പോലീസുകാരനെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ ഗുജറാത്തില്‍ നിന്നുള്ളതല്ല, സത്യമിങ്ങനെ…

Misleading ദേശീയം | National രാഷ്ട്രീയം

ഗുജറാത്തില്‍ ദളിത്‌ വിഭാഗത്തില്‍ നിന്നുള്ള പോലിസുകാരനെ കൈയ്യേറ്റം ചെയ്യുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

യുണിഫോം ധരിച്ച പോലീസുകാരനെ ഏതാനും പേര്‍ തടഞ്ഞുവച്ച് പേരും ഐഡി കാര്‍ഡും ചോദിക്കുന്നതും ബലം പ്രയോഗിച്ച് കൈയ്യില്‍ പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ദളിത്‌ വിഭാഗത്തില്‍ പെട്ടതായതിനാല്‍ പോലീസുകാരനെ കൈയ്യേറ്റം ചെയ്യുന്നു എന്ന് സൂചിപ്പിച്ച് വീഡിയോയുടെ മുകളിലൂടെയുള്ള എഴുത്ത് ഇങ്ങനെ:  

“ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ഗുജറാത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് താഴ്ന്ന ജാതി ആയിപ്പോയി പാവം”

FB postarchived link

എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും ദൃശ്യങ്ങൾക്ക് ഗുജറാത്തുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ സമാന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ചില മാധ്യമ റിപ്പോർട്ടുകൾ ലഭിച്ചു. ഈ സംഭവം നടന്നത് 2025 ഫെബ്രുവരി ആറിന് മധ്യപ്രദേശിലെ ഇൻഡോറിൽ ആണ് ഗംഗ പോലീസ് സ്റ്റേഷൻ പരിധിയിൽ പുലർച്ചെ ചെക്കിംഗ് നടത്തുകയായിരുന്നു സബ്ഇൻസ്പെക്ടർ ആണ് അക്രമത്തിന് ഇരയായത് വാഹനത്തിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതോടെയാണ് സംഘം പ്രകോപിതരായതും പോലീസ് ഓഫീസറെ മർദ്ദിച്ചതെന്നും വാർത്തയിലുണ്ട്. ഉദ്യോഗസ്ഥന്‍ ദളിത്‌ വിഭാഗത്തില്‍ പെട്ടതാണ്. പ്രതിപക്ഷം സംഭവത്തെ രൂക്ഷമായി അപലപിച്ചിരുന്നു.

ആക്രമിക്കപ്പെട്ടത് ദളിത്‌ വിഭാഗത്തില്‍പ്പെട്ട പോലീസുകാരന്‍ ആയിരുന്നു എന്നത് സത്യം തന്നെ. എന്നാല്‍ ദളിത്‌ വിഭാഗത്തില്‍പ്പെട്ടതിനാലാണ് അയാള്‍ അക്രമിക്കപ്പെട്ടത് എന്ന്  വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ ഒരിടത്തും പരാമര്‍ശമില്ല. പോലീസുകാരൻ വ്യാജ ഉദ്യോഗസ്ഥനാണ് എന്ന് ആരോപിച്ചാണ് കാറിൽ ഉണ്ടായിരുന്ന സംഘം മർദ്ദിച്ചതെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  ഉദ്യോഗസ്ഥന്‍റെ പേര് ചോദിച്ച ശേഷം അദ്ദേഹത്തെ ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റി ബാങ്ക പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ എത്തിയപ്പോൾ രണ്ടു പേർ ഓടി രക്ഷപ്പെട്ടു, മറ്റ് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് റിപ്പോർട്ടിലുള്ളത്

വികാസ് ദാബി, രവി നായിക് എന്നിവർക്കെതിരെ അട്രോസിറ്റി നിയമപ്രകാരം കേസ് ചാർജ് ചെയ്തിട്ടില്ല. മനപ്പൂർവം പരിക്കേൽപ്പിക്കല്‍, ജോലി തടസ്സപ്പെടുത്തൽ, അനധികൃതമായി തടഞ്ഞുവെക്കൽ,  അക്രമം, കൂട്ടം ചേർന്നുള്ള കുറ്റകൃത്യം, അസഭ്യം പറച്ചിൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായ വികാസ് ജയിൽ വർഡനാണ്. ജോബാത് ജയിലില്‍ ജോലി നോക്കുന്ന വികാസ് അവധിക്ക് ഇൻഡോറിൽ എത്തിയതാണ്. ഇയാളെ സസ്പെൻഡ് ചെയ്തതായി ജയിൽ വകുപ്പ് അറിയിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഷെഡ്യൂൾഡ് വിഭാഗത്തിൽ പെട്ടയാളാണ് വികാസ് ദാബി, ഒബിസി വിഭാഗക്കാരനാണ് രവി നായിക്. 

അറസ്റ്റിലായ പ്രതികളുമൊത്ത് ഇൻഡോർ പോലീസിന്‍റെ ദൃശ്യങ്ങൾ മധ്യപ്രദേശ് തകിന്‍റെ എക്സ് ഹാൻഡിലിൽ പങ്കുവെച്ചിരുന്നു. 

കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ ബാന്‍ഗംഗ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജുമായി സംസാരിച്ചു. “മദ്യപിച്ചത് ചോദ്യം ചെയ്തതായിരുന്നു പ്രശ്നമായത്. സംഭവത്തിന് യാതൊരു ജാതീയ മാനവുമില്ല. നാല് പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവം നടന്നയുടന്‍ തന്നെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളില്‍ ഒരാളായ വികാസ് ദാബിയും ദളിത് വിഭാഗത്തില്‍പ്പെട്ടയാളാണ്. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ” എസ്എച്ച്ഒ രാജേന്ദ്ര സോണി പറയുന്നു. 

നിഗമനം 

പോലീസുകാരനെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ ഗുജറാത്തില്‍ നിന്നുള്ളതല്ല, മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ളതാണ്. ദളിത്‌ വിഭാഗത്തില്‍പ്പെട്ടയാള്‍ ആയതിനാലാണ് പോലീസുകാരനെ കൈയ്യേറ്റം ചെയ്യുന്നത് എന്ന പ്രചരണം തെറ്റാണ്, മദ്യപിച്ചത് ചോദ്യം ചെയ്തതിനാലാണ് കൈയ്യേറ്റം ഉണ്ടായത്.  

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പോലീസുകാരനെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ ഗുജറാത്തില്‍ നിന്നുള്ളതല്ല, സത്യമിങ്ങനെ…

Fact Check By: Vasuki S  

Result: Misleading