അമിത് ഷായ്ക്കെതിരെ എല്‍‌കെ അദ്വാനിയുടെ മകള്‍ പ്രതിഭാ അദ്വാനി മല്‍സരിക്കുമെന്ന് വ്യാജ പ്രചരണം…

രാഷ്ട്രീയം | Politics

തെരെഞ്ഞെടുപ്പ് തിയതികളുടെ പ്രഖ്യാപനം വന്നെങ്കിലും പലയിടത്തും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ല. ഇതിനിടെ ഗുജറാത്ത് ഗാന്ധിനഗറിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി എല്‍‌കെ അദ്വാനിയുടെ മകളാണെന്ന് ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.  

പ്രചരണം 

എല്‍‌കെ അദ്വാനിയും മകള്‍ പ്രതിഭാ അദ്വാനിയും ഒന്നിച്ചുള്ള ചിത്രത്തോടൊപ്പം “അധ്വാനിക്ക് ഒപ്പമുള്ള ഫോട്ടോയിൽ അധ്വാനിയുടെ മകൾ പ്രതിഭ ആണ്.. ഇവർ അധ്വാനി മത്സരിച്ചിരുന്ന ഗാന്ധി നഗറിൽ നിന്ന്‌ കോൺഗ്രസ് ടിക്കറ്റിൽ അമിത് ഷാ യ്ക്കെതിരെ മത്സരിക്കുകയാണ്.. ഇതിലും വലുതാണോ പദ്മജ. ??😛 .”  എന്ന വാചകങ്ങള്‍ ചേര്‍ത്താണ് പ്രചരണം നടത്തുന്നത്. 

FB postarchived link

അതായത് ഗുജറാത്ത് ഗാന്ധിനഗറില്‍ അമിത് ഷായ്ക്കെതിരെ മുതിര്‍ന്ന ബി‌ജെ‌പി നേതാവായ എല്‍‌കെ അദ്വാനിയുടെ മകള്‍ പ്രതിഭാ അദ്വാനി കോണ്‍ഗ്രസ്സ് പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിക്കുന്നു എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്.

എന്നാല്‍ പൂര്‍ണ്ണമായും വ്യാജ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങള്‍ മാധ്യമങ്ങളില്‍ തിരഞ്ഞെങ്കിലും ഇങ്ങനെ ഒരു വാര്‍ത്ത കണ്ടെത്താനായില്ല. ബി‌ജെ‌പിയുടെ ശക്തനായ നേതാവായ അമിത് ഷായ്ക്കെതിരെ ബി‌ജെ‌പിയുടെ മുതിര്‍ന്ന നേതാവ് എല്‍‌കെ അദ്വാനിയുടെ മകള്‍ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചാല്‍ ആ വാര്‍ത്തയ്ക്ക് മാധ്യമ ശ്രദ്ധ ലഭിക്കുമായിരുന്നു. ഒരു മാധ്യമങ്ങളിലും ഇങ്ങനെ വാര്‍ത്തയില്ല. അതിനാല്‍ ഞങ്ങള്‍ പ്രചരണത്തിന്‍റെ വസ്തുത അറിയാന്‍ ആദ്യം ഞങ്ങളുടെ ഗുജറാത്ത് ടീമുമായി ബന്ധപ്പെട്ടു. ഇത് വ്യാജ പ്രചരണമാണെന്നും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ഇന്ദിര പട്ടേലിനാണ്  ഗാന്ധിനഗര്‍ സ്ഥാനാര്‍ത്ഥി സാധ്യത എന്നും അവര്‍ വിശദമാക്കി. 

തുടര്‍ന്ന് ഞങ്ങള്‍ എ‌ഐ‌സി‌സിയുടെ ഗുജറാത്ത് ചുമതലയുടെ സെക്രട്ടറി ബി‌എം സന്ദീപ് കുമാറുമായി സംസാരിച്ചു. അദ്ദേഹം അറിയിച്ചത് ഇങ്ങനെയാണ്: “കോണ്‍ഗ്രസ്സ് ഗാന്ധിനഗര്‍ ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രതിഭാ അദ്വാനി ആണെന്നത് പൂര്‍ണ്ണമായും വ്യാജ പ്രചരണമാണ്. യഥാര്‍ത്ഥത്തില്‍ ഗാന്ധിനഗര്‍ സീറ്റില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ല. ഒരിക്കലും പ്രതിഭാ അദ്വാനി ആയിരിക്കില്ല അവിടുത്തെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി. മാധ്യമങ്ങള്‍ അവരുടെ ഇഷ്ടപ്രകാരം ഓരോരോ പേരുകള്‍ പറയുന്നതില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് യഥാര്‍ത്ഥത്തില്‍ ഒരു പങ്കുമില്ല.

കൂടാതെ ഞങ്ങള്‍ പ്രതിഭാ അദ്വാനിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് അറിയാനായി ബി‌ജെ‌പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനുമായി സംസാരിച്ചു. “പ്രതിഭാ അദ്വാനി കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മല്‍സരിക്കുന്നു എന്നത് വ്യാജ പ്രചരണം മാത്രമാണ്. പ്രത്യേകിച്ച് അമിത് ഷായ്ക്കെതിരെ പ്രതിഭാ അദ്വാനി മല്‍സരിക്കുന്നു എന്നൊക്കെ വ്യാജ പ്രചരണം നടത്തുന്നത് തെരെഞ്ഞെടുപ്പ് സമയത്ത് ബി‌ജെ‌പിയെ ഇകഴ്ത്താനുള്ള ഗൂഡാലോചന മാത്രമാണ്.” 

നിഗമനം 

അമിത് ഷായ്ക്കെതിരെ ഗുജറാത്ത് ഗാന്ധിനഗറില്‍ മുതിര്‍ന്ന ബി‌ജെ‌പി നേതാവ് എല്‍‌കെ അദ്വാനിയുടെ മകള്‍ പ്രതിഭാ അദ്വാനി മല്‍സരിക്കുമെന്നത് വ്യാജ പ്രചരണം മാത്രമാണ്. കോണ്‍ഗ്രസ്സ്-ബി‌ജെ‌പി നേതാക്കള്‍ ഇക്കാര്യം ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:അമിത് ഷായ്ക്കെതിരെ എല്‍‌കെ അദ്വാനിയുടെ മകള്‍ പ്രതിഭാ അദ്വാനി മല്‍സരിക്കുമെന്ന് വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False