രാഹുല്‍ മാങ്കൂട്ടത്തിലിനും ഷാഫിക്കുമെതിരെ കെ.സുധാകരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

False രാഷ്ട്രീയം | Politics

വിവരണം

രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ പൊട്ടിത്തെറികള്‍ കോണ്‍ഗ്രസില്‍ സംഭവിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന പി.സരിന്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇടത് പാളയത്തിലെത്തിയതും രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. സരിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പാലക്കാട് പ്രഖ്യാപിക്കുകയും ചെയ്തു. 

ഇപ്പോള്‍ ഇതാ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഒരു പ്രസ്താവന നടത്തിയെന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. രാഹുല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നടക്കുന്ന ഷാഫിയുടെ നോമിനി എന്ന് കെ.സുധാകരന്‍ പറഞ്ഞു എന്നതാണ് പ്രചരണം. 𝐂𝐏𝐈𝐌 𝐊𝐄𝐑𝐀𝐋𝐀 𝐂𝐘𝐁𝐄𝐑 𝐖𝐈𝐍𝐆 ★★★ സി പി ഐ എം കേരള സൈബർ വിങ്ങ് എന്ന ഗ്രൂപ്പില്‍ ഷാജി ജോസഫ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –

Facebook Post  Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെ.സുധാകരന്‍ രാഹുലിനും ഷാഫിക്കുമെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്നാണ് പരിശോധിച്ചത്. രാഹുലിന്‍റെ പേര് നിര്‍ദ്ദേശിച്ചത് ഷാഫി പറമ്പിലാണെന്നും ഇതിനായി കെപിസിസിക്ക് കത്ത് നല്‍കിയതില്‍ അസ്വഭാവികത ഇല്ലായെന്നുമാണ് കഴിഞ്ഞ ദിവസം കെ.സുധാകരന്‍ പ്രതികരിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത്. കെപിസിസിയുടെ കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ അതോറിറ്റി. അവിടെ ചര്‍ച്ചയ്ക്ക് വന്നാല്‍ വിജയസാധ്യതയും സ്വീകാര്യതയും പരിശോധിച്ച് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കും. കമ്മിറ്റിയില്‍ രാഹുലിന്റെ പേര് പറഞ്ഞത് ഷാഫിയാണ്, ആ സ്ഥാനാര്‍ഥിക്ക് ദോഷം എന്താണ്? നല്ല ഓജസുള്ള ചെറുപ്പക്കാരന്‍, സമരരംഗത്ത് കത്തിജ്വലിക്കുന്ന ഒരുത്തന്‍, മൂന്നാം തലമുറയിലെ ആള്, ഇതെല്ലാം സ്ഥാനാര്‍ഥിയെന്ന നിലയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്ലസ് പോയിന്‍റാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ ഷാഫിയുടെ സ്ഥാനാർത്ഥിയല്ല, കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയെന്നും കെ സുധാകരൻ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സുധാകരന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രതികരിച്ചിരുന്നു. അതായത് രാഹുലിന് പൂര്‍ണ്ണ പിന്തുണ കെപിസിസിസി നല്‍കുന്നു എന്നതാണ് കെപിസിസി പ്രസിഡന്‍റിന്‍റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.

സീ മലയാളം ന്യൂസ് വാര്‍ത്ത –

Zee News Malayalam 

പ്രചരണത്തെ കുറിച്ചുള്ള പ്രതികരണം അറിയാന്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം കെപിസിസി മീഡിയ കോര്‍ഡിനേറ്റര്‍ കിരണ്‍ ഒ.എസുമായി ഫോണില്‍ ബന്ധപ്പെട്ടു. പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്നും ഇത്തരത്തിലൊരു പ്രതികരണം കെ.സുധാകരന്‍ നടത്തിയിട്ടില്ലായെന്നും ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിഗമനം

കെ.സുധാകരന്‍റെ പേരില്‍ പ്രചരിക്കുന്ന പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും കെപിസിസിയുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് രാഹുലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്നും സുധാകരന്‍ പല സന്ദര്‍ഭങ്ങളില്‍ പ്രതികരണം നടത്തിയതും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.