
നിരോധിത ലഹരി പദാർഥങ്ങളുടെ ഉപയോഗം സമൂഹത്തിൽ വർദ്ധിച്ചു വരികയാണ് എന്ന പോലീസ് റിപ്പോർട്ടുകൾ ദിവസേനയെന്നോണം പുറത്തുവരുന്നുണ്ട്. ഇതിനിടെ കേരള പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ തന്നെ ലഹരി ഉപയോഗിക്കുന്നു എന്ന മട്ടിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളെ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഗതാഗതം നടക്കുന്ന ഒരു റോഡരികിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ഗൌരവത്തോടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. അദ്ദേഹത്തിന് പുറകില്‍ സ്കൂള്‍ യൂണിഫോമിട്ട ഒരു വിദ്യാര്‍ത്ഥി നില്‍ക്കുന്നുണ്ട്.
പോക്കറ്റിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നം എന്നു തോന്നുന്ന ഒരു വസ്തു പുറത്തെടുക്കുകയും സംസാരത്തിനിടയില്‍ ചുണ്ടിനടിയിൽ നിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ തുടര്‍ന്ന് കാണാം. വീഡിയോ ചിത്രീകരിക്കുന്നവര്‍ മലയാളം ഭാഷയില്‍ സംസാരിക്കുന്നതും പശ്ചാത്തലത്തില്‍ കേള്‍ക്കാം. ഇത് കേരള പോലീസിലെ ഉദ്യോഗസ്ഥനാണ് എന്ന് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെ: “ലഹരി വിമുക്ത കേരളം🤣🤣
അപ്പൊ തിങ്കളാഴ്ച്ച ദീപാവലിയാണ് എല്ലാരും വീടുകളിലും സ്ഥാപനങ്ങളിലും വൈകുന്നേരം ദീപം തെളിയിക്കണം”
എന്നാൽ ഞങ്ങളുടെ അന്വേഷണത്തില്‍ വീഡിയോ ദൃശ്യങ്ങളിലുള്ള പോലീസ് ഉദ്യോഗസ്ഥൻ കേരള പോലീസിലെതല്ല എന്നു വ്യക്തമായി.
വസ്തുത ഇതാണ്
വീഡിയോ ചിത്രീകരിച്ച വ്യക്തികളുടെ സംഭാഷണത്തില്‍ നിന്നും ഇത് തിരുവനന്തപുരത്തുള്ള വെമ്പായം എന്ന സ്ഥലത്ത് നിന്നുള്ളതാണ് എന്ന സൂചന ലഭിക്കുന്നുണ്ട്. അതിനാല്‍ കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ സംസ്ഥാന പോലീസ് മീഡിയ സെന്‍റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാറുമായി സംസാരിച്ചു “അദ്ദേഹം ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ക്ക് കേരള പോലീസുമായി യാതൊരു ബന്ധവുമില്ല. ഇക്കാര്യം വ്യക്തമാക്കി മീഡിയ സെന്‍റര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അറിയിപ്പ് നൽകിയിട്ടുണ്ട്”
വെമ്പായം, വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന്‍റെ പരിധിയിലാണ്. ഞങ്ങൾ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ സബ് ഇൻസ്പെക്ടർ സൈജുനാഥ് അറിയിച്ചത് ഇങ്ങനെയാണ്: “ഇങ്ങനെ ഒരു വീഡിയോ വൈറൽ ആയ കാര്യം ഞങ്ങൾ അറിഞ്ഞിരുന്നു. തുടർന്ന് പ്രസ്തുത സ്ഥലത്ത് ഞങ്ങൾ അന്വേഷണം നടത്തി ആന്ധ്രയിൽ നിന്നും നിന്നുള്ള വണ്ടി ആണെന്ന് വണ്ടി നമ്പർ വച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ആരാണ് പൊലീസുകാർ എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല അതിനുള്ള ശ്രമങ്ങൾ നടക്കുന്നു. ദൃശ്യങ്ങളിലെ പോലീസ് ഉദ്യോഗ്സ്ഥാന്‍ ധരിച്ചിരിക്കുന്ന യൂണിഫോം കേരള പൊലീസിന്‍റെതല്ല. കേരള പോലീസുമായി ഈ വീഡിയോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. കേസന്വേഷണത്തിന് ആവശ്യത്തിന് ഇവിടെ വന്ന ഉദ്യോഗസ്ഥരാകാം എന്ന് കരുതുന്നു.”
വീഡിയോ ദൃശ്യങ്ങളില്‍ കാണുന്ന ഉദ്യോഗസ്ഥന്‍ കേരള പോലീസിലെതല്ല എന്ന് അന്വേഷണത്തില്‍ വ്യക്തമാണ്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. വീഡിയോ ദൃശ്യങ്ങളിൽ കാണുന്ന പോലീസ് ഉദ്യോഗസ്ഥൻ കേരള പോലീസിലെതല്ല. ഇക്കാര്യം സംസ്ഥാന പോലീസ് അധികൃതർ അറിയിച്ചിട്ടുണ്ട്. വീഡിയോയ്ക്ക് കേരള പോലീസുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:പൊതുസ്ഥലത്ത് ലഹരി വസ്തു ഉപയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ കേരള പോലീസിലെതല്ല… സത്യമിതാണ്…
Fact Check By: Vasuki SResult: False
