വിവരണം

ഇതു ആ ഭൂതം കയറിയ കോടികളുടെ ബസ്സ് അല്ലേ.. ഈ പരുവം ആയോ.. എന്ന തലക്കെട്ട് നല്‍കി മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിച്ച ബസ് തകര്‍ന്ന നിലയില്‍ കിടക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. We Hate CPM (വീ ഹേറ്റ് സിപിഎം) എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് -


എന്നാല്‍ യഥാര്‍ത്ഥത്തില്‍ തകരാറിലായ അവസ്ഥയില്‍ ഉപേക്ഷിച്ച അവസ്ഥയില്‍ കിടക്കുന്ന ബസിന്‍റെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ കെഎസ്ആര്‍ടിസി സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ നല്‍കിയ മറുപടി ഇപ്രകാരമാണ് -

ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട്-ബെംഗളുരു റൂട്ടിലായിരുന്നു നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് സെര്‍വീസ് നടത്തിയിരുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി സജ്ജീകരിച്ച സീറ്റ് മാറ്റി പകരം ഡബിള്‍ സീറ്റ് സ്ഥാപിച്ചിരുന്നു. മുഴുവനായി ശീതീകരിച്ച ബസില്‍ 26 പുഷ്ബാക്ക് സീറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ പലതും കുറഞ്ഞ് 35ന് മുകളില്‍ സീറ്റുകളുണ്ട്. ശുചിമുറി മാറ്റി കൂടുതല്‍ സീറ്റുകള്‍ ഉള്‍പ്പെടുത്തി അതായത് 38 സീറ്റുകളാക്കി എണ്ണം ഉയര്‍ത്താനാണ് ഇപ്പോള്‍ അറ്റകുറ്റപ്പണികള്‍ക്കായി ബസ് ബെംഗളുരു ഗാര്യേജില്‍ എത്തിച്ചതെന്നും കെസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. സ്കാനിയ ബസിന്‍റെ നീളം ഗരുഡ പ്രീമിയം ബസിന് ഇല്ലായിരുന്നു അതുകൊണ്ടാണ് ശുചിമുറി മാറ്റുന്നതെന്നും പുതിയ റൂട്ടിലാണോ ബസ് സര്‍വീസ് പുനക്രമീകരിക്കുന്നതിനെ കുറിച്ചുള്ള വകുപ്പ്തല അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലായെന്നും ബസിന് മറ്റ് കേടുപാടുകളില്ലായെന്നും പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്നും അവര്‍ വ്യക്തമാക്കി.

നിഗമനം

നവകേരള ബസ് ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട്-ബെംഗളുരു സെര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ ശുചമുറി സൗകര്യം ഉള്‍പ്പടെയുള്ളതിനാല്‍ സീറ്റിങ് കപ്പാസിറ്റി കുറവായിരുന്നു. ഇപ്പോള്‍ 26 സീറ്റില്‍ നിന്നും 38 സീറ്റുകളാക്കി ഉയര്‍ത്താന്‍ വേണ്ടിയാണ് ബസ് ബെംഗളുരു ഗ്യാരേജില്‍ കയറ്റിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ ഭാഗികമായി തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി.