കാശ്മീർ വിഷയത്തില്‍ പ്രതിഷേധിക്കാൻ പിണറായി വിജയൻ കാശ്മീരിലേക്ക് പോകുന്നു എന്ന വാര്‍ത്ത സത്യമോ..?

രാഷ്ട്രീയം | Politics

കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും 2019 ഓഗസ്റ്റ് 8 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. കാശ്മീരിലെ ജനങ്ങളെ രക്ഷിക്കാൻ ഇനി പിണറായി സഖാവിനെക്കൊണ്ട് മാത്രമേ പറ്റുകയുള്ളു… ??

പിണറായി ഡാ ? എന്ന അടിക്കുറിപ്പോടെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രവും ഒപ്പം ” സഖാവ് പിണറായി വിജയൻ കാശ്മീരിലേക്ക്. ജമ്മു കാശ്മീർ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാരിന്‍റെ നടപടിക്കെതിരെ പ്രതിഷേധിക്കാൻ കാശ്മീരികളുടെ രക്ഷകനാകുവാൻ സഖാവ് പിണറായി കാശ്മീരിലേയ്ക്ക്. ലാൽസലാം സഖാവേ.. ലോകം അങ്ങയുടെ മുന്നിൽ നമിക്കുന്നു.” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്.

archived linkFB post

കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്തു മാറ്റിയതിനെതിരെ പ്രതിഷേധിക്കാൻ  സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ കാശ്മീരിലേക്ക് പോകുന്നു എന്നാണ് പോസ്റ്റിൽ ഉന്നയിക്കുന്ന അവകാശവാദം. ഈ വാർത്ത എത്രത്തോളം സത്യമാണ് എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം 

വസ്തുതാ വിശകലനം 

ഈ വാർത്തയുടെ വിശദാംശങ്ങൾ അറിയാൻ ഞങ്ങൾ ആദ്യം വാർത്താ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിൽ പരിശോധിച്ച് നോക്കി. എന്നാൽ ഇത്തരത്തിൽ ഒരു വാർത്തയും ഞങ്ങൾക്ക് ലഭ്യമായില്ല. കേരളത്തിന്റെ മുഖ്യമന്ത്രി കാശ്മീരിൽ പോവുകയാണെങ്കിൽ അത് തീർച്ചയായും മാധ്യമ വാർത്തയാകുന്നതാണ്. അദ്ദേഹം കാശ്മീർ വിഷയത്തിൽ എങ്ങനെയാണ് പ്രതികരിച്ചത് എന്നറിയാൻ ഞങ്ങൾ പിന്നീട് വാർത്തകൾ തിരഞ്ഞു. കാശ്മീരിന്‍റെ  പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞതിനെ പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ എന്തെങ്കിലും അഭിപ്രായ പ്രകടനം നടത്തിയതായി മാധ്യമങ്ങളിൽ വാർത്തകൾ വന്നിട്ടില്ല. തുടർന്ന് ഞങ്ങൾ അദ്ദേഹത്തിന്‍റെ ഫേസ്‌ബുക്ക് പേജുകൾ പരിശോധിച്ചു. എന്നാൽ ഫേസ്‌ബുക്ക് പേജുകളിൽ ഈ വിഷയത്തെപ്പറ്റി യാതൊരു തരത്തിലുള്ള പരാമർശങ്ങളും അദ്ദേഹം നടത്തിയിട്ടില്ല. 

പോസ്റ്റിലെ വാർത്തയെപ്പറ്റി യാതൊരു വ്യക്തതയും ലഭിക്കാത്ത സാഹചര്യത്തിൽ ഞങ്ങൾ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട്  വിശദീകരണം തേടി. അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി ആർ മോഹൻ അറിയിച്ചത് ഇത് പൂർണ്ണമായും വ്യാജമായ  വാർത്തയാണ് എന്നാണ്. മുഖ്യമന്ത്രിയുടെ യാത്രകൾ പൊതുജനങ്ങൾ അറിഞ്ഞു കൊണ്ട്  മാത്രമാണ്. അദ്ദേഹം പ്രളയവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്.”

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഈ വാർത്ത യാതൊരു അടിസ്ഥാനവുമില്ലാത്തതാണ് എന്നാണ്. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണ്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ കാശ്മീരിൽ പോകുന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്ന് അദ്ദേഹത്തിൻറെ ഓഫീസിൽ നിന്നും വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് മാന്യ വായനക്കാർ ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:കാശ്മീർ വിഷയത്തില്‍ പ്രതിഷേധിക്കാൻ പിണറായി വിജയൻ കാശ്മീരിലേക്ക് പോകുന്നു എന്ന വാര്‍ത്ത സത്യമോ..?

Fact Check By: Vasuki S 

Result: False