സമൂഹ മാധ്യമങ്ങളില്‍ ചില ജവാന്മാര്‍ പിച്ച പാത്രവും ദേശിയ പതാകയും പിടിച്ച് പ്രതിഷേധിക്കുന്നത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ ജവാന്മാര്‍ ചൈന അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നതാണെന്നും ഇവര്‍ക്ക് റേഷന്‍ ലഭിക്കുന്നില്ല എന്നുമുള്ള തരത്തിലാണ് ഈ വീഡിയോ വെച്ച് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം.

പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook | Archived

മുകളിൽ നൽകിയ പോസ്റ്റിൽ പ്രതിഷേധിക്കുന്ന രണ്ട് ജവാന്മാരുടെ വീഡിയോ കാണാം. റിപ്പോര്‍ട്ടര്‍ ഭക്ഷണത്തിനെ കുറിച്ച് ഒരു ജവാനോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണില്‍ കണ്ണീര്‍ വന്നു. കുടെയുള്ള മറ്റൊരു ജവാന്‍ പറയുന്നു ഞങ്ങള്‍ രാവിലെ മുതല്‍ വിശന്നു കൊണ്ട് ഇരിക്കും. രാത്രി ഗ്രാമവാസികള്‍ ഞങ്ങള്‍ക്ക് കൊടുക്കുന്നതാണ് ഞങ്ങള്‍ കഴിക്കുന്നത്. ഞങ്ങള്‍ ഈ പിച്ച പാത്രവും ദേശിയ ത്രിവര്‍ണ്ണ പതാകയും എടുത്ത് നടന്നു പൊക്കുമ്പോള്‍ അത് കണ്ട് ഗ്രാമവാസികള്‍ക്ക് സങ്കടം വരും എന്നും ഈ ജവാന്‍ പറയുന്നത് നമുക്ക് കേള്‍ക്കാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “നമ്മുടെ സൈനികരുടെ അവസ്ഥയാണ് ഇത്....

ചൈന അതിർത്തിയിൽ കാവൽ നിൽക്കുന്ന നമ്മുടെ സൈനികരാണ് ഇത് ഇവർക്ക് ഭക്ഷണം പോലും ലഭിക്കുന്നില്ല നാട്ടുകാരാണ് ഭക്ഷണം കൊടുക്കുന്നത്....

ഒരാൾ ഇവിടെ ദൈവം ചമഞ്ഞ് നടക്കുന്നുണ്ട്......”

ഇതേ പ്രചരണം Xലും ഇന്‍സ്റ്റാഗ്രാമിലും ഈ വീഡിയോ വെച്ച് നടത്തുന്നുണ്ട്. ഇത്തരത്തില്‍ ചില പോസ്റ്റുകള്‍ നിങ്ങള്‍ക്ക് താഴെ കാണാം.

Instagram | Archived

എന്നാൽ ശരിക്കും ഇവര്‍ ചൈനയുടെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാരാണോ? ഇന്ത്യന്‍ സര്‍ക്കാര്‍ ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നില്ലേ? എന്താണ് മുഴുവന്‍ സംഭവം നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങൾ യുട്യൂബില്‍ ഹിന്ദിയില്‍ ഈ വീഡിയോയില്‍ കാണുന്ന സംഭവവുമായി ബന്ധപെട്ട കീ വേര്‍ഡുകള്‍ ഉപയോഗിച്ച് അന്വേഷണം നടത്തി. അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ഇതില്‍ കാണുന്ന ഒരു ജവാന്റെ വീഡിയോ ലഭിച്ചു. ഈ ജവാന്റെ പേര് ഹരേന്ദ്ര കുമാര്‍ യാദവ് എന്നാണ്. ഇദ്ദേഹം നിലവില്‍ ഇന്ത്യന്‍ ആര്‍മിയുടെ സേവനത്തിലില്ല. ഇദ്ദേഹം സര്‍ക്കാരിനെതിരെ ഒരു പിച്ച പാത്രം പിടിച്ച് പ്രതിഷേധം നടത്തുകയാണ്.

ഹരേന്ദ്ര കുമാർ യാദവിനെ കുറിച്ച് കൂടതൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ഇദ്ദേഹത്തിന്റെ ഒരു അഭിമുഖം ലഭിച്ചു. ഈ അഭിമുഖത്തിൽ യാദവ് പറയുന്നത്, “ഞാൻ ആർമിയിൽ നടക്കുന്ന ദുഷ്പ്രവർത്തനങ്ങളെ കുറിച്ച് പരാതി നൽകിയപ്പോൾ സീനിയർ മാർ എന്നെ മർദിച്ചു ഒന്നും പറയരുത് എന്ന് പറഞ്ഞു.”


