
ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിനടുത്തുള്ള ബൈസരൻ താഴ്വരയില്‍ 2025 ഏപ്രിൽ 22 ന് നടന്ന ഭീകരാക്രമണത്തിൽ 27 വിനോദസഞ്ചാരികൾക്ക് ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. 20 ലധികം പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ തുടരുന്നു. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പിൻവലിച്ച ശേഷം മേഖലയിലെ ഏറ്റവും മാരകമായ ഈ ആക്രമണം സാധാരണക്കാരെ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നും കശ്മീർ താഴ്‌വരയിലെ പൊതുജന സൗഹാര്‍ദ്ദ മാറ്റങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
ഇന്ത്യന്‍ സൈന്യം ശക്തമായി ഇതിനെതിരെ തിരിച്ചടിക്കുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
സൈനികര്‍ കീഴ്പ്പെടുത്തിയ ശത്രുക്കളെ ഓരോരുത്തരെയായി മഞ്ഞുമൂടിയ അതിര്‍ത്തി പ്രദേശത്ത് വെടിവച്ചു കൊല്ലുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പഹല്‍ഗാം തീവ്രവാദി ആക്രമണത്തിന് ശേഷം ഇന്ത്യ തിരിച്ചടിക്കുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “
ഇനി സംസാരമില്ല, പ്രവൃത്തി മാത്രം
**************************************
നമ്മുടെ ഇന്ത്യൻ ആർമി ബാരാമുള്ളയിൽ 4 തീവ്രവാദികളെ ഹൂറികളുടെ അടുത്തേയ്ക്ക് വിട്ടിട്ടുണ്ട്.
എന്നാല്‍ ഇത് നാലു വര്‍ഷം പഴയ ദൃശ്യങ്ങളാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ആക്രമണത്തിന് എതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് വാര്‍ത്തകള്‍ അറിയിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് തിരിച്ചടിക്കലുമായി യാതൊരു ബന്ധവുമില്ല. കാരണം ഈ ദൃശ്യങ്ങള്‍ നാല് വര്‍ഷമായി ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2020 ഡിസംബറില്‍ ഇതേ വീഡിയോ പങ്കുവച്ച ഇന്ത്യന്‍ മിലിട്ടറി ഇമേജസ് എന്ന ഫേസ്ബുക്ക് പേജ് ലഭിച്ചു.
ഇന്ത്യന്‍ സൈനികരാണിത് എന്നാണ് ഒപ്പമുള്ള വിവരണത്തില്‍ വ്യക്തമാക്കുന്നത്.
കാശ്മീര്‍ തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം നേരിടുന്നു എന്ന അടിക്കുറിപ്പോടെ മറ്റൊരു വെബ്സൈറ്റില്‍ 2022 ല്‍ ഇതേ വീഡിയോ കൊടുത്തിട്ടുണ്ട്.
വീഡിയോ സ്രോതസിനെ കുറിച്ച് കൂടുതല്‍ ആധികാരിക വിവരങ്ങള്‍ ഒന്നും ഞങ്ങളുടെ അന്വേഷണത്തില്‍ ലഭ്യമായില്ല. ഏതായാലും ഈ വീഡിയോയ്ക്ക് ഇക്കഴിഞ്ഞ ദിവസം നടന്ന പഹല്‍ഗാം തീവ്രവാദ ആക്രമണവുമായി യാതൊരു ബന്ധവുമില്ല.
നിഗമനം
പഹല്‍ഗാം തീവ്രവാദ ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ സൈന്യം തീവ്രവാദികളെ വെടിവച്ക് കൊല്ലുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ പഴയതാണ്. 2020 മുതല്‍ വീഡിയോ പ്രചാരത്തിലുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:പെഹല്‍ഗാമിന് ശേഷം ഇന്ത്യന്‍ ആര്‍മി തിരിച്ചടിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് പഴയ ദൃശ്യങ്ങള്‍ ഉപയോഗിച്ച്…
Fact Check By: Vasuki SResult: False
