഡന്‍റ് പദവിയെ ചൊല്ലി യുഡിഎഫിൽ നടന്ന പൊട്ടിത്തെറിക്ക് പിന്നാലെയാണ് കുറ്റ്യാടി മണ്ഡലം ജനറല്‍ സെക്രട്ടറി കെസി മുജീബ് റഹ്‌മാനെ സംസ്ഥാന കമ്മറ്റി സസ്പെൻഡ് ചെയ്തത്. പഞ്ചായത്ത് പ്രസിഡന്‍റ് പദവി നാല് വർഷത്തിന് ശേഷം കോൺഗ്രസിന് നൽകാത്തതിൽ പ്രതിഷേധിച്ച് വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും കോൺഗ്രസ് അംഗം രാജി വച്ചിരുന്നു. ഇതിന് പിന്നാലെ നടന്ന അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് അംഗം വൈസ് പ്രസിഡന്റായി. ലീഗ് സംസ്ഥാന കമ്മറ്റിയുടെ നിർദേശം മറികടന്ന് പ്രസിഡന്റ് പദവി ഒഴിയാത്ത സാഹചര്യത്തിലായിരുന്നു കെസി മുജീബ് റഹ്‌മാനെ സസ്പെൻഡ് ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. 

സംസ്ഥാന കമ്മറ്റി സസ്പെൻഡ് ചെയ്ത കെസി മുജീബ് റഹ്‌മാന്‍റെ നേതൃത്വത്തിൽ നവംബർ 2ന് വേളത്ത് ശക്തിപ്രകടനം നടന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ചായിരുന്നു ഈ ശക്തിപ്രകടനമെന്നും റിപ്പോർട്ടിൽ പറയുന്നു.

നിഗമനം 

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ പ്രവർത്തകർ പ്രതിഷേധിച്ചു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ മുസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലം സെക്രട്ടറിയെ സസ്പെൻഡ് ചെയ്തതിന് 2025 മെയ് 7ന് നടന്ന പ്രതിഷേധത്തിന്‍റെതാണ്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനെതിരെ ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം…? പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ…

Fact Check By: Vasuki S  

Result: False