
വിവരണം
ഇരിങ്ങാലക്കുടയിൽ നഗ്ന ചിത്രം മോർഫ് ചെയ്ത പ്രചരിപ്പിച്ച സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായ പിതാവിനെയും മകനേയും സ്ത്രീകൾ വളഞ്ഞിട്ട് പഞ്ഞിക്കിടുന്ന ദൃശ്യങ്ങൾ പുറത്ത് എന്ന തലക്കെട്ട് നല്കി ഒരാളെ സ്ത്രീകള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൂട്ടം ചേര്‍ന്ന് വടി ഉപയോഗിച്ച് തല്ലുകയും വസ്ത്രം വലിച്ച് കീറുകയും വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ക്കുന്നതും വീഡിയോയില്‍ കാണാം. കണ്ണൂര്‍ സാഹിബ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് ഇതുവരെ 125ല്‍ അധികം റിയാക്ഷനുകളും 353ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രചരിക്കുന്ന വീഡിയോയില്‍ മര്‍ദ്ദനമേറ്റത് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് ആണോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത ഇതാണ്
പ്രചരിക്കുന്ന വീഡിയോ കീ ഫ്രെയിമുകള്‍ റിവേഴ്സ് സെര്‍ച്ച് ചെയ്തതില്‍ നിന്നും 24 ന്യൂസ് 2023 ജനുവരി 6ന് അപ്ലോഡ് ചെയ്ത വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. തൃശൂര്‍ ജില്ലയിലെ മുരിയാട് ധ്യാന കേന്ദ്രവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. എംപറര്‍ ഇമ്മാനുവല്‍ സഭയിലെ വിശ്വാസികളായ സ്ത്രീകള്‍ സഭ ബന്ധം ഉപേക്ഷിച്ച മുരിയാട് സ്വദേശി ഷാജിയെയും കുടുംബത്തെയുമാണ് കാറില്‍ സഞ്ചരിക്കവെ വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു എന്നതാണ് 24 നല്‍കിയിരിക്കുന്ന വാര്‍ത്ത. അതെ സമയം സഭയിലെ വിശ്വാസിയായ ഒരു സ്ത്രീയുടെ ചിത്രം സഭ ബന്ധം ഉപേക്ഷിച്ച ഷാജി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതാണ് പ്രകോപനത്തിനും പ്രതികരണത്തിനും കാരണമെന്നും വിശ്വാസികളായ സ്ത്രീകള്‍ ആരോപിച്ചു എന്ന് റിപ്പോര്‍ട്ടര്‍ ചാനലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഷാജിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ആളൂര്‍ പോലീസ് പിടികൂടിയ 11 സ്ത്രീകളെ കോടതി റിമാന്‍ഡ് ചെയ്തു.
എന്നാല്‍ 24 ന്യൂസിന്റെയും റിപ്പോര്‍ട്ടര്‍ ചാനലിന്റെയും വാര്‍ത്തകളില്‍ എവിടെയും മര്‍ദ്ദനമേറ്റ ഷാജി സിപിഎം പ്രവര്‍ത്തകനാണെന്നോ മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണെന്നോ പറയുന്നില്ല.
അതുകൊണ്ട് തന്നെ ഫാക്ട് ക്രെസെന്‍ഡോ മലയാളം മുരിയാട് പ്രദേശം ഉള്‍പ്പെടുന്ന ആളൂര്‍ പോലീസ് സ്റ്റേഷനില്‍ ഫോണില്‍ ബന്ധപ്പെട്ട് വിഷയത്തിന്റെ രാഷ്ട്രീയ സ്വഭാവം അന്വേഷിച്ചു. എന്നാല്‍ ഇത് രാഷ്ട്രീയപരമായ തര്ക്കമല്ലായെന്നും എംപറര്‍ ഇമ്മാനുവല്‍ സഭയുടെ സിയോണ്‍ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നും പോലീസും വ്യക്തമാക്കി.
പിന്നീട് ഞങ്ങളുടെ പ്രതിനിധി സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗമായ ആര്.എല്‍.ശ്രീലാലുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്കിയ മറുപടി ഇപ്രകാരമാണ്- സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് മുരിയാട്. എന്നാല്‍ അവിടെ ധ്യാന കേന്ദ്രത്തില്‍ നടന്ന സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ആര്‍ക്കും തന്നെ സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല. മുരിയാട് സംഘര്‍ഷം നടന്നതിന് പിന്നാലെ തന്നെ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ സത്രീകള്‍ മര്‍ദ്ദിച്ച വ്യക്തി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണെന്ന തരത്തില്‍ പ്രചരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ വ്യക്തിക്കോ അവിടെ നടന്ന സംഘര്‍ഷത്തിനോ സിപിഎമ്മുമായി യാതൊരു ബന്ധുവുമില്ലായെന്നും ശ്രീലാല്‍ പറഞ്ഞു.
24 ന്യൂസ് വാര്‍ത്ത (യൂട്യൂബ് വീഡിയോ)-
റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത സ്ക്രീന്‍ഷോട്ട്-

നിഗമനം
തൃശൂര്‍ ജില്ലയിലെ മുരിയാട് എംപറര്‍ ഇമ്മാനുവല്‍ സഭ വിശ്വാസികളും ഇതെ സഭയില്‍ നിന്നും വിട്ടുപോയ കുടുംബവും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രചരിക്കുന്ന വീഡിയോക്ക് ആസ്പദമായ സംഭവം നടന്നതെന്ന് പോലീസ് വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ മര്‍ദ്ദനമേറ്റ വ്യക്തി വിശ്വാസിയായ സ്ത്രീയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നദൃശ്യം പ്രചരിപ്പിച്ചെന്ന പേരിലാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് വിശ്വാസികളായ സ്ത്രീകള്‍ ആരോപിക്കുന്നതായും വാര്‍ത്തകളുണ്ട്. അതെ സമയം മര്‍ദ്ദനമേറ്റ വ്യക്തിക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലായെന്ന് സിപിഎം പ്രാദേശിക നേതൃത്വവും കേസ് രാഷ്ട്രീയപരമല്ലായെന്നും പോലീസും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം ഭാഗികമായി തെറ്റാണെന്ന് അനുമാനിക്കാം.,ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:നഗ്ന ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സ്ത്രീകള്‍ മര്‍ദ്ദിക്കുന്ന വീഡിയോയാണോ ഇത്? വസ്തുത അറിയാം..
Fact Check By: Dewin CarlosResult: Partly False