ഇദ്ദേഹം സൈന്യം 2023 ഈ ആരോപണങ്ങൾ ഉന്നയിച്ച് സൈന്യം വിട്ടു എന്ന് പറയുന്നു. ഈ സംഭവത്തിനെ കുറിച്ച് ഹിന്ദി മാധ്യമ വെബ്സൈറ്റ് അമർ ഉജാല വാർത്ത പ്രസിദ്ധികരിച്ചിരുന്നു. ഈ വാർത്ത പ്രകാരം ഹരേന്ദ്ര കുമാർ യാദവ് ഉന്നത അധികാരികൾക്കെതിരെ ഉപദ്രവത്തിന്റെ ആരോപണം ഉന്നയിച്ച് ആർമിയിൽ നിന്ന് രാജി വെച്ചു. ഇദ്ദേഹം രാജസ്ഥാനിലെ ജോധ്പുറിലായിരുന്നു പ്രവർത്തിച്ചിരുന്നത്.

വാർത്ത വായിക്കാൻ - Amar Ujala | Archived

പിന്നീട് ഇദ്ദേഹം അഗ്നിവീറിനെതിരെയും പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ യാദവ് രാഹുൽ ഗാന്ധിയെയും കണ്ടിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് ഇരുന്ന് പ്രസംഗിച്ചിരുന്നു.

വീഡിയോയിൽ കാണുന്ന രണ്ടാമത്തെ ജവാനും ഒരു മുൻ ജവാൻ ആണ്. ഇദ്ദേഹത്തിന്റെ പേര് ചന്ദു ചവാൻ എന്നാണ്. 2016ൽ സർജിക്കൽ സ്ട്രൈക്കിന്റെ രാത്രിയിൽ 37 രാഷ്ട്രീയ റൈഫിൾസിന്റെ ചന്ദു ചവാൻ വഴി തെറ്റി പാകിസ്ഥാൻ അധീനമായ കാശ്മീരിൽ കടന്നു പോയി. പാകിസ്ഥാൻ സൈന്യം ഇദ്ദേഹത്തിനെ പിടികൂടി പിന്നീട് 4 മാസം തടവിൽ വെച്ചു. 4 മാസത്തിന് ശേഷം ചന്ദുവിനെ പാകിസ്ഥാൻ വിട്ടയച്ചു

പിന്നീട് ഇന്ത്യൻ ആർമി കോർട്ടിൽ ചവാൻ തന്റെ പോസ്റ്റ് ആരെയും അറിയിക്കാതെ വിട്ടു പോയി എന്ന കുറ്റം സമ്മതിച്ചു. ഇതിനെ തുടർന്ന് ഇന്ത്യൻ ആർമി കോർട്ട് ചവാനിന് രണ്ട് മാസം തടവും 2 കൊത്തെ പെൻഷനും പിഴയായി ഈടാക്കി എന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

വാർത്ത വായിക്കാൻ - The Hindu | Archived

പിന്നീട് ചന്ദുവും മേലധികാരികൾക്കെതിരെ ഉപദ്രവം ആരോപിച്ച് രാജി വെച്ച് പ്രതിഷേധം ആരംഭിച്ചു. ഈ രണ്ട് ജവാന്മാർ നിലവിൽ ഇന്ത്യൻ ആർമിയിലില്ല. ഇവർ ഇവരുടെ ആവശ്യങ്ങൾക്ക് വേണ്ടി ഇങ്ങനെ പ്രതിഷേധിക്കുക്കയാണ്. ഇവർ ഇത് പോലെയുള്ള യുട്യൂബ് ചാനലുകളിൽ സ്ഥിരമായി അഭിമുഖം കൊടുക്കുന്നതാണ്. ഇത് പോലെയൊരു അഭിമുഖത്തിന്റെ വീഡിയോയുടെ ക്ലിപ്പിംഗ്‌ ആണ് നാം കാണുന്നത്.

നിഗമനം

ഇന്ത്യ-ചൈന അതിർത്തിയിൽ കാവൽ നിൽക്കുന്ന ജവാൻമാർക്ക് ഭക്ഷണം പോലും കിട്ടുന്നില്ല എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോയിൽ കാണുന്ന രണ്ട് ജവാന്മാർ നിലവിൽ ആർമിയിൽ പ്രവർത്തിക്കുന്നില്ല. ചന്ദു ചവാൻ 2019ലും ഹരേന്ദ്ര കുമാർ യാദവ് 2023ൽ സൈന്യത്തിൽ നിന്ന് രാജി വെച്ചിരുന്നു.

Claim Review :   ഇന്ത്യ-ചൈന അതിർത്തിയിൽ കാവൽ നിൽക്കുന്ന ജവാൻമാർക്ക് ഭക്ഷണം പോലും കിട്ടുന്നില്ല എന്ന് ആരോപിക്കുന്ന ജവാൻമാരുടെ വീഡിയോ.
Claimed By :  Social Media User
Fact Check :  MISLEADING