കഴിഞ്ഞ ദിവസം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും വിശ്വകർമ്മ ജയന്തി ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു. വിവിധ സ്ഥലങ്ങളിൽ ഘോഷയാത്രകളും മേളകളും മറ്റും സംഘടിപ്പിച്ചിരുന്നു. സെപ്റ്റംബര്‍ 17 ഞായറാഴ്ച വിശ്വകർമ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ യശോഭൂമി കൺവെൻഷൻ സെന്‍ററിൽ നിരവധി കരകൗശല വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി മോദി "ഇന്ത്യയുടെ കരകൗശല വൈവിധ്യത്തെ" പ്രശംസിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ഈ സന്ദർഭത്തിൽ മോദി കരകൗശല രംഗത്തെ തൊഴിലാളികളുമായി സംസാരിക്കുന്ന ഒരു ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.

പ്രചരണം

കരകൗശല രംഗത്ത് പ്രവർത്തിക്കുന്ന രണ്ടു സ്ത്രീകളുമായി പ്രധാനമന്ത്രി സംസാരിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ക്യാമറയുടെ ട്രൈപോഡ് സമീപത്ത് കാണാം. ഈ ചിത്രം സ്റ്റുഡിയോ സെറ്റില്‍ പകർത്തിയതാണെന്നും യഥാർത്ഥമല്ല എന്നും അവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “രണ്ടു തൊഴിലാളികളോട് സംസാരിക്കണമെങ്കിൽ ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിൽ കൺസ്ട്രക്ഷൻ സൈറ്റ് ഉണ്ടാക്കി സേവാഭാരതി നാടക ട്രൂപ്പിൽ നിന്ന് നടിമാരെ വേഷം കെട്ടിച്ചു കൊണ്ടു നിർത്തേണ്ട ഗതികെട്ട അവസ്ഥയിലാണ് പ്രധാനമണ്ടൻ”

FB postarchived link

എന്നാൽ തെറ്റായ വിവരണമാണ് ചിത്രത്തോടൊപ്പം നൽകിയിട്ടുള്ളത് എന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. ഡൽഹിയില്‍ ഈയിടെ നടന്ന കരകൗശല മേളയിൽ നിന്നുള്ളതാണ് ഈ ചിത്രം.

വസ്തുത ഇതാണ്

ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നാദത്തി നോക്കിയപ്പോള്‍ ചിത്രം ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി.

വിശ്വകർമ ജയന്തിയും 73മത് ജന്മദിനവും പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഡൽഹിയിലെ ദ്വാരകയിലെ ഇന്ത്യാ ഇന്‍റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സ്‌പോ സെന്‍റർ - യശോഭൂമിയിൽ രാജ്യത്തെ കരകൗശല മേള സന്ദര്‍ശിക്കുകയും കരകൗശല വിദഗ്ധരെയും കാണുകയും ആശയവിനിമയം നടത്തുകയും ചെയ്തു.

പരമ്പരാഗത കരകൗശലത്തൊഴിലാളികൾക്കായി പ്രധാനമന്ത്രി ‘പിഎം വിശ്വകർമ’ പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ സമാരംഭത്തിന് മുന്നോടിയായി അദ്ദേഹം ‘വിശ്വകർമ ഗുണഭോക്താക്കളെ കണ്ടു. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വിശ്വകർമരുമായി ബന്ധപ്പെടാനുള്ള അവസരം ലഭിച്ചതിൽ പ്രധാനമന്ത്രി മോദി സന്തോഷം പ്രകടിപ്പിച്ചു. പ്രദർശനം സന്ദർശിക്കുകയും കരകൗശല വിദഗ്ധരുമായി സംവദിക്കാന്‍ ലഭിച്ച അനുഭവവും അദ്ദേഹം എടുത്തുപറഞ്ഞു.

എന്‍‌ഡി‌ടി‌വി റിപ്പോര്‍ട്ടില്‍ നല്കിയ ചിത്രം താഴെ കാണാം.

യശോഭൂമി കൺവെൻഷൻ സെൻററിൽ പ്രധാനമന്ത്രി എത്തി കരകൗശല വിദഗ്ധരോട് സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി വീഡിയോ ലഭ്യമാണ്. പ്രചരിക്കുന്ന ചിത്രം ഇതേ സന്ദര്‍ഭത്തില്‍ നിന്നുള്ളതാണെന്ന് 5:29 മുതലുള്ള ദൃശ്യങ്ങൾ കണ്ടാല്‍ വ്യക്തമാകും.

തെറ്റായ വിവരണം ചേർത്താണ് ചിത്രം പ്രചരിപ്പിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ദില്ലിയിൽ കഴിഞ്ഞ ദിവസങ്ങളിൽ യെശോഭൂമി കൺവെൻഷൻ സെന്‍ററിൽ സംഘടിപ്പിച്ച കരകൗശല വിദഗ്ധരുടെ മേളയിൽ എത്തി പ്രധാനമന്ത്രി നരേന്ദ്രമോദി കരകൗശല വിദഗ്ധരോട് സംവദിക്കുന്ന ചിത്രമാണിത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:നരേന്ദ്ര മോദി കരകൌശല വിദഗ്ധരുമായി സംവദിക്കുന്ന ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു...

Written By: Vasuki S

Result: False