
വിവരണം
തന്നെ അപീകര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജ വാര്‍ത്ത നല്‍കിയെന്ന പേരില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ടറും അവതാരകനുമായ ഷാജന്‍ സ്കറിയ്‌ക്കെതിരെ വ്യവസായി എം.എ.യൂസഫലി 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു എന്ന വാര്‍ത്ത ഇതിനോടകം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എം.എ.യൂസഫലിക്ക് മൂന്ന് പെണ്‍ മക്കളായത് കൊണ്ട് തന്നെ ഷുക്കൂര്‍ വക്കീല്‍ ഭാര്യയെ വീണ്ടും വിവാഹം ചെയ്തത് പോലെ യൂസഫലിയും ഭാര്യയെ നിയമപരമായി വീണ്ടും വിവാഹം ചെയ്തു എന്നതായിരുന്നു മറുനാടന്‍ മലയാളിയുടെ വാര്‍ത്ത. ഇതെ തുടര്‍ന്നാണ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂസഫലി വക്കീല്‍ നോട്ടീസ് അയച്ചത്.
എന്നാല്‍ ഇപ്പോള്‍ ഇതാ ഷാജന്‍ സ്കറിയക്ക് 10 കോടി രൂപ പിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു പോസ്റ്റര്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുകയാണ്. ആത്മാഭിമാനമുള്ള ഹിന്ദുക്കള്‍ ഒന്നിക്കുക.. നമുക്കായി പൊരുതുന്ന മറുനാടന് 10 കോടി യൂസഫലിക്ക് കെട്ടിവയ്ക്കാന്‍ സംഭാവന ചെയ്യുക. അക്കൗണ്ട് നമ്പര്‍ 39251566695, അക്കൗണ്ട് നെയിം സിഎംഡിആര്‍എഫ്, അക്കൗണ്ട് നമ്പര്‍ 2, തിരുവനന്തപുരം സിറ്റി ബ്രാഞ്ച്, ഐഎഫ്എസ്‌സി എസ്ബിഐഎന്‍0070028 ഈ അക്കൗണ്ടിലേക്ക് പണം ഇടാന്‍ ആവശ്യപ്പെട്ടാണ് പോസ്റ്റര്‍ പ്രചരണം. അശോകന്‍ പി.കെ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 96ല്‍ അധികം റിയാക്ഷനുകളും 41ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ യൂസഫലി ആവശ്യപ്പെട്ട് 10 കോടി രൂപ നഷ്ടപരിഹാരം കെട്ടിവയ്ക്കാന്‍ ഷാജന്‍ സ്കറിയയുടെ അക്കൗണ്ടിലേക്ക് പണം ഇടാനുള്ള അക്കൗണ്ട് വിവരങ്ങളാണോ പ്രചരിക്കുന്നത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ പ്രചരിക്കുന്ന പോസ്റ്ററിലെ അക്കൗണ്ടിന്‍റെ പേര് സിഎംഡിആര്‍എഫ് എന്നതാണ് പരിശോധിച്ചത്. ചീഫ് മിനിസ്റ്റേഴ്‌സ് ഡിസ്ട്രസ് റിലീഫ് ഫണ്ട് എന്ന അക്കൗണ്ടിലേക്ക് പണം ഇടാനുള്ള വിവരങ്ങളാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്. അതായത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദുരുിതാശ്വാസ നിഥിയിലേക്ക് പണം കൈമാറാന്‍ 2018ല്‍ പ്രളയ കാലത്ത് ആരംഭിച്ച അക്കൗണ്ടാണിത്. പിന്നീട് കോവിഡ് കാലത്തും ധാരാളം പേര്‍ ഈ അക്കൗണ്ടിലേക്ക് പണം കൈമാറിയിരുന്നു. എസ്ബിഐ കൂടാതെ മറ്റ് പ്രധാനപ്പെട്ട എല്ലാ ബാങ്കുകളിലും സിഎംഡിആര്‍ഫിന്‍റെ അക്കൗണ്ടുകളുണ്ട്. https://donation.cmdrf.kerala.gov.in/#donation എന്ന വെബ്‌സൈറ്റ് പരിശോധിച്ചതില്‍ നിന്നുമാണ് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം അക്കൗണ്ട് വിവരങ്ങള്‍ സ്ഥിരീകരിച്ചത്.
ആക്ഷേപഹാസ്യ രൂപേണയാണ് സിഎംഡിആര്‍എഫ് അക്കൗണ്ടിലേക്ക് പണം സമാഹരിക്കുന്നതിനായി പോസ്റ്റര്‍ പ്രചരണം നടത്തുന്നതെന്ന തരത്തിലാണ് പ്രചരിക്കുന്ന പോസ്റ്റുകളിലെ കമന്‍റുകളില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ ഇത് തിരിച്ചറിയാതെ ചിലര്‍ സത്യമാണെന്ന് തെറ്റ്ദ്ധരിച്ചും പോസ്റ്റ് പങ്കുവയ്ക്കുന്നുണ്ട്.
സിഎംഡിആര്‍ഫ് അക്കൗണ്ടന്‍റെ വിവരങ്ങള്‍ (സ്ക്രീന്‍ഷോട്ട്)-

നിഗമനം
മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ മാധ്യമത്തിലെ അവതാരകനായ ഷാജന്‍ സ്കറിയക്കെതിരെ വ്യവസായി എം.എ.യൂസഫലി 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഷാജന്‍ സ്കറിയ്ക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഫണ്ട് സമാഹരണം തെറ്റ്ദ്ധരിപ്പിക്കും വിധമുള്ളതാണ്. സര്‍ക്കാരിനെതിരെ നിരന്തരം വ്യാജ വാര്‍ത്ത കൊടുക്കുന്ന ഓണ്‍ലൈന്‍ മാധ്യമമാണ് മറുനാടന്‍ മലയാളിയെന്നും അതുകൊണ്ട് തന്നെ ഷാജന്‍ സ്കറിയയുടെ പേരില്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം സമാഹരിക്കുന്നതിലൂടെ മറുപടി നല്‍കുകയാണെന്ന് ഉദ്ദേശമെന്നുമാണ് ഇടതുപക്ഷ പ്രൊഫൈലുകള്‍ പലതും അക്ഷേപഹാസ്യ രൂപേണ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുള്ളത്.

Title:ഷാജന്‍ സ്കറിയയ്ക് വേണ്ടിയുള്ള ഫണ്ട് സമാഹരണത്തിന്‍റെ പോസ്റ്റര്‍ പ്രചരണമാണോ ഇത്? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Satire
