രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനം ഉമ്മന്‍ ചാണ്ടിക്കായി ഒഴിഞ്ഞ് നല്‍കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടോ?

രാഷ്ട്രീയം | Politics

വിവരണം

ചെന്നിത്തല ഭൂലോക പരാജയം.. ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്ന് കോണ്‍ഗ്രസ്.. എന്നാല്‍ താന്‍ പാര്‍ട്ടി വിടുമെന്ന് ചെന്നിത്തല.. കോണ്‍ഗ്രസില്‍ തമ്മില്‍ തല്ല്..  എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. കെകെ കണ്ണൂര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,400ല്‍ അധികം ഷെയറുകളും ഇതുവരെ ലഭിച്ചിട്ടുണ്ട്.

FB PostArchived Link

എന്നാല്‍ പോസ്റ്റില്‍ പ്രചരിക്കുന്നത് പോലെ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം രമേശ് ചെന്നിത്തലയ്ക്ക് പകരം ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവ് ആകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ? ഇതിന്‍റെ പേരില്‍ ചെന്നിത്തല പാര്‍ട്ടി വിടുമെന്ന തീരുമാനം എടുത്തിട്ടുണ്ടോ? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെയുള്ള ആരോപണങ്ങളെ കുറിച്ചുള്ള വസ്‌തുത അറിയാന്‍ ‍ഞങ്ങളുടെ പ്രതിനിധി ചെന്നത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായ സുമോദുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെ-

സമൂഹമാധ്യമങ്ങളിലെ പ്രചരണം അടിസ്ഥാന രഹിതവും വ്യാജവുമാണ്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തന്നെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ട് പോകുകയാണ്. പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണയുണ്ട്. രാഷ്ട്രീയപരമായ വൈരാഗ്യത്തിന്‍റെ പേരില്‍ എതിരാളികള്‍ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാന്‍ മനപ്പൂര്‍വ്വം പ്രചരിപ്പിക്കുന്ന വ്യാജ സന്ദേശങ്ങള്‍ മാത്രമാണ് ഇവയെന്നും സുമോദ് വ്യക്തമാക്കി.

നിഗമനം

രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തിയതില്‍ നിന്നും പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് അടിസ്ഥാന രഹിതമാണെന്ന് അനുമാനിക്കാം.

Avatar

Title:രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനം ഉമ്മന്‍ ചാണ്ടിക്കായി ഒഴിഞ്ഞ് നല്‍കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടോ?

Fact Check By: Dewin Carlos 

Result: False